Malayalam Poem : പപ്പട മൂര്‍ച്ഛ, സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുരേഷ് നാരായണന്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
എല്ലാ അടവുകളും പയറ്റിത്തളര്‍ന്ന്
ഞങ്ങളന്നും ചുരുണ്ടു കൂടിയിരിക്കുകയായിരുന്നു.
ടിവിയില്‍ കല്യാണരാമന്‍;
പോഞ്ഞിക്കര തകര്‍ക്കുന്നു.
പെട്ടെന്നോള് എന്റെ കൈപിടിച്ചും കൊണ്ട് അകത്തേക്ക് ഒറ്റപ്പോക്കാ.
മിഴിച്ചു നിന്ന എന്നോട്
'അന്ത ബി ജി എം പോട്'
എന്നു പറഞ്ഞുകൊണ്ടവള്‍
ചീനച്ചട്ടിയും വെളിച്ചെണ്ണയും
പിന്നെ ഏന്തിവലിഞ്ഞ്
പപ്പടക്കെട്ടും എടുത്തു.
കണ്‍കളില്‍ അടുപ്പ് ജ്വലിച്ചു.
എന്റെ കൈകളെടുത്തടിവയറ്റില്‍ വച്ചുകൊണ്ട്
'നോക്ക്' എന്ന് പറഞ്ഞതും
പപ്പടം പൊള്ളിക്കുമിളച്ചു പൊങ്ങി.
'ഹൗ'
പിടുത്തം മുറുകി.
'ഇനീം...'
ഞാന്‍ പറഞ്ഞു.
കമ്പിത്തുമ്പില്‍ അവള്‍ക്കുവേണ്ടി ചാടാന്‍
പപ്പട ഭടന്മാര്‍ ഒരുങ്ങി നിന്നു.
കുഞ്ഞു വേര്‍പ്പുചാലൊന്നെത്തി നോക്കി
മുലയിടുക്കിനിടയിലേക്കു മറ(പാ)ഞ്ഞു.
'ശീ' എന്ന് പപ്പടങ്ങള്‍
പൊള്ളികുമിളച്ച്
പൊങ്ങിക്കൊണ്ടേയിരുന്നു.
'മതി; പോതും!'
ഞാന്‍ സ്വയം മറന്നലറി.
തിരിഞ്ഞു നിന്നോണ്ട്,
'ഏത്? ഇന്ത പപ്പടമാ,
അന്ത പപ്പടമാ' എന്നവള്‍
തിരി കൊളുത്താന്‍ തുടങ്ങിയതും
'മതി, എരിതീയിലെണ്ണയൊഴിച്ചത്!'
എന്നു ഞാന്‍ ആളിക്കത്തി.
'ഇങ്ങോട്ട് താ' എന്ന് ചൂടിനെ അവള്‍ പകുത്തെടുത്തതും
മേല്‍ക്കൂര ഉയര്‍ന്നു തെറിച്ചുപോയി.
തുപ്പല്‍ക്കുമിളകള്‍ പോലെ തീപ്പൊരികള്‍ പുറത്തുവന്ന് ചുറ്റിലും പറന്നു കളിച്ചു.
സര്‍വ്വ ഇടുക്കുകളില്‍ നിന്നും
ഞങ്ങള്‍ എണ്ണമണത്തെ മോചിപ്പിച്ചു കൊണ്ടേയിരുന്നു.
പരസ്പരം
പൊള്ളിച്ച് ,
കുമിളച്ച്,
എണ്ണകുടിച്ച്,
പൊട്ടിത്തെറിച്ചുകൊണ്ടേയിരുന്നു.
പരപ്പനങ്ങാടിയിലെ മഴ
കിണഞ്ഞു പരിശ്രമിച്ചെങ്കിലും തോന്നലുകളുടെ തിരകളില്‍ പെട്ട് അന്നും പുസ്തകമേളയ്ക്കു പോയി.
അവസാന ദിവസമായിരുന്നു;
ട്രെയിനിന്റെ സമയം തെറ്റുമെന്ന്
ഓടിയിറങ്ങാന്‍ തുടങ്ങിയപ്പോഴാണ്
മഞ്ഞക്കവറുള്ള ആ പുസ്തകം
വീണ്ടും കണ്ണുകാണിച്ചത്.
അടുത്തു ചെന്നതും
അതു ചിറകുകള്‍ വിടര്‍ത്തി.
'പരപ്പനങ്ങാടിയിലെ മഴ'
'ന്നെ ങ്ങടെ കൂടെ കൊണ്ടോവോ?
ഇവ്‌ടെ മതിയായെനിക്ക് .'
അതു കണ്ണുകള്‍ തുറന്നു പിടിച്ചു.
കണ്ണുകളെ പിന്‍വലിച്ചതും
വര്‍ഷങ്ങള്‍ക്കു മുമ്പുള്ള
ഒരുണ്ടക്കണ്‍ സന്ധ്യയിലേക്ക്
ഓര്‍മ്മകള്‍...
അതേ ചോദ്യം
അതേ നോട്ടം
അതേ വഴുതി വീഴ്ച്ച...
'വാരിയെട്‌ത്തോ;
ഞങ്ങള് ഓടാന്‍ റെഡി!'
കാലുകളപ്പോള്‍ ഒരുമിച്ചു തുള്ളി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...