Malayalam Poem : ജോസേപ്പേന് , വെങ്കിടേശ്വരി കെ എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  വെങ്കിടേശ്വരി കെ എഴുതിയ കവിത

chilla Malayalam poem by Venkiteswari K

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla Malayalam poem by Venkiteswari K

 

ജോസേപ്പേന് പത്താനകളുടെ
ശക്തിയുണ്ടായിരുന്നു.
അഞ്ചാം ക്ലാസിലെ
അവസാനത്തെ ദിവസം
പുസ്തകം തുറക്കണ്ടല്ലോ -
യിന്ന് എന്നോര്‍ത്ത്
വെല്ലക്കായും ചവച്ച്
വഴിയിലെ ഈച്ചകളെ -
മൊത്തം മോന്തയ്ക്ക്
തേച്ച് പിടിപ്പിച്ച്
വരായിരുന്നു ഞാന്‍.

കറ്റ മെതിച്ച്
വയ്ക്കചണ്ടി വലിച്ചെറിയണപോലെ 
ജോസേപ്പേന്‍ 
ആറു പേരെ ആകാശ-
ത്തേക്കെറിഞ്ഞിടുന്നു.
ആള്‍ക്കാരൊക്കെ അടി തടുക്കാന്‍ മറന്ന് 
വാപൊളിച്ച് ഊരിലുള്ള
പാറ്റ കേറ്റി നില്‍പ്പാണ്.

പിന്നെ, ഏത് ഇംഗ്ലീഷ് -
പടം കണ്ടാലും
അതിലൊക്കെ
ജോസേപ്പേന്‍ തന്നാ
നായകനും വില്ലനും.

ജോസേപ്പന്‍ രാവിലെ
തോര്‍ത്ത് മുണ്ടുടുത്ത്
പുഴയില്‍ ചാടാന്‍
വരണൊരു വരവുണ്ട്,
അലക്കാന്‍ വന്ന പെണ്ണു-
ങ്ങളൊക്കെ തുണിയെടുത്ത്
പ്രാകി കടവൊഴിയും.
അവളുമാരെ വായ നോക്കാന്‍
പൊന്തക്കാട്ടില്‍ പെറ്റുകിടന്നോരും
പെണ്ണുങ്ങളുടെ അലക്ക്
കഴിഞ്ഞ് കുളിക്കാന്‍
കാത്തു കെട്ടി കിടന്നോരും
ചെറിയ മൂരി മുക്രിയിടുന്നപോലെ 
പതിഞ്ഞ ശബ്ദംപോലെന്തോ ഉണ്ടാക്കി
അവിടം വിടും.

ജോസേപ്പന്‍ കൈയ്യും കാലും കറക്കി 
ആകാശം നോക്കി
പുഴയിലേക്ക് ചാടും.
പുഴ നടുവൊടിഞ്ഞ് വീഴും.
ജോസേപ്പേന്‍ പുഴ
പലതായി മുറിച്ച്
അങ്ങോട്ടും ഇങ്ങോട്ടും
നീന്തും.

പുഴയിലേക്ക് എത്ര വട്ടം
നോക്കിയാലും 
പുഴ നീന്തുന്ന ജോസേപ്പേനെ
മാത്രേ കാണൂ.
പുഴയെക്കാളും ചന്തം
ജോസേപ്പേന് തന്നാ.

ജോസേപ്പേന്‍
മൂന്നു വെട്ടിന്ന് തെങ്ങു വീഴ്ത്തും.
കുറെ ചോറ് തിന്നും.
ചട്ടി നെറയെ ചായമോന്തും, 
പിന്നെയും
എന്തൊക്കെയോ തിന്നും;
ഞാന്‍ കണ്ടിട്ടില്ല.

ഇടയ്ക്ക് ജോസേപ്പേന്
സ്വപ്നത്തില്‍ വന്ന്
ഉയരമുള്ള മലയിന്ന്
എന്നെ മുകളിലേക്കോ
താഴെക്കോ എറിയും.
ഞാന്‍ കാറിക്കൊണ്ട്
എണീക്കും.

അമ്മ ജോസേപ്പേന്
പ്രാകി; 
എന്റെ നെറ്റിയില്‍ ഊതിയുറക്കും.
എനിക്കുറക്കം വരില്ല.

ജോസേപ്പേന് പുഴടെ
മണമാണെന്ന് എനിക്ക്
തോന്നും.

മലപൊട്ടിയൊലിച്ച
ഏതോ ദിവസമാണ്
ജോസേപ്പേന് നെഞ്ച്
തകര്‍ന്ന് ചത്തത്.
ആരോ ജോസേപ്പേന്റെ
നാലുവയസുകാരിയെ
വെറുതെ ആറിലേക്കേറിഞ്ഞത്.

ജോസേപ്പേന് 
അഞ്ചാറുമുങ്ങില്‍
ആറു കലക്കി
കൊച്ചിനെയെടുത്ത്
നിലവിളിച്ചു, അപ്പൊത്തന്നെ
നെഞ്ച് പൊട്ടി, ച്ചത്തു.

ജോസേപ്പേനേം കൊച്ചിനേം
ഒന്നിച്ചാണ് കുളിപ്പിച്ചതും
അടക്കിയതും.
അയാള്‍ക്കൊരു പൂവിന്റെ
കനം പോലുമില്ലായിരുന്നു
എന്നാണ് ജോസേപ്പേനെ
ചുമന്നോണ്ട് പോയോരൊക്കെ
പറയണത്...

എന്തോ,
അതിനു ശേഷം
ജോസേപ്പേനെ ഞാന്‍
സ്വപ്നം കണ്ടിട്ടില്ല.


 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

Latest Videos
Follow Us:
Download App:
  • android
  • ios