പെണ്‍മുറി, വെങ്കിടേശ്വരി കെ എഴുതിയ കവിതകള്‍

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് വെങ്കിടേശ്വരി കെ എഴുതിയ കവിതകള്‍

chilla malayalam poem by venkiteswari k

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam poem by venkiteswari k

 

പെണ്‍മുറി 

ഒറ്റയ്ക്ക് ഇരിക്കുന്ന 
പെണ്‍കുട്ടിയുടെ 
മുറിയിലേക്ക് കയറിചെല്ലരുത്.

അവള്‍ 
ചിലപ്പോള്‍ 
ചിത്രം വരയ്ക്കുന്നുണ്ടാവും 
വിചിത്രമായ പാട്ടുകള്‍ 
പാടുന്നുണ്ടാവും
അപരിചിതമായ ചുവടുകൊണ്ട് 
നൃത്തം ചെയ്യുന്നുണ്ടാവും.

നിങ്ങളൊരു പക്ഷേ ചിരിയ്‌ച്ചേക്കാം 
സന്തോഷവതിയെന്ന് 
ആനന്ദമൂര്‍ച്്ഛയില്‍ എന്ന് 
കരുതിയേക്കാം.

ഒന്നുകൂടി 
സൂക്ഷിച്ചുനോക്കുക;
വരയ്ക്കുകയല്ല ;
കണ്ണീരിലൊലിച്ചിറങ്ങിയ 
നിറങ്ങളെ സംസ്‌കരിക്കയാണ്.

പാടുകയല്ല;
മൗനം കൊണ്ട്
വീര്‍പ്പ് മുട്ടുന്ന 
ചിറകുകളെ കുഴിച്ചിടുകയാണ്.
 
സ്വപ്നങ്ങളെയൊക്കെയും
കടലാസു തോണി കേറ്റി  
ഏഴ് കടലിനപ്പുറത്തേക്ക് 
നാട് കടത്തുകയാണ്. 

ഒക്കെയും കഴിയുമ്പോള്‍ 
വെയില് തിന്ന മഴ പോലെ 
ഉടഞ്ഞു ഉടഞ്ഞു പോകുന്ന 
നനവാര്‍ന്ന ഓര്‍മ്മ 
മാത്രമാകും. 

അവള്‍ക്കൊപ്പമിരുന്ന് 
നിറം തൊടില്ലെങ്കില്‍ 
അവളോടൊപ്പം പാടാനാവില്ലെങ്കില്‍ 
ചുവട് വയ്ക്കില്ലെങ്കില്‍
മുറിയിലേക്കൊളിഞ്ഞു 
നോക്കരുത്.

നിശ്വാസം 
കൊണ്ട് പോലും 
അവിടത്തെ കാറ്റിനെ 
തൊടരുത്. 

അവളങ്ങിനിരുന്നോട്ടെ. 

ഇറങ്ങുമ്പോള്‍ 
മുറി ചാരിയേക്കുക,
ഈയ്യാം പാറ്റകള്‍ 
അകത്തു കടക്കാതിരിക്കാന്‍ 
വേണ്ടി മാത്രം;
അതിനു വേണ്ടി മാത്രം 
ചാരിയേക്കുക. 

 

ഇടവേള 

അമ്മ 
നീളത്തില്‍ 
ചുളിവുകളില്ലാതെ 
ഒരു വര വരച്ചു. 
കുട്ടി കറങ്ങിത്തിരിഞ്ഞൊരു 
വര, അതൊരു 
വൃത്തമോ ത്രികോണമോ        
ആകാം.

അമ്മ 
ചതുരം കൊണ്ട് 
വീട് വരച്ചു. 
കുട്ടി മരത്തിലൊരു 
ഊഞ്ഞാലിട്ടു. 
കൊമ്പില്‍  
കാക്കയെ വരച്ചു,
പൂമ്പാറ്റകളെ വരച്ചു. 

അമ്മ 
അടുക്കള വരച്ചു, 
മിക്‌സി ഗ്രൈന്‍ഡര്‍ 
ഫ്രിഡ്ജ് സ്വര്‍ണ്ണം 
സമയപ്പട്ടിക.

കുട്ടിയ്ക്ക് വാശിയായി, 
നിറങ്ങളെടുത്ത് കുടഞ്ഞിട്ട് 
അവിടം മുഴുവന്‍ 
ഓടിക്കളിച്ചു.
ഉരുണ്ട് മറിഞ്ഞ് 
ദേഹം മുഴുവന്‍ 
നിറം തേച്ചു.
പച്ചക്കളര്‍പെന്‍സില്‍ തട്ടി          
മറിഞ്ഞു വീണു.

ചുവപ്പ്... മഞ്ഞ... നീല... 

അനുസരണയില്ലെന്ന് 
പറഞ്ഞ് അമ്മ 
വര നിര്‍ത്തിപ്പോയി. 

കുട്ടി 
അമ്മ അവസാനിപ്പിച്ച      
ബിന്ദുവിലേക്ക് 
വലിഞ്ഞു കയറി 
ഏന്തി നോക്കി.

ആകാശം... കടല്‍... സൂര്യന്‍... 
നക്ഷത്രങ്ങള്‍... ചിറകുകള്‍... 

കുട്ടി പിന്നെയും 
വരച്ചു തുടങ്ങി

Latest Videos
Follow Us:
Download App:
  • android
  • ios