Malayalam Poems: മരിച്ചതേതു പക്ഷമാകിലും കുഞ്ഞല്ലയോ, രാജന്‍ സി എച്ച് എഴുതിയ മൂന്ന് കവിതകള്‍
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രാജന്‍ സി എച്ച് എഴുതിയ മൂന്ന് കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഒരു തുള്ളി മതി
യുദ്ധം കുഞ്ഞുങ്ങളെക്കൊല്ലും.
അവരുടെ ഇളഞ്ചോര
ഭൂമിയില്‍പ്പടരും.
തീയാണത്.
മണ്ണില്‍ ചോരയും
അതിന്റെ നിറവുമേ കാണൂ.
മനസ്സിലാണ്,
ഭൂമിയുടെ മനസ്സിലാണതിന്റെ കനല്‍.
അതണയുകയേയില്ല.
വരുംകാലത്തേയാണ്
ഉന്മൂലനം ചെയ്യുന്നതെന്ന്
യുദ്ധക്കൊതിയന്മാര്‍ അറിയുന്നില്ല.
ഒരു തുള്ളി മതി
തെറിച്ചു വീഴുന്ന ഭാവിയുടെ
ഒരു തുള്ളി മതി
അണുവികിരണത്തേക്കാളത്
ലോകത്തെയൊടുക്കും.
വിനാശം വിതയ്ക്കും.
ഇവരെന്തറിയുന്നു
കുഞ്ഞുങ്ങളേ,
മാപ്പു നല്‍കരുതേ
ഇവര്‍ക്ക്.
വറ്റിപ്പോയവ
ചിലപ്പോള്‍ തിക്കുമുട്ടും
കരച്ചില്‍ തൊണ്ടയ്ക്കുള്ളില്‍
മരിച്ചതേതു പക്ഷമാകിലും
കുഞ്ഞല്ലയോ
ഏതൊരു കൊലയ്ക്കുമു_
ണ്ടറിയാക്കെടുതികള്‍
ഏവരും മനുഷ്യരെന്നോര്‍ക്കുമോ
കരുണാര്‍ദ്രം?
കൊല്ലലെന്നതത്രയു_
മെളുപ്പം,കൊല്ലാക്കൊല_
യ്ക്കിടയില്‍പ്പെടുവോള_
മാരറിയുന്നു ദൈന്യം?
കടലും വറ്റിത്തീരും
ഉള്ളതും മരുവാകും
കരയാനില്ലാതാകും
കണ്ണീരും തീയായ് മാറും
കാണുവാനാവാതിരുള്‍
വന്നു മൂടുവതാകും
കാലമോ കാലാതീത_
മുണ്മയാം ക്ഷാരം മാത്രം.
ആയുധം
ഓരോ യുദ്ധത്തിനു പിന്നിലും
കാരണങ്ങളുണ്ടാവാം.
യുദ്ധത്തിലെത്തിച്ച കാരണങ്ങളെന്തായാലും
ചിന്തിച്ചാല്‍ അസംബന്ധങ്ങളാവും.
യുദ്ധം ഒരസംബന്ധമാണെന്ന്
യുദ്ധശേഷമേ തിരിച്ചറിയൂ.
തിരിച്ചറിയുമ്പോഴേക്കും
ശേഷിപ്പായി മാറിക്കഴിഞ്ഞിരിക്കും ലോകം.
മരിച്ചു വീണ കുഞ്ഞുങ്ങളും
അവരോടൊപ്പമില്ലാതായ സ്ത്രീകളും
ഉര്‍വരമായതൊക്കെയും
ചാരമായിക്കഴിഞ്ഞിരിക്കും.
ചാരമാവുകയാണ്
യുദ്ധവും.
ആയുധമില്ലാതെ
യുദ്ധമില്ല.
ഊഷരതയാണ്
ശേഷിപ്പെങ്കിലും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...