ശലഭം, സുമിയ ശ്രീലകം എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുമിയ ശ്രീലകം എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
പൂമ്പാറ്റയുടെ
ഒടിഞ്ഞ ചിറകുകളാവണം,
ഇലകളില്ലാത്ത,
പൂക്കളില്ലാത്ത,
ചില്ലയില്‍ തങ്ങി നിന്നിരുന്നു.
കത്തുന്ന വെയിലില്‍,
എന്നേ ചാരുത മറഞ്ഞെങ്കിലും,
അറിയാമതൊരു ശലഭത്തിന്‍
കുഞ്ഞിച്ചിറകു തന്നെ.
നരച്ച നിറങ്ങള്‍,
വേദനയുടെ
വര്‍ണ്ണം ചാലിച്ച്,
മരണപത്രമെഴുതി.
കാറ്റു വന്നു വിളിച്ചപ്പോള്‍,
ആ ചിറകുകള്‍ കാറ്റിനൊപ്പം പോയി,
കൗതുകം കഴിഞ്ഞൂ,
കാറ്റുപേക്ഷിച്ചു.
മണ്ണില്‍ പുതയാന്‍ നേര-
മൊരു കവിയുടെ ദൃഷ്ടി പതിയുന്നു.
ഒരു ശലഭം മരിച്ചിരിക്കുന്നു.
കവിയുടെ കണ്ണീര്‍,
കവിതകളായൊഴുകി.
ലോകം കാത്തിരുന്ന
കവി ജനിച്ചു.
പുരസ്‌കാരനക്ഷത്രങ്ങള്‍
കവിയുടെ ആകാശത്ത്
ഉദിച്ചുതുടങ്ങി.
അപ്പോഴും,
കവിയുടെ മുറ്റത്തെ
മരുഭൂമിയില്‍
ഇലയനക്കങ്ങളില്ലാത്ത
ഒറ്റമരത്തില്‍
ചിറകുനഷ്ടപ്പെട്ട ശലഭം
വീണ്ടുമൊരു
പ്യൂപ്പയെ തിരഞ്ഞുകൊണ്ടേയിരുന്നു.