Malayalam Short Story| ആണുകാണല്‍, അച്ചു വിപിന്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  അച്ചു വിപിന്‍ എഴുതിയ ചെറുകഥ


 

chilla malayalam short story by Achu Vipin

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
chilla malayalam short story by Achu Vipin
 

എനിക്കിന്ന് സന്തോഷത്തിന്റെ ദിവസമാണ്. കാരണം പതിവിന് വിപരീതമായി, വിവാഹത്തിന് മുമ്പേ, ഒരുവള്‍  അവളെ ആലോചിച്ചു വന്ന ചെറുക്കന്റെ വീട് കാണാന്‍ പോകുകയാണ്.

അലമാരയില്‍ നിന്നുo എനിക്കേറ്റവും ഇഷ്ടപ്പെട്ട നീല ചുരിദാര്‍ തന്നെ സെലക്ട് ചെയ്തിട്ടു. അതിന് മാച്ച് ചെയ്യുന്ന കമ്മലും മാലയും പൊട്ടുമൊക്കെ അണിഞ്ഞു. കണ്ണാടിയില്‍ നോക്കി ഞാന്‍ എന്നോട് തന്നെ പറഞ്ഞു-ഇത് മതി.

സമയം ഒട്ടും പാഴാക്കാതെ ഹാളിലേക്ക് ചെന്നു. അപ്പനും അമ്മയും ചാച്ചനുമൊക്കെ എന്നെ പ്രതീക്ഷിച്ചിരിക്കുന്നു. എന്നെ കണ്ടതും അപ്പന്റെ മുഖം വിടര്‍ന്നു. ആഹാ,  ഇന്നെന്റെ കൊച്ചിന്റെ മുഖത്തൊരു തെളിച്ചോക്കെയുണ്ട് കേട്ടോ. 

ഞാന്‍ ഓടിപ്പോയി അപ്പന്റെ സൈഡിലായി മുന്‍ സീറ്റില്‍ തന്നെ സ്ഥാനം പിടിച്ചു, കാരണം  ചെറുക്കന്റെ വീട്ടില്‍ ചെല്ലുമ്പോ എനിക്ക് സിനിമ സ്‌റ്റൈലില്‍ ഇറങ്ങാന്‍ ഉള്ളതല്ലെ.

ആ രംഗം ഞാന്‍ മനസ്സില്‍ കണ്ടു.

സാധാരണ എല്ലാവരും പെണ്ണിന്റെ വീട് കാണാന്‍ വരുമ്പോള്‍ ഇവിടെ എനിക്ക് വിവാഹത്തിന് മുന്‍പൊരു ചെറുക്കന്റെ വീട് കാണാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നു. ഇതൊക്കെ ആണ് മോളെ യോഗം, എത്രയും പെട്ടെന്ന് അവിടെ എത്തിപ്പെടാനെന്റെ മനസ്സ് കൊതിച്ചു കൊണ്ടിരുന്നു.

ഒന്നര മണിക്കൂറത്തെ യാത്രക്ക് ശേഷം റബ്ബര്‍ തോട്ടത്തിന്റെ നടുക്കുള്ള ഒരു വീടിന്റെ മുന്നിലായി അപ്പന്‍ കാറുകൊണ്ടുപോയി നിര്‍ത്തി.

'ഇതാണ് പയ്യന്റെ വീട്'-അപ്പന്‍ എന്റെ നേരെ നോക്കിക്കൊണ്ടു പറഞ്ഞു.

കാറില്‍ നിന്നും സിനിമ സ്‌റ്റൈലില്‍ ഞാന്‍ ഇറങ്ങിയെങ്കിലും പ്രതീക്ഷിച്ച പോലെ അത് കാണാനുള്ള ആള്‍ക്കൂട്ടം അവിടെ ഇല്ലാഞ്ഞതെന്നെ നിരാശപ്പെടുത്തി.

വണ്ടിയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഞാന്‍ ചുറ്റുപാടൊക്കെയൊന്നു  കണ്ണോടിച്ചു. മൊത്തം ഒരു പച്ചപ്പും ഹരിതാഭയും.

ശ്..ശൂ!

'എടി ആന്‍സിക്കൊച്ചേ,ഈ വീട് വാര്‍ക്കയാണെങ്കിലും നമ്മടെ വീടിന്റെ അത്ര വലുതൊന്നുമല്ലട്ടൊ, വല്യ സമ്പത്തൊന്നും ഇല്ലാത്ത കൂട്ടരാണെന്ന് തോന്നുന്നു, ദേ ആ മുറ്റത്തോട്ടു നോക്കിയേ  റബ്ബറിന്റെ ഇല അടിച്ചു വാരി നിന്റെ നടുവൊടിയും. നമുക്കീ ബന്ധം ചേരുമെന്ന് തോന്നുന്നില്ല, വാ അവരിറങ്ങി വരുന്നതിനു മുന്നേ നമുക്ക് തിരിച്ചു പോവാം'-അമ്മച്ചി എന്റെ ചെവിയില്‍ സ്വകാര്യത്തില്‍ പറഞ്ഞു.

'ഹോ! ഒന്നു മിണ്ടാതിരിയമ്മേ ആദ്യം ഇവിടെയുള്ള ആളുകളെയൊക്കെയൊന്നു കാണട്ടെ എന്നിട്ട് നമുക്ക് തീരുമാനിക്കാം'- ഞാന്‍ മറുപടി പറഞ്ഞു.

അല്പം കഴിഞ്ഞപ്പോള്‍ പ്രായമായ ഒരു മനുഷ്യന്‍ പുറത്തേക്കിറങ്ങി വന്നു അയാളുടെ പുറകിലായി സാരിയുടുത്ത ഒരു സ്ത്രീ.

'വന്ന കാലില്‍ നില്‍ക്കാതെ ഇങ്ങ് കയറി വരൂ,  വീട് കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടിയോ?'- പ്രായമായ മനുഷ്യന്‍ ഞങ്ങളോടായി ചോദിച്ചു.

'ഏയ് ഇല്ല, വര്‍ഗീസ് മാഷിന്റെ വീട് ചോദിച്ചപ്പഴേ കവലയില്‍ നിന്നവര്‍ കൃത്യമായി വഴി പറഞ്ഞു തന്നിരുന്നു'-അപ്പന്‍ ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു.

ഞങ്ങള്‍ വീടിന്റെ അകത്തേക്ക് കയറി.

ഞാന്‍ മാത്രം ഇരിക്കാന്‍ മടിച്ചവിടെ തന്നെ ഒരു സൈഡില്‍ നിന്നു.

വാ മോളെ, എന്തിനാ അവിടെ നില്‍ക്കുന്നത്? മോളിങ്ങിരിക്കൂ'- സാരിയുടുത്ത സ്ത്രീയെന്റെ കൈ പിടിച്ച് ഒരു കസേരയിലിരുത്തിയ ശേഷം ചായയെടുക്കാമെന്ന് പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി.

അവരു പോയ ശേഷം അകത്തെ ഹാളില്‍ ഞങ്ങടെ കൂടെയിരുന്നയാള്‍ പറഞ്ഞു തുടങ്ങി,

'അതേയ് ഞാന്‍ വര്‍ഗീസ്, ഈ വീടിന്റെ ഗൃഹ നാഥനാണ്, ഇപ്പൊ അങ്ങോട്ട് പോയത് എന്റെ ഭാര്യ ലീന. ഞങ്ങള്‍ രണ്ടാളും ഇവിടെ അടുത്തുള്ള ഗവണ്മെന്റ് സ്‌കൂളിലെ അധ്യാപകരാണ്. അവളുടെ വിഷയം മലയാളവും എന്റേത് കണക്കുമാണ് കേട്ടോ.'

'ഞങ്ങള്‍ക്ക് രണ്ടു മക്കളാണ്. മൂത്തവള്‍ ഡെയ്‌സി ഭര്‍ത്താവിന്റെ കൂടെ ബോംബെയിലാണ്. അവരു രണ്ടാളും നേഴ്‌സുമാരാണ്. ഇളയതാണ് ഞങ്ങടെ മോന്‍ ആല്‍ബിന്‍. അവനു കൃഷിവകുപ്പിലാണ് ജോലി. ഞങ്ങള് മൂന്നാളും മാത്രേ ഈ വീട്ടിലുള്ളൂ..'

അപ്പനും അമ്മയും ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ ആ മനുഷ്യന്‍ തുടര്‍ന്നു. 'എനിക്ക് കാര്യം മനസ്സിലായിട്ടോ. നമ്മടെ നാട്ടില്‍ പെണ്ണ് വന്നു ചെറുക്കന്റെ വീട് കാണുന്ന ഏര്‍പ്പാട് ഒന്നുമില്ലെന്നെനിക്കറിയാം. എന്നാലും എന്റെ മോന്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കൊച്ചാരായാലും അവള് ഞങ്ങടെ ചുറ്റുപാടൊക്കെ വന്നു കാണണം എന്നത് ഞങ്ങടെ എല്ലാവരുടെയും ഒരു നിര്‍ബന്ധം ആയിരുന്നു.'

'കല്യാണം കഴിഞ്ഞു വരാന്‍ പോകുന്ന വീട് ആദ്യം കാണേണ്ടത് പെണ്‍കൊച്ചല്ലെ അല്ലാതെ അവളുടെ വീട്ടുകാരല്ലല്ലോ. അവളല്ലെ ഇവിടെ ജീവിക്കുന്നത്. മോനു കല്യാണം ആലോചിച്ചു തുടങ്ങിയതില്‍ പിന്നെ ആദ്യമായി വരുന്ന കൂട്ടര് നിങ്ങളാ'-അയാള്‍ ഒന്നു ചിരിച്ചു.

ഞാന്‍ അമ്മച്ചിയുടെ നേരെ ഒന്നു പാളി നോക്കി. അമ്മച്ചി പുള്ളി പറയുന്നതും കേട്ടു വാ പൊളിച്ചിരിക്കുവാണ്. അപ്പനും ചാച്ചനുമൊക്കെ ഏതാണ്ടാ  അവസ്ഥയിലാണ് കാരണം അവര്‍ക്കിങ്ങനെ ഒരനുഭവം ആദ്യമാണ്, എനിക്കും അങ്ങനെ തന്നെ ആയിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ അകത്തേക്ക് പോയ സ്ത്രീ ചായയുമായി ഹാളിലേക്ക് വന്നു. 'നിങ്ങള് ചായ കുടിക്കു ഞാന്‍ മോനെ വിളിക്കാട്ടൊ'

'ടാ മോനെ, ഇങ്ങോട്ടൊന്നു വന്നേടാ'- അവരകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.

എല്ലാവരുടെയും കണ്ണുകള്‍ ഒരേ ദിശയിലേക്ക് തന്നെ പാഞ്ഞു. അല്‍പo കഴിഞ്ഞപ്പോള്‍ സുമുഖനായ ഒരു ചെറുപ്പക്കാരന്‍ ഒരു ചെറു പുഞ്ചിരിയോടെ അങ്ങോട്ടേക്ക് കടന്നു വന്ന ശേഷം എന്റെ അരികിലായി വന്നിരുന്നു.

ഞാനയാളെ ഒന്നേ നോക്കിയുള്ളു.

'ഹായ്, ഞാന്‍ ആല്‍ബിന്‍'- അയാള്‍ എല്ലാവര്‍ക്കുമായി സ്വയം പരിചയപ്പെടുത്തി.

എന്റെ നെഞ്ചിടിപ്പ് കൂടി. അയാളെ ഒരിക്കല്‍ കൂടി മുഖമുയര്‍ത്തി നോക്കാനാത്ത വിധം ഞാനിരുന്നു വിയര്‍ത്തു.

'മോളെ ഈ വീടൊക്കെയൊന്നു കാണിച്ചു കൊടുക്കടാ മോനെ. നിങ്ങള്‍ക്കെന്തേലും സംസാരിക്കാന്‍ ഉണ്ടെങ്കില്‍ ആവേം ചെയ്യാം'-സാരിയുടുത്ത സ്ത്രീ അയാളെ നോക്കിയ ശേഷം പറഞ്ഞു.

ഞാന്‍ അപ്പന്റെ നേരെയൊന്നു നോക്കി. പൊക്കോ എന്ന അര്‍ത്ഥത്തില്‍ അപ്പനൊന്നു ചിരിച്ചു.

ഞാനാ ചെറുപ്പക്കാരന്റെയൊപ്പം അകത്തേക്ക് നടന്നു.

മൂന്നു മുറിയും അടുക്കളയും ഉള്ളൊരു ചെറിയ വീടായിടുന്നു അത്. ഓരോ മുറിയും വളരെ ഭംഗിയായിട്ടാണ് അടുക്കി വെച്ചിരുന്നത്. ചെറിയ അടുക്കള ആയിരുന്നെങ്കിലും എല്ലാ സൗകര്യവും അതില്‍ ഉണ്ടായിരുന്നു.

ഞങ്ങള്‍ വീടിന്റെ പുറകു വശത്തേക്ക് നടന്നു. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം തന്നെ വീടിന്റെ പുറകിലെ പറമ്പില്‍ തന്നെ നട്ടിരുന്നു. ചക്കയും,മാങ്ങയും, പേരക്കയുമെല്ലാം മരത്തില്‍ തിങ്ങി നിറഞ്ഞു.

കൂട്ടിലിട്ട മുയലിനെയും പറമ്പിലൂടെ ഓടി നടന്ന ടര്‍ക്കി കോഴികളെയും താറാവിനെയുമൊക്കെ ഞാന്‍ കണ്ണെടുക്കാതെ നോക്കി നിന്നു. കാരണം എന്റെ വീട്ടില്‍ ആ വക സാധനങ്ങളൊന്നുമില്ലായിരുന്നു.

ആല്‍ബിന്‍ ഓരോന്നെന്നെ കാണിച്ചു തരുമ്പോളെല്ലാം കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളെ കാണുന്ന ആവേശത്തോടെ അതെല്ലാം ഞാന്‍ നോക്കി നിന്നു.

എത്ര മനോഹരമായിട്ടാണയാള്‍ സംസാരിക്കുന്നതെന്നു ഞാനോര്‍ത്തു.

കുറച്ച് കഴിഞ്ഞപ്പോള്‍ എന്നോടെന്തെങ്കിലും പറയാനായയാള്‍ ആവശ്യപ്പെട്ടു.

'അത് പിന്നെ ഞാന്‍, ഞാന്‍ എന്താണ് നിങ്ങളെ വിളിക്കേണ്ടത്?'-ഞാനയാളോട് ചോദിച്ചു.

'ആല്‍ബിന്‍ എന്ന് വിളിച്ചോളൂ, കൂടുതല്‍ അടുപ്പമുള്ളവര്‍ ആല്‍ബി എന്ന് വിളിക്കും. ആന്‍സിക്ക് ഇഷ്ടമുള്ളതെന്നെ വിളിക്കാം.' 

'ഓക്കേ ആല്‍ബിന്‍, ഞാന്‍ ഒന്നു ചോദിച്ചോട്ടെ നിങ്ങള്‍ കല്യാണം കഴിക്കുന്ന വ്യക്തി എങ്ങനെ ആവണമെന്നാണ് നിങ്ങടെ ആഗ്രഹം. എനിക്കീ പാചകമൊന്നും സത്യായിട്ടും അറിയില്ല, അതാണ് ചോദിച്ചത്. കോട്ടയംകാരനായ നിങ്ങള്‍ക്ക് നല്ല മീന്‍ കറി ഒന്നും ഉണ്ടാക്കി തരാന്‍ എനിക്ക് ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല'-അതാണ് ചോദിച്ചത്.

ഹ ഹ ഹ, അതൊരു നല്ല ചോദ്യമാണ് അയാളൊന്നു ചിരിച്ച ശേഷം തുടര്‍ന്നു.

'ആന്‍സി, ഞാന്‍ കല്യാണം കഴിക്കുന്ന പെണ്ണ് സ്വന്തമായി നിലപാടുള്ള സ്ത്രീ ആയിരിക്കണം. മാത്രമല്ല അവള്‍ എല്ലാത്തിനും എന്നെ മാത്രം ആശ്രയിക്കാതെ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ കെല്‍പ്പുള്ളവള്‍ ആയിരിക്കണം. പിന്നെ ഞാന്‍ കല്യാണം കഴിക്കുന്ന സ്ത്രീക്ക് പാചകം അറിയണമെന്നെനിക്കൊരു നിര്‍ബന്ധവുമില്ല. അത്യാവശ്യം മീന്‍കറി വെച്ചുണ്ടാക്കാനൊക്കെ എനിക്കറിയാട്ടൊ'

'ആന്‍സിയും പാചകം കുറച്ചൊക്കെ പഠിച്ചു വെച്ചോളൂ. എന്നെയെന്നല്ല ആരെ കല്യാണം കഴിച്ചാലും ആരും വീട്ടില്‍ ഇല്ലാത്ത  അവസരങ്ങളില്‍ ആന്‍സിക്കത് പ്രയോജനപ്പെടും. നമ്മള്‍ക്കുള്ള ഭക്ഷണം നമ്മള്‍ ഉണ്ടാക്കുന്നത് ഒരു നല്ല കാര്യമാണ്.'

അല്‍പനേരത്തെ മൗനത്തിന് ശേഷം ഞാന്‍ ചോദിച്ചു, 'അതേയ് എന്നെയാണ് വിവാഹo കഴിക്കുന്നതെങ്കില്‍ സ്ത്രീധനമായിട്ട് ആല്‍ബിന്‍ എന്തേലും പ്രതീക്ഷിക്കുന്നുണ്ടോ? Iഅങ്ങനെ എന്തേലും ഉണ്ടെങ്കില്‍  ഇപ്പൊള്‍ തന്നെ തുറന്നു പറയാട്ടൊ. പിന്നീടതൊരു പ്രോബ്ലം ആകരുതല്ലോ'- ഞാന്‍ അയാളുടെ മറുപടിക്കായി കാതോര്‍ത്തു.

'ആന്‍സിക്കു ജോലി ഉണ്ടോ?'- അയാളെന്നോട് ചോദിച്ചു 

'ഉവ്വ്. ഞാന്‍ എഞ്ചിനീയറിംഗ് കഴിഞ്ഞു, ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നുണ്ട്.'

'ആഹാ! വെരി ഗുഡ്,ആന്‍സി പഠിച്ചിട്ടുണ്ട്, മാത്രമല്ല വരുമാനം കിട്ടുന്ന ഒരു ജോലിയുമുണ്ട്. ഞാന്‍ അത് മാത്രേ നോക്കുന്നുള്ളു.'

'ആന്‍സിയെ ഞാന്‍ വിവാഹം കഴിച്ചാല്‍ ആന്‍സിയുടെ വീട്ടിലല്ല, മറിച്ചു താന്‍ എന്റെ വീട്ടിലാണ് ജീവിക്കുന്നത്. ഒരു പെണ്ണിനെ പോറ്റാനുള്ള ജോലിയും ആരോഗ്യവും എനിക്കുണ്ട് എന്നാണ് എന്റെ വിശ്വാസം.'

എന്റെ വീടും ചുറ്റുപാടും  നേരില്‍ കണ്ടു ബോധ്യപ്പെടാനാണ് ഞാന്‍ വിവാഹം കഴിക്കുന്ന സ്ത്രീ വിവാഹത്തിന് മുന്‍പ് എന്റെ വീട് കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചത്, കാരണം വിവാഹം കഴിച്ചു വന്ന ശേഷം ഒരാള്‍ക്ക് പോലും കുറ്റബോധം തോന്നരുതല്ലോ. മാത്രല്ല വിവാഹചെലവ് എത്രയായാലും അതെല്ലാം രണ്ടു കൂട്ടരും ഒരുപോലെ പങ്കിടണം എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്. എന്താ ശരിയല്ലേ ഞാന്‍ പറഞ്ഞത്?'- അയാളൊന്നു ചിരിച്ചു.

'അതെ... അത് വളരെ ശരിയാണ്'- ഞാനും അയാളുടെ ചിരിയില്‍ പങ്കു ചേര്‍ന്നു.

'എന്നെ നിങ്ങള്‍ക്കിഷ്ടമായോ?'- പെട്ടെന്നായിരുന്നു ഞാനതയാളോട് ചോദിച്ചത്.

'അങ്ങനെ ചോദിച്ചാല്‍ ഞാനിപ്പൊ എന്താ പറയാ ആന്‍സിയെ കാണാന്‍ വല്യ തരക്കേടില്ല. പഠിപ്പുണ്ട്. അതൊക്കെ വെച്ച് നോക്കുമ്പോള്‍ ആന്‍സിയെ ഇഷ്ടപ്പെടാതെ ഇരിക്കാനുള്ള ഒരു കാരണവും ഞാന്‍ കാണുന്നില്ല..'

'ഞാന്‍ തിരിച്ചൊന്നു ചോദിക്കട്ടെ തനിക്കെന്നെ ഇഷ്ടമായോ? മറുപടി ഇപ്പൊ ധൃതി പിടിച്ചു പറയണ്ടട്ടൊ, വീട്ടില്‍ ചെന്ന ശേഷം അപ്പനും അമ്മയുമൊക്കെ ആയിട്ടിരുന്നു ആലോചിച്ചു സാവകാശം പറഞ്ഞാല്‍ മതി.'

'ആം' ഞാനൊന്നു മൂളിയ ശേഷമായാളോട് പറഞ്ഞു. 'വരൂ നമുക്ക് പോകാം അവരവിടെ നമുക്കായി കാത്തിരിക്കുന്നുണ്ടാകും.'

ശരിയെന്ന അര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി.

ഞാന്‍ അപ്പനുമമ്മയും ഇരിക്കുന്നിടത്തേക്ക് അയാളോടൊപ്പം നടന്നു.

തിരിച്ചു ചെല്ലുമ്പോള്‍ അവരെല്ലാവരും എന്തോ പറഞ്ഞു ചിരിക്കുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത്. ഒരുപാടു നാളത്തെ പരിചയമുള്ള പോലുയുള്ള അവരുടെ പെരുമാറ്റം എന്നിലും സന്തോഷമുണ്ടാക്കി.

'ആ മോളു വന്നല്ലോ'-എന്നെ കണ്ടതും അപ്പന്‍ പറഞ്ഞു.

'എന്നാല്‍ ഞങ്ങളക്കിറങ്ങുവാ മാഷേ'- അപ്പനാ മനുഷ്യന്റെ കയ്യില്‍ മുറുക്കെ പിടിച്ചു.

'ആയിക്കോട്ടെ ബെന്നി, നിങ്ങടെ അഭിപ്രായം എന്താന്നു വെച്ചാല്‍ എല്ലാരും കൂടി ആലോചിച്ചിട്ട് ഇന്ന് തന്നെ വിളിച്ചു പറയണേ.'

അയാള്‍ തന്റെ മകന്റെ നമ്പര്‍ ഒരു കടലാസില്‍ എഴുതി അപ്പന് നേരെ നീട്ടി. അപ്പനത് മേടിച്ചു പോക്കറ്റലിട്ടു.

എല്ലാവരോടും യാത്ര പറഞ്ഞ ശേഷം ഞങ്ങളവിടെ നിന്നുമിറങ്ങി.

പോരുമ്പോള്‍ ആ വീട്ടിലെ അമ്മച്ചിയുടെ സ്‌നേഹം കാറിന്റെ ഡിക്കിയിലെ ചക്കയുടെയും, കപ്പയുടെയും, പേരക്കയുടെയുമൊക്കെ രൂപത്തിലിരിക്കുന്നുണ്ടായിരുന്നു.


വണ്ടിയിലിരുന്നു അപ്പനുമ്മയും ചാച്ചനുമൊക്കെ അവരെ കുറിച്ച് വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. സത്യം പറഞ്ഞ എന്റെ മനസ്സ് മുഴുവനും ആ വീടും അതിന്റെ സൈഡിലായി എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ടിരിക്കുന്ന ആ ചെറുപ്പക്കാരനുമായിരുന്നു.

'എടീ മോളെ നിനക്കാ പയ്യനെ ഇഷ്ടായോടീ?'- മുന്നിലിരിക്കുന്ന എന്നെ  ഒന്നു ഞോണ്ടിക്കൊണ്ട് അമ്മച്ചി ചോദിച്ചു.

ഞാന്‍ ഞെട്ടി ഒന്നു ചിരിച്ചതല്ലാതെ  മറുപടിയൊന്നും പറഞ്ഞില്ല...

'അവള്‍ക്കിഷ്ടമാകുമെടി മേരി. ആകാതെ തരമില്ലല്ലോ. എന്റെ ആന്‍സിമോള് ആ വീട്ടില്‍  സന്തോഷമായിട്ടിരിക്കും എന്ന് അപ്പനുറപ്പുണ്ട്. സമ്പത്തൊക്കെ നമ്മടെ അത്രേമില്ലെങ്കിലും അവരൊക്കെ നല്ല മനുഷ്യരാ...'

'അതെ സ്വന്തം മോള്‍ടെ സന്തോഷമല്ലെ എല്ലാ അപ്പനുമമ്മയും ആഗ്രഹിക്കുള്ളു. ആ സന്തോഷം നമ്മടെ മോള്‍ക്കാ വീട്ടില്‍ കിട്ടും ബെന്നിച്ചായാ'-അമ്മച്ചിയും അപ്പനെ പിന്താങ്ങി.

'എന്നാ പിന്നെ നമുക്കവരോട് നാളെ തന്നെ വീട്ടിലേക്ക് വരാന്‍ പറയാം. അധികം വെച്ച് താമസിപ്പിക്കാതെ ഇതങ്ങു നടത്താo അല്ലിയോടീ മേരി'-ചാച്ചന്‍ ആണത് പറഞ്ഞത്.

അതെ എന്ന അര്‍ത്ഥത്തില്‍ അമ്മച്ചി തലകുലുക്കി. മൊത്തത്തില്‍ എല്ലാര്‍ക്കും ഈ ബന്ധത്തില്‍ വല്യ താല്പര്യം ആയിരുന്നു എന്ന് സാരം.

വീട്ടില്‍ ചെന്ന ശേഷം കുറെയിരുന്നു ഞാന്‍ അതിനെ പറ്റി ആലോച്ചോചിച്ചു. രാത്രിയായപ്പോള്‍ ഞാന്‍ അപ്പന്റെ മേശയില്‍ നിന്നും ആല്‍ബിന്റെ നമ്പറെടുത്തു മൊബൈലില്‍ സേവ് ചെയ്ത ശേഷം വാട്‌സപ് ഓപ്പണ്‍ ചെയ്തു. 

'ഹായ് ഇത് ഞാനാ ആന്‍സി' എന്നൊരു മെസ്സേജയച്ചു.

അല്പം കഴിഞ്ഞപ്പോള്‍ 'ഹായ്' എന്നൊരു റിപ്ലൈ വന്നു..

ഞാന്‍ അയാള്‍ക്കുള്ള മറുപടിക്കായി പരതി.

എന്റെ മറുപടി കാണാഞ്ഞതിലാവണം കുറച്ച് കഴിഞ്ഞപ്പോള്‍ 'എന്തായി തീരുമാനം' എന്ന് ചോദിച്ചു കൊണ്ടു വീണ്ടും അടുത്ത മെസേജ് വന്നു.

ഞാനയാള്‍ക്കുള്ള മെസേജ് ടൈപ് ചെയ്തു.

'ആല്‍ബി, ഞാനിയാളെ ഇനി മുതലിങ്ങനെ വിളിക്കട്ടെ? അടുപ്പമുള്ളവരൊക്കെ നിങ്ങളെ അങ്ങനെയല്ലെ വിളിക്കുന്നത്.ആ കൂട്ടത്തിലേക്കു ഇനി എന്നെയും കൂട്ടിക്കോളൂ.  അതേയ് എനിക്ക് ആല്‍ബിയെ ഒരുപാട് ഇഷ്ടമായി, ഇയാളുടെ കൂടെ ഞാന്‍ സന്തോഷമായി ഇരിക്കുമെന്ന കാര്യത്തില്‍ എനിക്കൊരു സംശയവും ഇല്ല. നിങ്ങളെ പോലെ നല്ലൊരു മകനെ വളര്‍ത്തി വലുതാക്കി, ഒരു പെണ്ണിനെ ബഹുമാനിക്കാനും, അവളുടെ വ്യക്തിത്വം തിരിച്ചറിയാനും പ്രാപ്തനാക്കിയ ആ അപ്പനോടും അമ്മയോടുമാണ് ഞാന്‍ നന്ദി പറയുന്നത്. എത്രയും പെട്ടെന്ന് തന്നെ ആല്‍ബിയുടെ വീട്ടിലേക്കു വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു അതുകൊണ്ട് ഇയാളുടെ  അപ്പനെയും അമ്മയെയും കൂട്ടി വേഗം എന്റെ വീട്ടിലേക്ക് വന്നോളൂ...'

Latest Videos
Follow Us:
Download App:
  • android
  • ios