അതിജീവനം, ടി എം പ്രിന്‍സ് എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ടി എം പ്രിന്‍സ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
വരണ്ട പുഴയുടെ തീരത്ത്
ഉണങ്ങിയ മരക്കൊമ്പില്‍
ഒരു പൊന്മ ഇരിപ്പുണ്ട്.
നരച്ച മണല്‍പ്പരപ്പിനു നടുവിലൂടെ
ഒരു നീര്‍ച്ചാല്‍,
അതാണ് പുഴ.
ഒരു പാദം പോലും മുങ്ങാന്‍
വെള്ളമില്ലാതെ
നിറഞ്ഞൊഴുകിയ കാലത്തിന്റെ
ഓര്‍മ്മ പേറുന്ന ജലനൂല്‍.
പൊന്മാനിന് മീനാണ്
പ്രതീക്ഷ
ഓര്‍മ്മയില്‍ വിശപ്പ്.
പരല്‍, വരാല്‍, മാനത്തു കണ്ണി,
ഏറെ നിറഞ്ഞൊഴുകിയ
പുഴയുടെ സമൃദ്ധി
ഇപ്പോള്‍ ശൂന്യം
കുട്ടിച്ചെടികള്‍ക്കിടയില്‍
ഒരു പുല്‍ച്ചാടി
ഒരു കുതിപ്പ്,
മണലില്‍ മുഖം കുത്തി വീഴ്ച്ച
ഇര ചുണ്ടിലില്ല
അറ്റ പ്രതീക്ഷ
തിരിച്ചു മരക്കൊമ്പിലേക്ക്
മെലിഞ്ഞ നീര്‍ച്ചാലിലേക്ക്
വിശപ്പിന്റെ കണ്ണെറിഞ്ഞു
കാത്തിരിപ്പ്
സൂക്ഷ്മദര്‍ശനം
ഉണങ്ങിയ മരച്ചുവട്ടില്‍ നിന്നും
ഒരു പാമ്പിഴഞ്ഞു കയറുന്നുണ്ട്
മുകളിലേക്ക്
രണ്ട് പ്രതീക്ഷകള്‍
വിശപ്പ്,
അതിജീവനം.