Malayalam Poem : ന്നു-ന്നു- ന്നു- ന്നു -ന്നു, സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ന്നു-ന്നു- ന്നു- ന്നു -ന്നു
'റൂമിയെ കണ്ടോ' എന്നു ഞാന്‍ ചോദിക്കുമ്പോള്‍
മുളങ്കൂട്ടങ്ങളേ, നിങ്ങളെന്തിനു
ലജ്ജയാല്‍ തലകുനിക്കുന്നു?
ഇത്തിരി നിലാവു കടം ചോദിക്കുമ്പോള്‍
വെയില്‍ കുടഞ്ഞു വിരിക്കുന്ന ആകാശമേ
'തരൂല്ല, വേണമെങ്കി കവര്‍ന്നെട്‌ത്തോ'
എന്നെന്തിനു ചുവന്നു തുടുക്കുന്നു?
'നിന്റെ കണ്‍കളിലൂടെ കരയട്ടാ'
എന്നു ചോദിക്കുമ്പോള്‍
പ്രാവിന്റെ കണ്‍കളുള്ളവളേ,
നീയെന്തിനു നിറഞ്ഞു കവിയുന്നു?
'ഇത്തിരി പാല് കുടിച്ചു മടീല് മയങ്ങട്ടെ'
എന്നു ചിണുങ്ങുമ്പോള്‍
എന്തിന് നിന്റെ കൈവിരലുകളില്‍
പറ്റിപ്പിടിച്ചിരിക്കുന്ന അക്ഷരങ്ങള്‍
ഞെളിപിരി കൊള്ളുന്നു?
'നിന്റെ ചുണ്ടുകളിലടയിരുന്ന് വസന്തത്തെ വിരിയിച്ചെടുക്കട്ടെ'
എന്നു പിടിച്ചു കുലുക്കുമ്പോള്‍
നീയെന്തിന് കൈവിരല്‍ കുടിച്ചുറങ്ങുന്ന
കവിതയായ് ഉറക്കെക്കരയുന്നു?
പത്താം മോഹത്തിനു മുമ്പ്
മരിച്ചു പോയ ഒരാളുടെ കവിത
ഒന്നാം മോഹം
എനിക്കു മേഘമാകണം ;
സദാ മഴയെ ഗര്‍ഭംധരിക്കുന്ന മേഘം.
രണ്ടാം മോഹം
എനിക്കു നിന്റെ ചുണ്ടുകളില്‍ അടയിരിക്കണം;
വസന്തത്തെ വിരിയിച്ചെടുക്കണം.
മൂന്നാം മോഹം
നിന്റെ പാട്ടും കേട്ട്
പാലും കുടിച്ച്
മടിയില്‍ മുഖം പൂഴ്ത്തിയുറങ്ങണം.
നാലാം മോഹം
നിന്റെ ഇരട്ടക്കുട്ടികളില്‍
ഒരുവനെ അനശ്വരനും
മറ്റവനെ അരാജകവാദിയും ആക്കണം.
അഞ്ചാം മോഹം
ഒരു നക്ഷത്രത്തെ
സ്വിച്ച് ഓഫ് ചെയ്ത്
ഹൃദയത്തില്‍ അടക്കം ചെയ്യണം
ആറാം മോഹം
മൗനത്തിന്റെ ഉടുപ്പണിഞ്ഞു വരുന്നവളെ
മഴവില്ലു കൊണ്ടടിച്ച് നേരെയാക്കണം.
ഏഴാം മോഹം
ഞാനൊരു സൂര്യകാന്തി വെച്ചു മറന്നല്ലോ എന്ന്
നിന്റെ ദേഹവും ദേഹിയും
മുഴ്വോന്‍ പരതണം.
എട്ടാം മോഹം
ഒരിക്കലെങ്കിലും എന്റെ ബീഡിക്കുറ്റിയും
നിന്റെ മുറുക്കാന്‍ ചെല്ലവും
പരസ്പരം വെച്ചു മാറണം
ഒമ്പതാം മോഹം
നിന്റെ നീലഞരമ്പുകള്‍ക്ക്
കാവലിരിക്കുമ്പോള്‍ത്തന്നെ
മരിച്ചു പോണം.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...