മുപ്പത്തിരണ്ടാമത്തെ മീശ, സുമയ്യ സുമം എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുമയ്യ സുമം എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
മുപ്പത്തിരണ്ടാമത്തെ
മീശ
പിടിക്കപ്പെടുമ്പോള്‍
അവള്‍ മുപ്പത്തിരണ്ടാമത്തെ
മീശക്കു ചോടെ
തളര്‍ന്നു കിടപ്പായിരുന്നു.
അയഞ്ഞ പാല്‍സഞ്ചികള്‍
കക്ഷങ്ങളിലേക്ക് ചാഞ്ഞിരുന്നു.
കൃത്യമായൊരു വിരലടയാളം
അവളുടെ ഒരിടുക്കില്‍ നിന്നും
കണ്ടെത്താനാവാതെ
കാക്കി ബൂട്ടുകള്‍ 'ഛെ' യെന്ന്
മണ്ണിനെ ഞെരിച്ചമര്‍ത്തുന്നുണ്ടായിരുന്നു.
മുകളില്‍ നിന്നും
കാറ്റ് കറങ്ങിയിറങ്ങുമ്പോഴും
അവളുടെ മേല്‍ചുണ്ടിനുമീതേ
ഒരു പുഴയൊഴുകി
തൊണ്ടക്കുഴിയില്‍
മരിച്ചുകിടക്കുന്നുണ്ടായിരുന്നു.
പൊടിഞ്ഞപ്രത്യക്ഷമായ
ഒരിറച്ചിനൂല്‍ തേടി
വിരലുകള്‍ കയറ്റുമ്പോള്‍
അവളൊന്നു ഞരങ്ങിയിരുന്നു.
നാഭിയുടെ ചോരക്കരച്ചിലില്‍
വിരലുകള്‍ മുക്കിയെടുത്ത്
'സംഘമെന്ന്'
അവര്‍ മൊഴികൊടുക്കുന്നുണ്ടായിരുന്നു.
ബൂട്ടുകള്‍ പുച്ഛം കൊണ്ട്
പേപ്പറുകള്‍ നിറച്ചുവെക്കുന്നുണ്ടായിരുന്നു.
കട്ടിലിനുചേര്‍ന്ന ചുമരില്‍ നിന്നും
അവളുടെ അള്ളിപ്പിടുത്തം
ചുവന്നൊരടയാളമായി
ക്യാമറയിലേക്ക് കയറിയിരുന്നു.
പാതിതുറന്ന കണ്ണുകളില്‍
കൃഷ്ണമണികളിളകുന്നതു കാരണം
അവളെല്ലാമറിയുന്നുണ്ടായിരുന്നു.
ചെരിച്ചു കിടത്തിയപ്പോള്‍
ഗുദത്തില്‍ നിന്നും രക്തപ്പറവ
ചിറകൊടിഞ്ഞ് വേച്ചുനടന്നു.
(മുപ്പത്തിരണ്ടാമത്തെ മീശക്കുത്തിനിടയിലാണ്
അവളെ ഇരയെന്ന് ടാഗുകോര്‍ത്തിരുന്നത്)
മറ്റുള്ളവരവളെ
ഇലാസ്തികതയൊഴിയാത്ത
ഗുഹക്കുള്ളില്‍ പൂട്ടിയിട്ട്
ഓടിപ്പോയിരുന്നു.
ചൂണ്ടുവിരല്‍ മൂക്കിലമര്‍ത്തി
അവരും ഹാഷ്ടാഗു ചേര്‍ത്ത്
വിളമ്പിത്തുളുമ്പുന്നുണ്ടെന്നതും
അവളറിയുന്നുണ്ടായിരുന്നു.
കൂകുന്ന സ്റ്റ്രക്ച്ചറില്‍
അവളുടെ കൈകള്‍
ഇരുവശങ്ങളിലേക്കും
ആടുന്നുണ്ടായിരുന്നു.
ഇടവഴികളിലെല്ലാം
ആരെല്ലാമോ ചര്‍ദ്ദിച്ച മണം
മനംപുരട്ടലുണ്ടാക്കുന്നുണ്ടായിരുന്നു.
എച്ചിലുകളെല്ലാം
പരുന്തുകള്‍
ഒന്നോ രണ്ടോ ആഴ്ച്ചകള്‍
കൊത്തിവലിച്ചുപേക്ഷിക്കുന്നുണ്ടായിരുന്നു.
പിടിക്കപ്പെടുമ്പോള്‍
അവള്‍ മുപ്പത്തിരണ്ടാമത്തെ
മീശക്കു ചോടെ
തളര്‍ന്നു കിടപ്പായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona