Malayalam Poem: രക്തസ്രാവം, സുരേഷ് നാരായണന്‍ എഴുതിയ കവിത
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സുരേഷ് നാരായണന്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പാ എന്ന പായലും*
നിക്ക് എന്ന നിക്കോളാസും
തങ്ങളുടെ പാതിമലരിന്
പാനിക് എന്ന് പേരിട്ടത്
യാദൃശ്ചികമായിട്ടാണ്.
അവളുടെ ധര്‍മ്മസങ്കങ്ങള്‍ക്ക്
കാവല്‍ നിന്ന്
കാവല്‍ നിന്ന്
കാവല്‍ നിന്ന്
ഒരു ഫെബ്രുവരി 14 -ന്‍റെ
ഒറ്റപ്പുഷ്പിക്കലില്‍
അവര്‍ക്ക് കാലു കഴച്ചു.
അവര്‍ തങ്ങളുടെ ആലിംഗനങ്ങളെ പൊതിഞ്ഞുപിടിച്ച വൃക്ഷങ്ങളെ മറന്നു.
ചുംബനാഗ്രങ്ങളെ മറച്ച
മതില്‍പുറങ്ങളെ മറന്നു.
മണത്തുരസ്സലുകളെ രഹസ്യമാക്കി വെച്ച പുല്‍ക്കൂടുകളെയും മറന്നു.
കൈകള്‍ ഉയര്‍ന്നു.
വിരലുകള്‍ വിയര്‍ത്തു.
പിടിച്ച വാളുകള്‍ വിറച്ചു.
പാനിക്... നീ പാവം;
ഒരു തുമ്പിയായ്
ആ വാള്‍ത്തലമേല്‍ പറന്നിറങ്ങവേ,
പതിനാലിന്‍റെ രക്തസാക്ഷിത്വം
പതിച്ചു കിട്ടുമെന്ന്
നീ അ(മു)റിഞ്ഞിരുന്നുവോ?
(പാദസരം എന്ന അര്‍ത്ഥം വരുന്ന ഹിന്ദി വാക്ക്. പെണ്‍കുട്ടികള്‍ക്ക് ഈ പേര് ഇടാറുമുണ്ടല്ലോ)
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...