Malayalam Poems : കിളിയും ഭ്രമണവും മൂന്ന് കവിതകളും
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുജേഷ് പി പി എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ക
കിളി മരത്തിന്‍ ചില്ല
താഴ്ത്തുന്നു, പതിയെ
ആകാശം അടയുന്നു
ഇരുട്ടതിന്‍ ബാക്കി -
പത്രമെന്നോണം,
വെളിച്ചത്തിന്
കണ്ണുറങ്ങാതെ
നക്ഷത്രമാകുന്നു,
രാത്രിവിളക്കിന്
കിളികളോളം
കൊളുത്തിവെച്ചത്
ഓര്‍ത്തോര്‍ത്ത്
മിന്നാമിനുങ്ങുകള്‍
ചില്ലയില്‍ നിന്ന്
ആകാശം കയറിപ്പോയി
കക
കൊത്തിവെയ്ക്കുകയാണ്
കിളിയതിന്‍ ആശംസകള്‍
ഓരോ ഇലയിലും,
മുഖമുന കൊണ്ട്
മുഖക്കാപ്പ് കൊണ്ട്,
നിറഞ്ഞ ചിരികള്‍,
കിളിയതിന്‍ ഗീതമായത്
നോക്കൂ,
പ്രഭാതത്തില്‍ ജനാലയില്‍
തട്ടിവിളിച്ചവ പറയുന്നതെല്ലാം
എനിക്ക് നിന്നോട്
പറയാനുള്ള ആശംസകള്‍
കകക
മെനഞ്ഞെടുക്കുന്നു
ഗ്രഹമെന്നോണം
കിളിയൊരു വിത്തിനെ,
ഭ്രമണമെന്നോണം
അതിന്റെ വലയം
വെക്കലെല്ലാം
മരത്തിന് ചുറ്റും
സാധ്യമാക്കുന്നു ,
കാറ്റിന്റെ കയറ്റിറക്കങ്ങള്‍
പൊടിപടലങ്ങളെ
കണ്ണില്‍ തട്ടാതെ
ചിറക് ചേര്‍ത്ത്
അടുക്കിപ്പിടിക്കുന്നു,
വിത്ത് അത്
മഞ്ഞുകാലമെന്നോര്‍ത്ത്
നിഴല്‍ത്തണുപ്പില്‍
ശീതയുറക്കത്തിന്‍
കുഞ്ഞു ഗ്രഹമാകുന്നു,
പുറത്ത് വേനല്‍ പെയ്യുമ്പോഴും
ചുട്ടുപൊള്ളുമ്പോഴും
മഴയിറമ്പിന് കാതോര്‍ക്കാന്‍ ശീലിപ്പിക്കുന്നു,
മഴ പെയ്ത് വെള്ളമുറഞ്ഞ്
മണ്‍പാകത്തിനൊപ്പം
ഭൂമിയിലകള്‍ മുളക്കുന്നു
ഭ്രമണത്തിന്റെ പുനര്‍നാളില്‍
മടി പിടിച്ച് വേരിനെയേല്പിച്ച്
ഊരുചുറ്റലിന്, വട്ടം ചുറ്റലിന്
എല്ലാവിധ അനുവാദവും നല്‍കുന്നു,
നോക്കൂ,
വിത്തൊരു ഗ്രഹമാണ്,
മുളച്ചു കഴിഞ്ഞും മരമായും
ഒടുവില്‍ കിളിയെതന്നെ
വട്ടംചുറ്റി പറക്കുവാനുള്ള
എല്ലാ കാഴ്ച്ചയും നല്‍കിക്കഴിഞ്ഞിട്ടും
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...