മീനൂട്ട് , സുധീഷ് സുബ്രഹ്മണ്യന്‍ എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുധീഷ് സുബ്രഹ്മണ്യന്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കടല്‍ക്കരയിലെ
മരബെഞ്ചിലിരുന്ന്,
ഒരു കിഴവന്‍
പ്രതീക്ഷകളുടെ
അറ്റത്തേക്ക്
ചൂണ്ടയെറിയുന്നു.
തണുത്തുറഞ്ഞ്;
ആത്മാവ്
ഏതോ യുഗത്തില്‍
കൈവിട്ടുപോന്ന
ചെമ്മീനിന്റെ ഉടലുകള്‍,
ഈയക്കഷ്ണത്തോടൊപ്പം
മുങ്ങാംകുഴിയിടുകയാണ്.
മീന്‍ചുണ്ടുതൊടാതെ;
അതൊക്കെയും
കരക്കുകയറിവരുന്നത്
കാണ്‍കെ അയാള്‍
എന്തോ
പിറുപിറുത്തുകൊണ്ട്,
അരികിലെ
കുഞ്ഞു പാട്ടുപെട്ടിയില്‍
താളമില്ലാത്തൊരു അറബിപ്പാട്ട്,
ഉച്ചത്തില്‍
വച്ചുകേള്‍ക്കുകയാണ്.
'മീനുകളുടെ
ഗ്രാമത്തിലെ
വറുതിക്കാലങ്ങളിലേക്ക്,
തീറ്റയെറിഞ്ഞുകൊടുക്കുന്ന
മനുഷ്യനെ'ന്ന്
എന്റെ കൂട്ടുകാരന്‍
തള്ളവിരലുയര്‍ത്തുന്നു.
'ജീവനോളം വിലയുള്ള ജാഗ്രത'യെന്ന്
ഒരു വാചകം,
അവന്റെ
മൊബൈല്‍ സ്‌ക്രീനില്‍
തെളിഞ്ഞുനില്‍ക്കുന്നു.
'ജലവീടുകളിലെ
ഏകാന്തവാസത്തില്‍;
ഒരു മീനിനും
മടുക്കുന്നില്ലല്ലോ'യെന്ന്,
മാസ്‌കു താഴ്ത്തി
മൂക്കു ചൊറിയുന്ന
എന്റെ മുന്നിലൂടെ,
പര്‍ദ്ദയിട്ട ഒരു സ്ത്രീ
നടന്നുപോകുമ്പോള്‍,
പിറകില്‍;
അയാളുടെ സന്തോഷം
പാട്ടിനേക്കാള്‍
ഉച്ചത്തില്‍ കേള്‍ക്കാം.
മീനിന്റെ പിടച്ചിലിനൊപ്പം
ഒരു ചുമ
തൊണ്ടയില്‍...
എനിക്ക് ശ്വാസം മുട്ടുന്നു.!
കടല്‍ക്കാഴ്ചകളില്‍നിന്ന്;
എനിക്കെന്റെ
കുടുസുമുറിയിലേക്ക്
പോകണം.
ലോകം തല്‍ക്കാലം
അത്രമേല്‍ ചെറുതാകട്ടെ.