Malayalam Short Story : രാമേട്ടന്‍, അബ്ദുല്‍ ജബ്ബാര്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അബ്ദുല്‍ ജബ്ബാര്‍ എഴുതിയ ചെറുകഥ

chilla malayalam short story by Abdul jabbar

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

chilla malayalam short story by Abdul jabbar

 

ചോരപൊടിയുന്ന പൊക്കിള്‍ കൊടിയോടെ  വെള്ളത്തുണിയില്‍ പൊതിഞ്ഞു കൂട്ടിപ്പിടിച്ചു ചിരുത കോലായില്‍ കൊണ്ട് വന്നു ചിരിച്ചു കൊണ്ട് കോരനോടു  പറഞ്ഞു.

''നീ ഭാഗ്യോള്ളോനാ കോരാ, ആണാണ്. നല്ല സമയം, നല്ല നക്ഷത്രം.  നിന്നെ പോലെ തടിയനാ. ചെക്കന്‍ പൊറത്തു  വെരൂല. പിന്നെ കഷ്ടപെട്ടു പൊറത്തെടുത്തതാ.''

റാന്തല്‍ വിളക്കിന്റെ തിരി നീട്ടി കോരന്‍ കുഞ്ഞിനെ സൂക്ഷിച്ചു നോക്കി. എടുക്കാന്‍ കൈനീട്ടിയപ്പോള്‍ ചിരുത തടഞ്ഞു.

''ഒന്ന് നനച്ചോടക്കട്ടെ. നീയൊന്നു കണ്ടോട്ട് എന്ന് വിചാരിച്ചു കൊണ്ടന്നതാ.''

ചിരുതയുടെ കയ്യിലിരുന്ന അവന്‍ പുളഞ്ഞു മാറി കണ്ണിറുക്കിയത് പോലെ തോന്നി കോരന്.

ഇന്നിനി തെങ്ങു കയറാന്‍ വയ്യ . ഇന്നത്തെ കാര്യം നാരായണനോട് നോക്കാന്‍ പറയാം. പെങ്ങള്‍ ജാനു വന്നത് സമാധാനം.

ഒക്കെ കോട്ടത്തമ്മയുടെ കരുണാ കടാക്ഷം. ഉള്ളിലെവിടെയോ ആനന്ദം നുരഞ്ഞു പതഞ്ഞു അറിയാതെയുറഞ്ഞു വന്ന ചെറു പുഞ്ചിരിയോടെ മാധവി കിടക്കുന്നിടത്തെ ലക്ഷ്യമാക്കി കണ്ണയച്ചു.

പനമ്പായില്‍ തുണി പിരിച്ചു എണ്ണമയം പറ്റിപ്പിടിച്ചു കറുത്ത തലയിണയില്‍ നിന്ന് നീണ്ടു വരുന്ന കണ്ണുകളിലെ തിളക്കം കോരന് കാണാമായിരുന്നു.

ഒരു മണിക്കൂറെങ്കിലും കഴിഞ്ഞാണ് ചിരുത പുറത്തേക്കു വന്നത്.

'നീ ചാടിക്കേറി അയിനെ എടുക്കാന്‍ നോക്കണ്ട കോര. ചോര പൈതലാ. നിന്റെ തയമ്പു കൊണ്ട് അയിന്റെ മേത്തെ തോല് പൊളിഞ്ഞു പോണ്ട.'

അല്പം വിഷമത്തോടെയാണെങ്കിലും അഭിമാനത്തോടെ തന്നെ കോരന്‍ തെങ്ങു കയറി തടിച്ചു വീര്‍ത്ത തന്റെ കൈത്തഴമ്പുകള്‍ ചേര്‍ത്ത് തിരുമ്മി.

ദിവസങ്ങളായി ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്. പേറെടുക്കുന്ന ചിരുതയുടെ കണക്കനുസരിച്ചു ഇനിയും പത്തു പതിനഞ്ചു ദിവസം കഴിയണം. ഒറ്റക്കായതിനു ശേഷം അവള്‍ക്കു വേവലാതിയാണ്. ഇരുപതു വര്‍ഷം കാത്തിരുന്നു കിട്ടിയതാണ് ഒരു കനിയെ.  പെങ്ങള്‍ ജാനകി കുറച്ചു മാറി താമസമുള്ളതാണ് ആശ്വാസം. അവള്‍ക്കു ഞാനുണ്ടാകുമെന്ന ഉറപ്പു പാലിക്കാന്‍ കഴിയാതെ അമ്മയുടെ പെട്ടെന്നുള്ള വേര്‍പാട് എന്നേക്കാള്‍ കൂടുതല്‍ വിഷമിപ്പിച്ചത് മാധവിയെയാണ്. വൈകിയുണ്ടായത് കൊണ്ട് താലൂക്കാശുപത്രിയില്‍ ചിലപ്പോള്‍ പോകേണ്ടിവരുമോ എന്ന ശങ്ക ഇല്ലാതില്ല. ചിരുതയുടെ ഉറപ്പാണ് സമാധാനം 

'ഇങ്ങനെ എത്ര മക്കളെ എന്റെ കൈയില്‍ വച്ച് തന്നിട്ടുള്ളതാ, കാവിലമ്മ . നീ പേടിക്കാണ്ടിരി കോരാ , ഞാനല്ലേ പറയുന്നത്. ഈ നാട്ടിലുള്ള പേറൊക്കെ ആശുപത്രിയില്‍ പോയിട്ടാ?'

അല്‍പം കഴിഞ്ഞപ്പോള്‍ പെങ്ങള്‍ ജാനു പുറത്തു വന്നു 

'നിങ്ങള്‍ ഏടത്തിയമ്മയുടെ അടുത്ത് കുറച്ചു നേരം ഇരി കോരേട്ടാ. ഞാന്‍ പൊറത്തു വെളളം ചൂടാക്കാന്‍ വെച്ചിട്ടുണ്ട്. നിങ്ങള്‍ താര്‍പ്പായോ ഓലയോ വച്ച് ഒരു കുളിമറ ഒന്ന് ശരിയാക്കാന്‍ നോക്ക്. വൈദ്യരുടെ പീഡിയ തുറന്നാല്‍ കൊറച്ചു എണ്ണയോ കൊയമ്പോ എന്താന്നെച്ച വാങ്ങണം. ഒരു ചന്ദ്രിക സോപ്പും മേണിച്ചോ.'

മാധവിയുടെയും കോരന്റെയും അരുമ മകന്‍ കുഞ്ഞിരാമന്‍ അവരുടെ പ്രതിനിധിയായി ഭൂമിയുടെ മറ്റൊരാവകാശിയായി വളരാന്‍ തുടങ്ങി.

തലയില്‍ ഉറക്കാതെ ചിന്തകളും വയറില്‍ ഒതുങ്ങാത്ത അഗ്‌നിയും പേറി വളര്‍ന്ന കുഞ്ഞിരാമന്‍ അയല്‍പക്കത്തെ മറ്റു കുട്ടികളുമായി ഇടപെടുകയോ കളിക്കുകയോ സംസാരിക്കുകയോ ചെയ്യാന്‍ കഴിഞ്ഞില്ല. അഞ്ചു വയസ്സായിട്ടും വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ കുഞ്ഞിരാമന്‍ നന്നേ പാടുപെട്ടു. വയറു കത്തിക്കാളുമ്പോള്‍  മാത്രം  വയറു തടവി എന്തൊക്കെയോ ഒച്ച വെക്കുന്നത് മാധവിക്കും കുറേശ്ശേ കോരനും മാത്രം മനസ്സിലായി.

ഇടയ്ക്കു വിഷമം കൂടുമ്പോള്‍ കോരന്‍ പറയും 

'എന്നാലും എന്റെ കോട്ടത്തമ്മേ , ആറ്റു നോറ്റു കാത്തിരുന്ന് എനിക്ക് നീ തന്ന സന്തതി എന്തെ ഇങ്ങനെ.'

'ഇങ്ങള്‍ എന്ത് പറച്ചിലായിതു. കോട്ടത്തമ്മ നമ്മളെ പരീക്ഷിച്ചതാ. ഓനെ നമ്മള്‍ എങ്ങിനെ നോക്കുന്നൂണ് കോട്ടത്തമ്മ നോക്കുന്നുണ്ട്.' -സമാധാനിപ്പിച്ചു കൊണ്ട് മാധവി പറയും.

ആറും കഴിഞ്ഞു ഏഴു വയസ്സായപ്പോള്‍ കോരന്‍ കുഞ്ഞിരാമനെയും കൂട്ടി  മൂന്നാലു കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ ചേര്‍ക്കാന്‍ പോയി.

ഹെഡ് മാസ്റ്റര്‍ ശങ്കരന്‍ മാഷ് അല്പം ആശങ്കയോട് കൂടി ഒരു താക്കീതായി പറഞ്ഞു 

'നീ ഇവിടെയാക്കു. ഓന്‍ കൃത്യമായി വെരൂം, എന്തെങ്കിലും തിരിന്നിണ്ടൂനും തോന്നിയാല്‍ പേര് ചേര്‍ക്കാം.'

സങ്കടത്തോടെയാണെങ്കിലും കോരന്‍ എല്ലാ ദിവസവും രാവിലത്തെ ചെത്ത് കഴിഞ്ഞു കുഞ്ഞിരാമനെയും കൂട്ടി സ്‌കൂളില്‍ പോയി തുടങ്ങി. വൈകുന്നേരമാകാന്‍ കാത്തു നില്‍ക്കാതെ മാധവി ഉച്ചക്കുള്ള ഉപ്പുമാവിന്റെ സമയം കഴിയുമ്പോഴേക്കും സ്‌കൂളില്‍ പോയി കൂട്ടുക പതിവായി.

ഒന്ന് രണ്ടു മാസത്തെ പതിവ് തുടരുന്നതിനിടയില്‍ കോരന്‍ ചോദിച്ചു 

'നീയിനി ഒറ്റയ്ക്ക് പോവ്വോ കുഞ്ഞിരാമാ.'

നുരഞ്ഞു പതയുന്ന സന്തോഷത്തോടെ കുഞ്ഞിരാമന്‍ ചിരിച്ചു തലയാട്ടി.

കോരന്റെ ഉറപ്പില്‍ മാധവി വേവലാതി ഒതുക്കിവച്ചു കുഞ്ഞിരാമനെ ഒരുക്കി.

പോകുന്ന വഴിയില്‍ തോട്ടിലെ പരല്‍ മീനുകളോടും പച്ചത്തുള്ളനോടും കാക്കകളോടും കിളികളോടും തെങ്ങുകളോടും പുല്ലുകളോട് എന്തൊക്കെയോ പറയുകയും ചിരിക്കുകയും ചെയ്തു സമയം പോയതറിയാതെ സ്‌കൂളില്‍ എത്തുമ്പോഴേക്കും ഉപ്പ്മാവിന്റെ സമയമാകും. 

പതിവ് തുടര്‍ന്നപ്പോള്‍ ശങ്കരന്‍ മാഷ് ഉറപ്പിച്ചു പറഞ്ഞു. 

'നീയിവനെ അയക്കണ്ട കോരാ, അത് നിങ്ങക്കും  ഞങ്ങക്കും പണിയാകും.'

കരളില്‍ കനല്‍ കോരിയിട്ടു പരാതികളില്ലാതെ മാധവി മകനെ മാറോടു ചേര്‍ത്തുപിടിച്ചു. അവനിഷ്ടപ്പെട്ട ഉണ്ണിയപ്പവും അച്ചപ്പവും ഭരണിയില്‍ നിറച്ചു വിശപ്പിന്റെ വിളിയറിയിക്കാതെ ദിവസങ്ങള്‍ നീങ്ങി.

വൈകുന്നേരത്തെ ചെത്തിനു തെങ്ങില്‍ കയറിയ കോരന്‍ അബദ്ധത്തില്‍ പിടിവിട്ടു താഴേക്ക് വീണു. മാധവിയെയും കുഞ്ഞിരാമനെയും കോട്ടത്തമ്മയെ ഏല്‍പ്പിച്ചു മയിലാട്ടെ ശ്മശാനത്തില്‍ കത്തിയമര്‍ന്നു, മണ്ണിലലിഞ്ഞു.

മകന്റെ വയറില്‍ കത്തിയാളുന്ന അഗ്‌നി അണക്കാന്‍ പാടത്തും പറമ്പിലും വിശ്രമമില്ലാതെ പണിതു തളര്‍ന്നു മാധവി.

തലയില്‍ കടന്നല്‍കൂടിളകി ഇരിക്കപ്പൊറുതിയില്ലാതെ കുഞ്ഞിരാമന്‍ അമ്മയുടെ ദുര്‍ബലമായ അതിരുകാവലുകള്‍ ഭേദിച്ച് ചെമ്മണ്ണ് പാതകളിലൂടെ അലഞ്ഞു. അന്തിയുറങ്ങാന്‍  വീടണയുന്നതും കാത്തു അമ്മ വീട്ടു വഴിയില്‍ കണ്ണിണകള്‍ അഴിച്ചു വച്ച് കാത്തിരുന്നു.

ആ കാത്തിരിപ്പിലൊരുനാള്‍ രാമനെ ഭൂമിക്കും കോട്ടത്തമ്മക്കും വിട്ടുകൊടുത്തു മാധവി, കോരന്‍ അലിഞ്ഞു ചേര്‍ന്ന മണ്ണില്‍ മഴ തിമിര്‍ത്തുപെയ്യുന്ന കര്‍ക്കിടക രാത്രികളില്‍ ഒന്നില്‍ ലയിച്ചില്ലാതായി.


രണ്ട് 

മുഷിഞ്ഞ മാങ്ങാടന്‍ തോര്‍ത്തുമുണ്ട് മാത്രമുടുത്തു ഭൂമിയുടെ ചൂടും ചൂരും സ്പന്ദനങ്ങളും തന്നിലേക്കാവാഹിച്ചെടുക്കാന്‍  തന്റെ നഗ്‌ന പാദങ്ങള്‍ തൊട്ടുതൊടാതെ  കൃത്യമായ ഇടവേളകളില്‍ രാമേട്ടന്‍ മൂസാക്കയുടെ ചായക്കടയില്‍ എത്തും. കടയിലെ തിരക്കൊഴിയുന്നതു വരെ പരാതികളില്ലാതെ കോലായില്‍ നീക്കിയിട്ട ബെഞ്ചിലെ ആളൊഴിഞ്ഞ മൂലത്തില്‍ ഇരിപ്പുറപ്പിക്കും   

രാവിലെ അഞ്ചു മണിക്ക് തുറക്കുന്ന മൂസാക്കയുടെ ചായക്കടയിലെ തിരക്ക് ഒന്‍പതു മണിയോടെ കുറയാന്‍ തുടങ്ങും. കല്ല് വെട്ടു തൊഴിലാളികളും ബീഡി തൊഴിലാളികളും പിന്നെ പ്ലൈവുഡ്, ഓട്ടു കമ്പനി, കോട്ടണ്‍സ് മുതലായ സ്ഥലങ്ങളിലെ തൊഴിലാളികളാണ് സ്ഥിരം പറ്റുകാര്‍. ചായക്കാരന്‍ കുമാരേട്ടന്‍ വായ നിറയെ മുറുക്കി ചുകപ്പിച്ചു ആളുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു നീട്ടി അളന്നു കൊടുക്കും. കാണുമ്പോള്‍ ശരിക്കും മീറ്റര്‍ കണക്കിനാണോ അളവ് എന്ന് കാഴ്ചക്കാര്‍ക്ക് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല. പത്തു പേര് കയറിയാല്‍ അഞ്ചു തരം ചായയായിരിക്കും ഓര്‍ഡര്‍.
 
'കേമാരേട്ടാ, ഒന്ന് വെള്ളം കുറവ്.'
'ഒന്ന് കടുപ്പത്തില്‍ ആയിക്കോട്ടെ.'

'മധുരം കുറച്ചു മതി.'

'കുമാരേട്ടാ , ഒരു ലൈറ്റ് ചായ.'

ഒക്കെ കേട്ട് ചെറു പുഞ്ചിരിയോടെ തലയാട്ടും.

ഓരോരാളുടെയും ഇഷ്ടത്തിനനുസരിച്ചു ഒരേ ചായ തന്നെ വേറെ വേറെ ഗ്ലാസില്‍ ഒഴിക്കും. വെള്ളം കുറവ് വേണ്ടവര്‍ക്കു അല്പം കുറവ്. കടുപ്പം കൂട്ടണമെങ്കില്‍ ചായ പോഞ്ചി ചെക്കിപ്പിടിച്ചു കുറച്ചൊഴിക്കും. മധുരം കുറവ് വേണ്ടവര്‍ക്ക് അല്‍പ്പം വെള്ളം കൂടി ചേര്‍ത്ത് ഒന്ന് കൂടി വീശും. ലൈറ്റ് ചായ ആവശ്യപ്പെട്ടവര്‍ക്കു അല്പം കൂടി പാലൊഴിച്ചു ഒന്ന് വീശും. ഇടയ്ക്കു വായില്‍ നിന്ന് മുറുക്കാന്‍ തുള്ളികള്‍ ചായയില്‍ തെറിക്കും. 

കൂടുതലായാല്‍ ആളുകള്‍ പറയും -കുമാരേട്ടാ, ചായക്ക് ഒരു മസാല ചുവ, അപ്പോഴും കുമാരേട്ടന്‍ ചിരിക്കും.

എന്നും ജോസഫേട്ടന്‍ വരുമ്പോള്‍ തന്നെ പറയും, നീ ആ മുറുക്കാന്‍ തുപ്പിയിട്ടു ഒരു നല്ല ചായയെട്. അപ്പോഴും കുമാരേട്ടന്‍ ചിരിച്ചു ചായ കൊടുക്കും. 

കടയിലെ തിരക്കല്‍പം കുറയുമ്പോള്‍ കുമാരേട്ടന് ഗ്ലാസ് നിറയെ ഒരു ചായ രാമേട്ടന് പതിവാണ് .

പലഹാരങ്ങള്‍ ബാക്കിയുണ്ടെകില്‍ മൂസാക്ക ഒരെണ്ണം എടുത്തു കൊടുക്കും. ഇടയ്ക്കു കടയില്‍ വരുന്നവരും ഇങ്ങനെ പലഹാരങ്ങള്‍ വാങ്ങി കൊടുക്കും. പിന്നെ ഒന്ന് രണ്ടു ബീഡിയും വലിച്ചു  ഉച്ചവരെ കാണും. കോണകത്തിന്റെ നീണ്ട അറ്റം പുറത്തു കാണുമ്പോള്‍ വഴിയേ പോകുന്ന കുട്ടികള്‍ കുട്ടികള്‍ വാപൊത്തി ചിരിക്കുന്നുണ്ടാകും. സ്ഥിരം ഒരു നായയുമുണ്ടാകും കൂട്ടിന്. രാമേട്ടന്‍ ഇരിക്കുന്ന ബെഞ്ചിന് നേരെ മുഖം തിരിച്ചു കടയില്‍ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കൃത്യമായി കാണത്തക്ക രീതിയില്‍ തന്റെ പൗരുഷം വെളിപ്പെടുത്തി രാമേട്ടനെയും നോക്കിയിരിപ്പുണ്ടാകും. പലഹാരം തീരാറാകുമ്പോള്‍ കൃത്യമായി ഒരു കഷ്ണം ബാക്കി വച്ച് രാമേട്ടന്‍ എറിഞ്ഞു കൊടുക്കുന്നത് നിലം തൊടാതെ തന്റെ വായക്കകത്താക്കും. രാമേട്ടന്‍ തിരിച്ചു പോകുമ്പോള്‍  ഒരു കാവലാളായി പുറകെ കൂടും.

കളിച്ചു മദിച്ചു  വൈകീട്ട് വീട്ടിലെത്താന്‍ താമസിച്ചാല്‍ അമ്മമാര്‍ പറയും, നിന്നെ രാമനെക്കൊണ്ട് പിടിപ്പിക്കാന്‍ പറയും. അങ്ങനെ കുട്ടികള്‍ക്ക് രാമേട്ടന്‍ മസിലൊക്കെ പെരുപ്പിച്ചു ഉണ്ടക്കണ്ണുകളും ശക്തമായ കരങ്ങളുമുള്ള ആജാനു ബാഹു. ഉറക്കത്തില്‍ രാമേട്ടനെ സ്വപ്നം കണ്ടു പേടിച്ചു ഉണര്‍ന്നു നിലവിളിക്കുമ്പോളും അമ്മമാര്‍ പറയും, 'വേഗം ഉറങ്ങിക്കോ, ഇല്ലെങ്കില്‍ നിന്നെ രാമനെക്കൊണ്ട് പിടിപ്പിക്കും.' അവര്‍ കണ്ണടച്ച് ഉറങ്ങാതെ കിടന്നോളും.

രാമേട്ടന്റെ സാനിധ്യമില്ലാത്ത ഒരു മംഗള കര്‍മ്മങ്ങളും അന്ന് നടന്നതായി ഓര്‍മ്മയില്ല.  നാട്ടിലെ ഉത്സവങ്ങള്‍, ഉറൂസുകള്‍, മഴയുടെ വരവ്, നടക്കാന്‍ പോകുന്ന വിവാഹങ്ങള്‍, നടക്കാന്‍ പാടില്ലാത്ത വിവാഹങ്ങള്‍ എന്ന് വേണ്ട എന്ത് കാര്യവും അന്വേഷിച്ചോളൂ.  കലണ്ടറുകളിലെ ചതുരക്കള്ളികളില്‍  കുടുങ്ങിക്കിടക്കുന്ന ദിവസങ്ങള്‍  തന്റെ തലച്ചോറിലെ സൂക്ഷ്മ കണങ്ങളില്‍ വിരിയിച്ചെടുത്തു  ഞൊടിയിടയില്‍ പ്രവചിക്കുന്ന പ്രവാചക ശ്രേഷ്ഠന്‍.

'എപ്പഴാ കടമ്പേരി ഉത്സവം രാമാ.' 

'മകരം 12 , തിങ്കളാഴ്ച.'- വേണ്ട കലണ്ടര്‍ നോക്കേണ്ട ആവശ്യമില്ല.

'ഇന്ന് മഴയ്ക്ക് സാധ്യയുണ്ടോ രാമാ.' 

'ഞായറാഴ്ച.'

'ഈ ചെക്കന്റെ കല്യാണം നടക്കുമോ രാമാ.' 

'രണ്ടു കൊല്ലം കഴിഞ്ഞ്.'

ഇടയ്ക്കു ആശാരി കണ്ണന്‍ വന്നാലാണ് കഷ്ടം 

'ഒരു ചായയും രണ്ടു ഉണ്ടക്കായയും എന്റെ വക രാമന്- പക്ഷെ മുണ്ടഴിയുന്നതു വരെ തുള്ളണം.'

രാമേട്ടന്‍ താത്തിലോ, താത്തിലോ, തെയ്യത്ത, തെയ്യത്ത എന്നും പറഞ്ഞുകൊണ്ട് തുള്ളാന്‍ തുടങ്ങും. പെട്ടെന്ന് മുണ്ടഴിഞ്ഞു വീണാല്‍ ഭാഗ്യം.

പാവം തോന്നും.

'എന്തിനാടോ ആ പാവത്തിനെ.'- കുമാരേട്ടന്‍ പറയും.

നിങ്ങള്‍ ഒന്ന് മുണ്ടാണ്ടിരി കുമാരേട്ടാ, രാമന്‍ തുള്ളട്ടെ - ആശാരി കണ്ണന്‍.
 
പിന്നെ പേടിക്കേണ്ടത് മടക്കു മമ്മദാണ്. നടപ്പു അല്പം മടങ്ങിയായതു കൊണ്ടാണ് ആ പേര് വീണത് 
ചൈന ബീഡി ഒരെണ്ണം വച്ച് നീട്ടി പറയും.

'രാമാ- ഇതില്‍ നീ അമ്പതു പുകയൂതണം.'

പുകച്ചു പുകച്ചു എണ്ണം തികക്കുമ്പോഴേക്കും ചുണ്ടു പൊള്ളിയിരിക്കും.

അവര്‍ ആരെങ്കിലും വരുന്നത് കാണുകയാണെങ്കില്‍ കുമാരേട്ടന്‍ രാമേട്ടനെ വിളിച്ച് പറഞ്ഞയക്കും.
ചില നേരങ്ങളില്‍ പരിഹാസം അസാധ്യമാകുമ്പോള്‍ പതഞ്ഞു പൊന്തി വന്ന അമര്‍ഷം കൈക്കുള്ളിലാക്കി   കൂട്ടിത്തിരുമ്മി  ഞെരിച്ചു പല്ലിറുക്കി കക്ഷത്തില്‍ ഒളിപ്പിക്കും. എന്നിട്ടും ശമിക്കാതെ ഒരിക്കല്‍  ഒരുത്തനെ കയറിപ്പിടിച്ചു പൊക്കിയെടുത്തു വീശിയെറിഞ്ഞെന്നും ഒരു കഥയുണ്ട്. നിന്ന നില്‍പ്പില്‍  ആനയുടെ തുമ്പിക്കൈ കണക്കെ കൈകള്‍ നീണ്ടു വരികയായിരുന്നു എന്നാണ് കൈപ്പണിക്കാരി ജാനു നാട്ടിലൊക്കെ പറഞ്ഞു നടന്നത്. ഇനിയും എന്തൊക്കെ കഥകളാണോ നാട്ടില്‍ പാണന്മാര്‍ പാടി നടക്കുന്നത്?

പാതിരാനേരത്തു നീലിയര്‍ കോട്ടത്തെ ഇരുട്ടിലേക്ക് രാമേട്ടന്‍ തന്റെ അന്തിയുറക്കത്തിനായി ഊളിയിട്ടിറങ്ങും. കുറുനരികളും പാമ്പുകളും കൂട്ടത്തിലെ മറ്റു അന്തേവാസികളും ശല്യം ചെയ്യാതിരിക്കാന്‍ കോട്ടത്തമ്മ പുലരുവോളം രാമേട്ടന് കൂട്ടിരിക്കും. വെളുത്ത വാവ് രാത്രികളില്‍ നക്ഷത്രങ്ങളെ കാവല്‍ നിര്‍ത്തി വെള്ളി നൂലുകള്‍  നീലിയര്‍ കോട്ടത്തിലെ മുത്തശ്ശി മരങ്ങളുടെ ചില്ലയില്‍ കൂടി ഊര്‍ന്നിറങ്ങി  കോട്ടത്തമ്മക്ക് വഴിയൊരുക്കും. ഇരുട്ടിന്റെ ആഴങ്ങള്‍ തേടി സഹശയനത്തിനു അഭിസാരികമാരെ അണിയിച്ചൊരുക്കി കറുത്ത തലയുള്ള കുറുക്കന്മാര്‍ രാപ്പാര്‍ക്കാറുണ്ട് കോട്ടത്തില്‍. രാമേട്ടന് കാവലിരിക്കാന്‍ കോട്ടത്തമ്മ വരുന്ന ചിലങ്കയൊച്ച കേട്ട് അകത്താക്കിയ  കശുമാങ്ങ വാറ്റിയെടുത്ത വാറ്റു ചാരായതിന്റെ വീര്യം ചോര്‍ന്നു സ്ഥലം സ്ഥലം വിട്ടോടി പോകും.


മൂന്ന് 

പതിവ് പോലെ അന്തിയുറക്കത്തിന് അന്നും രാമേട്ടന്‍ കോട്ടത്തമ്മയുടെ വിളികേട്ടു പോയതാണ്. കശുമാങ്ങച്ചാര്‍ വറ്റിച്ചെടുത്തു മുഴുത്ത തേരട്ടയും ചേര്‍ത്തുണ്ടാക്കുന്ന  വീര്യമുള്ള ചാരായം നാട്ടുകാരെ കുടിപ്പിച്ചു സുഖിപ്പിച്ചു കിടത്തുന്ന കുറുക്കന്‍ ബാലനെയും കൂട്ടാളികളെയും തപ്പിയിറങ്ങിയതാണ്  നിയമ പാലകര്‍. കോട്ടത്തെ അമ്മത്തറയില്‍ തലചായ്ച്ചു മന്ദഹാസത്തോടെ ഉറങ്ങുന്ന രാമേട്ടനെകണ്ടപ്പോള്‍ ഉറങ്ങുകയാണെന്നായിരുന്നു കരുതിയത്. 

പ്രപഞ്ചത്തിന്റെ എണ്ണമറ്റ സമസ്യകളുടെ പൊരുള്‍ തേടി അശാന്തമായ മനസ്സും അഗ്‌നി അണയാത്ത വയറുമായി  ഭൂമിയില്‍ പരന്നൊഴുകിയ രാമേട്ടന്‍ യാത്രയായിരിക്കുന്നു. സൃഷ്ടിയില്‍ ഇടയ്ക്കു അബദ്ധവും അനുഗ്രഹവുമായി സ്വന്തമായി നിര്‍മ്മിച്ചെടുത്ത വഴിയില്‍ ദിശയില്ലാതെ തുഴ നഷ്ടടപ്പെട്ട വഞ്ചിപോലെ ഒഴുകിനടക്കുന്നവര്‍. 

സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ ഉറക്കമൊഴിച്ചു കാത്തിരിക്കുന്നുണ്ടാകുമോ മഞ്ഞു  തുള്ളിപോലെ നിര്‍മ്മലമായ മനസ്സുമായി  കയറിച്ചെല്ലുന്ന രാമേട്ടനുമായി സല്ലപിക്കാന്‍!


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios