Malayalam Poem : അതിജീവനം, സ്‌നേഹ മാണിക്കത്ത് എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സ്‌നേഹ മാണിക്കത്ത് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നിങ്ങള്‍ കണ്ടിട്ടുള്ള
സോഫയുടെ അടിയില്‍
പതുങ്ങിയിരിക്കുന്ന
വെളുത്ത പൂച്ചക്കുട്ടി
അമ്മ ദോശപ്പൊട്ടു കൊടുത്തു
പരിലാളിക്കുന്ന
അണ്ണാന്‍ കുഞ്ഞിനെ
തിന്നാല്‍
അവന്റെ ഇരപിടുത്തം
കൗതുകത്തോടെ
നോക്കി നില്‍ക്കാനാണ്
നിങ്ങളും ശ്രമിക്കുക
പൂച്ചയ്ക്കും
അണ്ണാനും
പകരം
നിങ്ങളും ഞാനും ആണെങ്കില്‍
പ്രത്യയശാസ്ത്രം
ചുമച്ചുകൊണ്ട്
ഇഴഞ്ഞൊരു രോഗിയെപ്പോലെ
കടന്നുവരും
മരിച്ച അണ്ണാനു
പകരം അമ്മ
മറ്റൊന്നിനു
ദോശ നല്‍കും
യന്ത്രം പോലെ
പൂച്ച വീണ്ടും ചലിക്കും
സോഫയ്ക്ക് അടിയിലെ
കിടപ്പാടം അപ്പോഴും
പൂച്ചയ്ക്ക് കാണും
ശുഭ കാര്യങ്ങളില്‍
ഗന്ധര്‍വ സാന്നിധ്യമായി
അത് വിലസും
പാവം അണ്ണാനെക്കുറിച്ച്
പലരും മറന്നു വെച്ചത്
കൊണ്ട്
കുഴിമാടത്തില്‍ നിന്ന്
പുറത്തേക്കിഴഞ്ഞു
വീണ്ടും ഉയരമുള്ള
മരത്തില്‍ കയറി നിന്ന്
പൂച്ചയെ പുച്ഛിക്കും
രണ്ടാം വട്ടവും
മരണപ്പെട്ടാലും
അവളെറിഞ്ഞ
നോട്ടത്തിന്റെ
തീക്ഷ്ണതയില്‍
ഉരുകി പൂച്ച
മീന്‍ മുള്ളു
കടിച്ചു തുപ്പി
ഛര്‍ദിക്കും.
ഇരയും
വേട്ടക്കാരനും
ഇടയ്ക്കുള്ള
ദൂരം
അതിജീവനമാണ്.