Malayalam Poem : എനിക്ക് ഭൂമിയെ പച്ച കുത്തിയാല്‍ മതി, സുജേഷ് പി പി എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുജേഷ് പി പി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഉടലെഴുത്തില്‍ ഭൂമിയോളം
പോന്നൊരാള്‍ ഇല്ലെന്നായി
ബുദ്ധനുണ്ടെന്ന് മറുപക്ഷം,
എത്ര നാള്‍ ചുമക്കും
നിങ്ങളീ ബുദ്ധനെ?
ഹിംസയെ കാണാതെ
എനിക്ക് ഭൂമിയെ
പച്ചകുത്തിയാല്‍ മതി
ഒരു കുട്ടി കയറി വന്ന് പറഞ്ഞു,
ഭൂമിയിത്ര ചെറുതാണോ
എനിക്കൊപ്പം വലുതാകുമല്ലോ
മറുപടിയില്‍ പകല്‍ തിളങ്ങി
എനിക്ക് ഭൂമിയെ
പച്ചകുത്തിയാല്‍ മതി
പുഴയെ എവിടെ
അടയാളപ്പെടുത്തും?
പ്രളയം അടയാളപ്പെടുത്തിയ
ചുമരുണ്ട് ഞാനതിന്റെ
ചുവട്ടില്‍ നിന്ന്
ആകാശം കണ്ടോളാം,
എനിക്ക് ഭൂമിയെ
പച്ചകുത്തിയാല്‍ മതി,
കാടിനെ പൂവിനെ എവിടെ
തൊട്ടു വെക്കും?
കാട് പൂവിട്ട മരമുണ്ട്
ഞാനതിന്റെ കുരുക്കള്‍
മണ്ണില്‍ കുഴിച്ചിട്ടു,
പൂവിന്‍ കുലനാട്ടി
അടയാളം വെച്ചിട്ടുണ്ട്
എനിക്ക് ഭൂമിയെ
പച്ചകുത്തിയാല്‍ മതി,
സൂര്യന്‍ എവിടെ ഉദിക്കും?
സൂര്യനെ കുടത്തിലാക്കി
ഉടല്‍ പൊള്ളിക്കുന്നുണ്ടല്ലോ
നിങ്ങളതിനെ റേഡിയേഷനെന്ന്
ഓമനപേരിട്ട് വിളിക്കുന്നതല്ലേ
എനിക്ക് ഭൂമിയെ
പച്ചകുത്തിയാല്‍ മതി,
എനിക്ക് ഭൂമിയെ
പച്ചകുത്തിയാല്‍ മതി,
പാതി മങ്ങിയ വരാന്തയിലുടനീളം
ആ കുട്ടി പിറുപിറുത്തു നടന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...