Malayalam Poem: നെറയെ നെറയെ പെണ്ണുങ്ങള്‍, വെങ്കിടേശ്വരി കെ എഴുതിയ കവിതകള്‍
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വെങ്കിടേശ്വരി കെ എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കാടേറ്
കടലോളം പെറുന്നു
ചില പെണ്ണുങ്ങള്‍,
പേറെടുത്ത്
ചേറ് നിറഞ്ഞ
പാടത്ത്
മലവെള്ളം കുത്തി
ആറൊലിക്കുന്നു.
തള്ളേയെന്ന് വിശപ്പലറുന്നു.
മൂക്കളയൊലിപ്പിച്ച്
കുട്ടികള്‍ എലികളെ
ചുടുന്നു.
കാട് ചിലപ്പോഴൊക്കെ
കായ്ക്കാത്ത
കടലാണ്.
അപ്പോഴൊക്കെ
അരി തിന്നാന്‍
കര കേറേണ്ടി വരും.
വടക്ക്നോക്കിയില്ലാത്ത
നാവികരെ നിറച്ച്
കപ്പലുകള്‍
കരയില്‍
നങ്കൂരമിടും.
ജാലവിദ്യക്കാര്‍
കാണുന്നപക്ഷം
കടല്‍കൊള്ളക്കാരുടെ
കപ്പലെന്ന്,
കടല്‍കൊള്ളക്കാരെന്ന്,
പെരുമ്പറ മുഴക്കുന്നു.
കാട്ടില്‍ കടല്
പെരുക്കുന്നു.
എലികള്‍ പായുന്നു.
കര തേടി
കര തേടി
കുട്ടികള്‍ ചത്തു
മലയ്ക്കുന്നു.
ആഹാരം കൊണ്ട്
ആയുധമുണ്ടാക്കി
ജാലവിദ്യക്കാര്‍
കപ്പലിനെ ഉന്നം
വയ്ക്കുന്നു,
കാട് പൊട്ടുന്നു.
വേരിടറുന്നു
തള്ളേ തള്ളേയെന്ന്
ആര്‍ത്ത് കുട്ടികള്‍
ഒഴുകിപോകുന്നു
കാട് തിന്ന്
കടല് ചാകുന്നു.
പെണ്ണുങ്ങള്‍
പിന്നെയും
പെറുന്നു,
നെറയെ നെറയെ
പെണ്ണുങ്ങള്‍
മുറി നെറച്ച്
അടുക്കള നെറച്ച്
പെണ്ണുങ്ങള്‍.
നിന്റെ നെഞ്ചി
കെടക്കുമ്പോ
പെണ്ണുങ്ങളുടെ
ചൂട് കൊണ്ടെന്റെ
ശ്വാസം നെലച്ച്
പോണ്.
ചുംബിച്ച് കേറുമ്പോ
രാവണന്‍കോട്ട
പോലെ,
തിരിച്ചെറങ്ങാന്‍
പറ്റാതെ കുഴയെണ്.
കിടപ്പുമുറി നെറച്ച്
പെണ്ണുങ്ങള് നെറഞ്ഞ്
ജനാലവിരിയൊക്കെ
നിറം മാറ്റണ്.
നെറയെ നെറയെ
പെണ്ണുങ്ങള്...
വാതില്‍ പടിയില്‍
നിന്ന് പെണ്ണുങ്ങളൊക്കെ
തേഞ്ഞു തേഞ്ഞ്
പോകണ്.
മച്ചടിച്ച് വാരി
ആകാശമൊക്കെ
പുതുക്കിപ്പണിയണ്.
അടുക്കള കേറി
പുതു പുത്തന്‍
കറികളൊക്കെ
ഉണ്ടാക്കണ്...
ഓരോ കറിയ്ക്കും
പെണ്ണുങ്ങളുടെ മണം.
പെണ്ണുങ്ങള്‍ക്ക് പക്ഷേ
വളര്‍ച്ചയെത്താതെ
ഉപ്പിലിട്ട് ഉണക്കിയ
ഉണക്കമീനിന്റെ
നാറ്റാണ്.
അതേ,
വീട് മുഴുക്കെ
ഉണക്കലിന്റെ
നാറ്റം.