Malayalam Poem : കാറ്റിനൊപ്പം നടന്നുപോയവള്‍, ശ്രീജ എല്‍. എസ് എഴുതിയ കവിതകള്‍

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ശ്രീജ എല്‍. എസ് എഴുതിയ കവിതകള്‍

chilla malayalam poem by Sreeja LS

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Sreeja LS

 

കാറ്റിനൊപ്പം നടന്നുപോയവള്‍

ഗുരുനാഥന്‍ ചോദിച്ചു
ഇത്ര കാലം
നീ എന്തു ചെയ്യുകയായിരുന്നു?

വലിയൊരു പാറക്കല്ല്
ഉരുട്ടി മലമുകളില്‍ കയറ്റി
താഴേക്കു തള്ളിവിട്ട്
രസിക്കുകയായിരുന്നു ഞാന്‍.

അപ്പോള്‍ നീയുമൊരു
നാറാണത്ത് ഭ്രാന്തിയായിരുന്നല്ലേ എന്ന് ഗുരു.

കളിക്കൂട്ടുകാരി ചോദിച്ചു
ഇത്രകാലവും
നീ എവിടെയായിരുന്നു?

അറിയാത്ത കൂട്ടുകാരനൊപ്പം
കഞ്ഞിയും കറിയും വെച്ച്
പാവക്കുഞ്ഞുങ്ങളെ
ഊട്ടിയും ഉറക്കിയും
അച്ഛനുമമ്മയും
കളിക്കുകയായിരുന്നു ഞാന്‍.

അപ്പോള്‍ നീയും എന്നെപ്പോലൊരു
പൊട്ടിപ്പെണ്ണായിരുന്നല്ലേ എന്ന് കൂട്ടുകാരി.

പണ്ടത്തെ കാമുകന്‍ ചോദിച്ചു
ഇത്രകാലവും
നീ എങ്ങനെയായിരുന്നു?

തെരുവോരത്തും കടലോരത്തും
പാട്ടുപാടി നൃത്തം ചെയ്ത്
കാറ്റിനൊപ്പം ഉല്ലസിച്ചു
പറന്നു നടക്കുകയായിരുന്നല്ലോ ഞാന്‍.

അപ്പോള്‍ നീയും
മറ്റേ കൂട്ടത്തിലായിരുന്നല്ലേ?

മുനവച്ച ചോദ്യത്തില്‍
മുറിഞ്ഞു പോയി
പ്രണയം തളിര്‍ത്ത
ഓര്‍മ്മയുടെ ഇളം ചില്ല

പണ്ടെന്നോ അവന്‍ സമ്മാനിച്ച
മുദ്രമോതിരം വലിച്ചെറിഞ്ഞ്
പൊട്ടിച്ചിരിച്ച്
കാറ്റിന്റെ കൈ പിടിച്ച്
ഞാന്‍ വെയിലത്തേക്കിറങ്ങി.


നരകം

ഭൂമിയില്‍ കാണാത്ത
ദൈവത്തെ അന്വേഷിച്ച്
സ്വര്‍ഗവാതില്‍ക്കല്‍ ചെന്നപ്പോള്‍
ചെകുത്താന്‍  പറഞ്ഞു,
നരകത്തില്‍ വസിച്ചു മടുത്ത ഞാന്‍ 
ദൈവത്തെ  നരകത്തിലേക്കയച്ചു; 
സ്വര്‍ഗം ഇപ്പോള്‍ എന്റേതാണ്.

'ഭൂമിയില്‍ കോടാനുകോടി
പാപികളെ സൃഷ്ടിച്ച് 
നരകത്തിലേക്കു വിട്ട
ദൈവവും അനുഭവിക്കട്ടെ
കുറച്ചു കാലം
നരകശിക്ഷ',
ചെകുത്താന്‍ അട്ടഹസിച്ചു.

ശാസ്ത്രം ജയിച്ചിട്ടും
മനുഷ്യന്‍ തോറ്റു പോയ
ഭൂമിയില്‍ വീണ്ടും മുഴങ്ങുന്നു 
യുദ്ധ കാഹളങ്ങള്‍.

അറ്റു വീഴുന്നു കബന്ധങ്ങള്‍.

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍
തെരുവുകളില്‍ 
നാവുനീട്ടി അലയുന്നു.

കടിച്ചു തുപ്പിയ
കരിമ്പിന്‍ ചണ്ടിപോലെ 
പൊന്തക്കാടുകളില്‍
ചോരവാര്‍ന്നു കിടന്ന
പേടമാനുകളുടെ
കണ്ണുകളില്‍
ആര്‍ത്തു പറന്നു 
മണിയനീച്ചകള്‍.

തുളച്ചുകയറീ കാതില്‍
മുള്ളു മുരള്‍ച്ചകള്‍.

വെട്ടും കുത്തുമേറ്റ്
നരകവാതില്‍ക്കല്‍
മരിച്ചുകിടന്നു, ദൈവം.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios