Malayalam Poem : ചുമലില്‍ വീടുള്ള ഒച്ചുകള്‍, തസ്നി ജബീല്‍ എഴുതിയ കവിതകള്‍
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. തസ്നി ജബീല്‍ എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പാറിപ്പറക്കുന്ന
തുമ്പിയെപ്പിടിച്ച്
ഞാന്‍ കല്ലെടുപ്പിച്ചു
കനമില്ലാത്ത ചിറകുകളും
പിഞ്ചുമേനിയുമുള്ള തുമ്പി
ആ കല്ലുയര്‍ത്തി,
കൗതകത്തോടെ ഞാന്‍
കല്ലുകളുടെ ഭാരം കൂട്ടി
ഏറെ പണിപ്പെട്ട്
അത് വീണ്ടുമുയര്‍ത്തി.
അതിഥികള്‍ക്ക് മുന്നില്‍
ഞാന്‍ തുമ്പിയെ പ്രദര്‍ശിപ്പിച്ചു .
അവര്‍ എന്നെയും
എന്റെ തുമ്പിയേയും
വാനോളം പുകഴ്ത്തി.
ഒരുദിനം ഞാനതിനെ ആകാശത്തേക്ക് പറത്തി.
പറക്കാനാവാതെ
അതെന്റെ മടിയിലേക്ക്
ചിറകു തളര്‍ന്നു വീണു .
എന്റെ തുമ്പിക്ക് ആകാശമില്ല,
കൂടെ പറക്കാന്‍ പൂമ്പാറ്റകളില്ല
പൂക്കളും പുല്‍നാമ്പുകളും
മഴയും മണ്ണുമില്ല.
നൈസര്‍ഗിക വാസനകളെല്ലാം നിഷേധിച്ചു
ഞാനതിന് നല്‍കിയത് ഭാരമുള്ള
കല്ലുകള്‍ മാത്രമുള്ള ലോകം.
കുറ്റബോധത്താല്‍
എന്നില്‍ നിന്നുതിര്‍ന്ന
രണ്ടിറ്റു മിഴിനീര്‍ക്കണങ്ങള്‍
പാവം തുമ്പിയുടെ
ചിറകുകളില്‍ തട്ടി തിളങ്ങി.
ചുമലില്‍ വീടുള്ള ഒച്ചുകള്‍
ഒച്ചുകള്‍ മെല്ലെയാണ് ഇഴയുന്നത്.
ഒരുപാട് ദൂരം നടക്കാനാവില്ല
ഒന്നാമതെത്താനും കഴിയാറില്ല.
സൂക്ഷിച്ചു നോക്കിയാല്‍
ഭാരമുള്ളൊരു വീട്
അവ
മുതുകില്‍ ചുമക്കുന്നത് കാണാം.
ഒരിടത്തും തിരിയാനാവാത്ത വിധം
ആ വീട്
ഉടലില്‍ ഒട്ടിച്ചേര്‍ന്ന് കിടക്കുന്നു.
ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ്
പരിഹസിച്ചാലും
ഒച്ചുകള്‍
വീടിനെ കുടഞ്ഞെറിഞ്ഞ്
ഒന്നാമതെത്താന്‍ ശ്രമിക്കാറില്ല.
വീടുമായി
ആഴത്തില്‍ ഇഴുകിച്ചേര്‍ന്ന്
ശീലിച്ചതിനാലാവണം
അത്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...