Malayalam Poem : ഇരയും വേട്ടക്കാരനും, തസ്നി ജബീല്‍ എഴുതിയ കവിതകള്‍
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് തസ്നി ജബീല്‍ എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഇരയും വേട്ടക്കാരനും
ഇഴയടുപ്പമുള്ള വലകള്‍
നെയ്തുനെയ്ത് ചിലന്തികള്‍
ഇരകളെ കാത്തിരിക്കും.
കെണിയെന്നറിയാതെ പ്രാണികള്‍
വലയിലേക്ക് പാറിയടുക്കും.
തിരികെപ്പോകാനാകാതെ
പിടയുമ്പോള്‍
ചിലന്തികള്‍
വാപിളര്‍ന്നു പാഞ്ഞുവരും.
അടുത്ത പ്രാണിക്കായി
ചിലന്തികള്‍ പിന്നെയും
വലനെയ്യും.
വഴുതി രക്ഷപ്പെട്ടൊരു പ്രാണി
മറ്റു പ്രാണികളുമായി ചേര്‍ന്ന്
എന്നെങ്കിലുമൊരിക്കല്‍
തനിക്ക് നേരെ വരുമെന്ന്
ചിലന്തികള്‍ ഓര്‍ക്കാറില്ല.
ഇരയും വേട്ടക്കാരനും
എപ്പോഴുമൊരേ പോലെയെന്നത്
മിഥ്യ മാത്രമാണ്.
അങ്ങനെയല്ല, ചരിത്രം.
കടല്‍
വേനലില്‍ ഉരുകി
നീരാവിയായ്
തണുത്ത മേഘമായ് ഘനീഭവിച്ച്
നിന്നിലേക്ക് നിറഞ്ഞു പെയ്തു, മഴ.
അപ്പോഴും
നിനക്ക് പ്രിയം
മഴയോട് മാത്രം.
എന്റെയുള്ളിലെ
കനല്‍ച്ചൂടും
തണുത്തുറഞ്ഞ നോവുകളും
നിനക്കെന്നുമജ്ഞാതം.
കരകാണാദൂരം താണ്ടി
വല്ലപ്പോഴുമണയുന്ന വെറുമൊരു തിര,
ഞാന്‍ നിനക്കെന്നുമന്യന്‍.
നിന്റെ കണ്ണുകളില്‍
എനിക്ക് രൗദ്രഭാവം,
കാതുകളില്‍ ഭീതിയുടെ സ്വരം.
കണ്ണീരിന്നുപ്പുരസം പുരണ്ട
തിരമനസ്സ് മാത്രം
എനിക്കെന്നും സ്വന്തം.
എന്റെയാഴങ്ങളിലെ
മുത്തും പവിഴവും
നീ കണ്ടെടുക്കുന്ന നാളില്‍
ഞാനെന്ന കടലിന്റെ
അവസാനതുള്ളിയും
വറ്റിത്തീരുമായിരിക്കും