Malayalam Poem : വാക്കുകള്‍, ശ്രീകല ശിവശങ്കരന്‍ എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ശ്രീകല ശിവശങ്കരന്‍ എഴുതിയ കവിത

chilla malayalam poem by Sreekala Sivasankaran

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam poem by Sreekala Sivasankaran

 

വാക്കുകള്‍ കുറച്ചക്ഷരങ്ങള്‍,
അതേ പഴയ അടുക്കു കല്ലുകള്‍. 
കൈപ്പിടിയിലൊതുങ്ങുന്ന 
ചെറിയ ചില അസംസ്‌കൃത വസ്തുക്കള്‍.
സൂക്ഷിച്ച് പണിയുമ്പോള്‍
വലിയ  നിര്‍മ്മിതികളാകുന്നവ. 

മലകളിലെ ധ്വനി, 
ഇലകളിലെ കോറല്‍, 
ഒരു ഹൈക്കു, ഒരു ഹിമകണം,
ഗുഹാചിത്രങ്ങള്‍,
യൗവ്വനത്തിന്റെ പുറത്തെ ചുവരെഴുത്ത്, 
കടലാസിലേക്കൊഴുകുന്ന ഹൃദയം, 
മഷിയുടെ നനവുള്ള 
മനസ്സിന്റെ മരുപ്രദേശം;
അര്‍ത്ഥങ്ങള്‍ കൊണ്ട് നിറയുന്നത്.

ഒരേ വാക്കുകള്‍ 
വലിയ വ്യതിയാനങ്ങളുണ്ടാക്കുന്നു.
അന്തമില്ലാത്ത അത്ഭുതങ്ങള്‍ 
ഒരേ നേരം ഉജ്ജ്വല സൗധങ്ങള്‍ തീര്‍ക്കുന്നു. 
ചാളയിലെ ജീവിതത്തിന്റെ ശബ്ദങ്ങളാകുന്നു. 
ശാന്തമായ നദി പോലെ 
വാണീ സരസ്വതി. 
പ്രകോപനപരമായ പടയൊരുക്കമായി 
ഗാര്‍ഗീ സംവാദം. 

വാക്കുകള്‍ 
ഇതിഹാസ യുദ്ധങ്ങളാണ്,
ഉടമ്പടിയിലെ കയ്യൊപ്പ് 
കല്ലായി വന്നു തൂവലായി മടങ്ങുന്ന ജാലവിദ്യ.
മഴനനഞ്ഞ ശവക്കല്ലറയ്ക്കു മുകളിലെ യാത്രാമൊഴി

വാക്കുകള്‍ വേനലിന്റെ  മുള്ളുകള്‍.
അഗാധമായ മുറിവുകളും 
അദമ്യഹര്‍ഷവും 
പറഞ്ഞറിയിക്കാനാവാത്ത സങ്കടങ്ങളും 
അത് വെളിപ്പെടുത്തുന്നു. 
സന്ദര്‍ശകരില്ലാത്ത നീണ്ട ദിനങ്ങളില്‍ 
വളരുന്ന ശൂന്യതയെ നിര്‍വ്വചിക്കുന്നു 
മദ്യത്തോടൊപ്പം തൊട്ടു കൂട്ടി 
ചവറു പോലെ തുപ്പിക്കളയുന്നു 

പറയാതെ മാറ്റി വെച്ച വികാരങ്ങളായി 
എല്ലു മുറിയുന്ന പണിയുടെ മുകളില്‍ 
അടിച്ചേല്‍പ്പിക്കപ്പെട്ട ക്രമമായി  
കുന്തമുനയില്‍ തേച്ച പ്രതികാരമായി,
കടന്നു പോകുന്ന ഓരോ നിമിഷത്തിന്റെ  
മേലുമുള്ള ചാട്ടവാറടിയായി,
അര്‍ത്ഥശൂന്യമായി,
എന്നാല്‍ കൃത്യമായി, 
പരിഹരിക്കാനാവാത്ത 
അപായമുണ്ടാക്കുന്ന 
രോഷമാകുന്നു.

വാക്കുകള്‍ ഉപേക്ഷിക്കപ്പെട്ട സ്‌നേഹമാണ്.
ചവറ്റു കൊട്ടയിലെറിയപ്പെട്ടത്,
അധരങ്ങളിലെ അവ്യക്ത ചലനങ്ങള്‍ 
നാറാണത്തു ഭ്രാന്തന്റെ പിറുപിറുപ്പ്,
ഇരുട്ടിലെ  തേങ്ങലിന്റെ ശബ്ദം, 
പാട്ടിന്റെ ആത്മാവ് 
നിറയെ ഓര്‍മ്മകളുള്ളത്,
നാമവയെ പെറുക്കിയെടുക്കാന്‍ ശ്രമിക്കുന്നു 
ഉടഞ്ഞ പാത്രത്തിന്റെ പൊട്ടിയ കഷണങ്ങള്‍ പോലെ 
കോണിലൊരിടത്ത് മാറ്റി വക്കുന്നു; 
കൂട്ടിച്ചേര്‍ക്കുവാനായി.

മറ്റൊന്നുമില്ലാത്തപ്പോഴും 
അവയുണ്ട് നമ്മുടെയുള്ളില്‍ 
സംസാരിച്ചു കൊണ്ട്. 
ഘനമേറിയ രാപ്പകലുകളില്‍ 
നമ്മെ ഉന്തിനീക്കിക്കൊണ്ട്. 
കാലത്തിന്റെ കുത്തൊഴുക്കില്‍ 
നമ്മെ പൊന്തിച്ചു കിടത്തിക്കൊണ്ട്
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios