Malayalam Poem : ഒരാള്‍ മാത്രം, ശ്രുതി ആത്മിക എഴുതിയ മൂന്ന് കവിതകള്‍

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. തുരുത്ത്    ശ്രുതി ആത്മിക എഴുതിയ മൂന്ന് കവിതകള്‍

chilla malayalam poem by Sruthi Atmika

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Sruthi Atmika

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

ഒരാള്‍ മാത്രം

മാത്രകള്‍ 
മണിക്കൂറുകളാവുന്നു,
മണിക്കൂറുകളാകട്ടെ 
ദിനങ്ങളെപ്പോലെ.
കാത്തിരിപ്പിനു 
അക്ഷമയുടെ കൂട്.
ഹൃദയമിടിപ്പിന്റെ 
വേഗത്തില്‍ 
ഇരുപ്പുറക്കാതെ 
നിലത്തുറക്കാതെ 
പാദങ്ങള്‍.

'ലേബര്‍ റൂമിന്റെ ഇടനാഴിയില്‍ എല്ലുമുറിയുന്ന വേദനയില്‍ നിലവിളിയുയരുമ്പോള്‍ കണ്ടു പതിഞ്ഞ കണ്ണുകള്‍ അനുഭവചൂടിന്റെ കരുത്തോടെ ദൈവങ്ങളെ തേടുമ്പോള്‍'

-ഒരാള്‍ മാത്രം 
വേദന തിന്ന് 
സമയത്തെയും 
സ്വാതന്ത്ര്യത്തെയും 
അടക്കിപ്പിടിച്ച് ..

      ഒടുവില്‍ 
      തണുത്തുറഞ്ഞ 
      ഉള്ളംകൈയിലേക്ക് 
      ഇളംചൂടോടെ 
      കുഞ്ഞിക്കാലുകളിളക്കി 
      ഒച്ചവെക്കുന്ന 
      പ്രാണനെ നെഞ്ചോടു ചേര്‍ത്ത്.

ചില നേരങ്ങള്‍ അങ്ങനെയാണ് 
വാക്ക് തോല്‍ക്കുന്ന നേരങ്ങള്‍!

 

....................
Also Read : ബലൂണ്‍, സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍

Also Read : ആണുങ്ങളില്ലാത്ത ലോകത്തില്‍, സിന്ദു കൃഷ്ണ എഴുതിയ കവിത
....................


തനിച്ച്

ആളുകളുടെ ബഹളവും കുട്ടിക്കുരുന്നുകളുടെ കളിചിരിയും കച്ചവടക്കാരുടെ വിലപേശലും യുവമിഥുനങ്ങളുടെ മധുരം പുരട്ടിയ നല്ല നേരങ്ങളും ചങ്ങാത്തങ്ങളുടെ നര്‍മ്മസംഭാഷണങ്ങളും എല്ലാം കൊണ്ട് നിറഞ്ഞ തീരം. അതിലേറെ 'നിറവു'മായി അലയടിച്ചുകൊണ്ടിരിക്കുന്ന കടല്‍. സമൃദ്ധിയും അഴുക്കും ഒഴുക്കും കൊണ്ട് ആര്‍ത്തലച്ചു വരുന്ന തിരമാലകള്‍.

എന്നിട്ടും 
ഞാനും കടലും 
എല്ലാത്തിനും സാക്ഷിയായ 
ആകാശവും തനിച്ച്. 

ആരോ വന്നു വിളിച്ചു,
ഞെട്ടി തിരിഞ്ഞു നോക്കി.

വിളിച്ചതാരാണ്?
ചോദിച്ചതെന്താണ്?
അതിനുള്ള 
ഉത്തരമെന്താണ്?
ഞാനിപ്പോളെവിടെയാണ്?
നേരം എത്രയായി? 
ഇതുവരെ 
ചിന്തിച്ചതെന്തായിരുന്നു? 
നോട്ടമെറിഞ്ഞു കൊണ്ട് 
നിന്നതെവിടേക്കായിരുന്നു?

ഓര്‍ത്തെടുത്തു 
രണ്ടുവാക്കില്‍ 
ചോദ്യത്തിനുത്തരമോതി 
വീണ്ടും തിരിഞ്ഞു നോക്കിയാ ദിക്കിലേക്ക്
അനുവാദം പോലുമില്ലാതെ 
കണ്ണുകള്‍ സ്ഥാനം പിടിച്ചു. 

ചിന്തകള്‍ക്ക് വിരാമമിട്ട് യാഥാര്‍ഥ്യത്തിലേക്ക് 
ഒറ്റച്ചോദ്യത്തിലൂടെ 
വലിച്ചിട്ട കണ്ണുകളെ 
തെല്ലു ആശങ്കയോടെയും 
പതര്‍ച്ചയോടെയുമാണ് 
നോക്കിയത്.
നോട്ടത്തിന്റെ ആഴത്തിനള 
നിന്നിലേക്കുള്ള ദൂരം
ഈ നിമിഷത്തിലേക്കുള്ള ദൂരം.

ദൂരം കൂടുതല്‍ ഉണ്മയിലേക്കാണ് .
പരമാര്‍ത്ഥം 
സമര്‍ത്ഥമായി 
അകന്നു പോയിരിക്കുന്നു 

വര്‍ത്തമാനം 
വര്‍ത്തമാനകാലത്തിനന്യമായിരിക്കുന്നു.
അടുപ്പം ഇന്നലെയോടാണ്.
ഇന്നലെകള്‍ 
ദൂരത്തിനന്യമായിരിക്കുന്നു.

എണ്ണിയാല്‍ തീരാത്ത 
തിരകളും താരങ്ങളും 
തിട്ടപ്പെടുത്താനാവാതെ 
തട്ടിത്തടഞ്ഞു പോവുന്ന 
ഞാനും ജീവിതവും.

അന്യമായിക്കൊണ്ടിരിക്കുന്നത് 
യാഥാര്‍ഥ്യമാണെന്നിരിക്കെ 
ജീവിതം 
അതിന്റെ കൈവഴിയാണെന്നിരിക്കെ 
കൈവിട്ടുപോവുന്ന 
യാഥാര്‍ഥ്യബോധം 
ഇന്നിന്റെ ചോദ്യങ്ങളേയും 
വാഗ്ദാനങ്ങളെയും 
ഉത്തരവാദിത്തങ്ങളെയും 
സ്വത്വത്തെയും 
ഞാനെന്ന സത്യത്തെയും 
നോക്കുകുത്തികളാക്കുന്നു.

ഇന്നിന്റെ ലോകം 
തന്മയത്വത്തോടുകൂടി 
എന്നില്‍ നിന്നകലുന്നു.

 

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

 

ഉത്തമം

ഉലകം തിരിയുകയാണ്
ഉയിരില്‍ 
തിരി തെളിയുകയാണ് 
തിരി കൊളുത്തി 
രാക്കിളികളെ നോക്കി 
ഇത്തിരി 
വെട്ടവുമായിരിക്കുന്ന ഗൃഹം 
വെട്ടമേറ്റിരിക്കുന്ന ഗ്രഹം. 

            ഗൃഹത്തിലാണിന്നിത്തിരി വെട്ടം 
            ഗൃഹത്തെ തേടിവരുന്ന 
            കിളികള്‍ക്കതൊത്തിരി വെട്ടമാണ്. 
            വട്ടം കറക്കുന്ന 
            ഘടികാര സൂചികളെ നോക്കി 
            അട്ടഹസിക്കാനുള്ളൊരിടം. 
         രക്തം പുറത്തെടുത്തു 
        കുത്തിനോവിക്കുന്ന 
          സൂചിമുനകളൊടിച്ചു 
         ചോരതുപ്പാനുള്ളൊരിടം. 

വിശപ്പിന്റെ 
വിളിയറിയാവുന്ന 
ഗൃഹത്തിന് 
മറ്റെല്ലാ നിലവിളികളും 
ഒന്നായി തോന്നി.

       ഉലക്കചിറ്റെടുക്കാത്ത 
       ഉത്തരം പറയേണ്ടാത്ത 
       ഉള്‍ക്കാഴ്ച്ച വേണ്ടാത്ത 
       ഇടമാണ്. 

ഉത്തമമായത് മാത്രം നല്‍കുന്ന ഉത്തമമായത് മാത്രം ചിന്തിക്കുന്ന ഉത്തരങ്ങള്‍ കഥപറയുന്ന 
ഇടത്തെ ഗൃഹമെന്നു വിളിക്കുന്നതാണോ വിളിക്കാതിരിക്കുന്നതാണോ ഉത്തമം. 

        ചേര്‍ന്ന് നില്‍ക്കുമ്പോള്‍ 
        ഒറ്റപ്പെടുത്തുന്നതാണോ 
        ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ 
        ഒറ്റപ്പെടുന്നതാണോ 
        ഉത്തമം 


ഉത്തരങ്ങള്‍ ചിത്രം വരക്കുന്നു!


 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios