Malayalam Poem : കടലും ആകാശവും കുട്ടിയും, ടി. എം. പ്രിന്‍സ് എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ടി. എം. പ്രിന്‍സ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
രാത്രി
ഇരുട്ടില്‍ ശൂന്യമായ ആകാശം നോക്കിനിന്ന കുട്ടി
മണ്‍ചുമരിലൊരാകാശം വരക്കുന്നു
മേഘങ്ങളെയും നക്ഷത്രങ്ങളെയും
നിലാവിനെയും വരക്കുന്നു.
കുട്ടി നോക്കിനില്‍ക്കേ
അവയൊക്കെ ആകാശം തേടി പോകുന്നു.
പകല്‍
മലയിറങ്ങിവന്നവെയിലില്‍
മുറ്റത്തെ ചെമ്പരത്തി ചോട്ടില്‍ നിന്നുകൊണ്ട്
കുട്ടി പൂഴി മണ്ണിലൊരു കടല്‍വരക്കുന്നു
തിരകളും വഞ്ചികളും മത്സ്യങ്ങളെയും വരക്കുന്നു..
കുട്ടി നോക്കിനില്‍ക്കേ
മുറ്റമൊരു കടലാകുന്നു
ഒരു ചെറു തോണിയില്‍ കയറി
കടലിനറ്റത്തേക്ക് യാത്രപോകുന്നു കുട്ടി
കടലുമാകാശവും കൂട്ടിമുട്ടുന്നിടത്തെത്തുമ്പോള്‍
പകലസ്തമിക്കുന്നു
ഇരുട്ടില്‍ ഒരു നക്ഷത്രം
അതിന്റെ ചില്ലകള്‍ കുട്ടിയുടെ നേര്‍ക്ക് നീട്ടുന്നു
ചിരിച്ചുകൊണ്ട് ചില്ലകളില്‍ പിടിച്ചു കുട്ടി
മേഘങ്ങളിലൂടെ നടന്നുപോകുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...