Malayalam poem : പച്ചനിറം കൊണ്ടു പെണ്ണിനെ വരയ്ക്കുമ്പോള്‍, സ്മിത്ത് അന്തിക്കാട് എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സ്മിത്ത് അന്തിക്കാട് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അവളുടെ വാക്കുകളില്‍
കൊടുങ്കാറ്റ് കൂടുവെക്കുന്നു
സ്പര്‍ശത്തിന്‍ തൂവല്‍ പൊഴിച്ച്
ഒരു കിളി പറന്നു പോകുന്നു
ദേശാടന ദൂരങ്ങളില്‍ നിന്ന്
കാറ്റിനൊപ്പം
അടയിരുന്നു മുട്ടവിരിയിക്കാന്‍
ഒരോര്‍മയെത്തുന്നു
മെലിഞ്ഞ ശ്വാസത്തില്‍
ജീവനുലഞ്ഞു കത്തുന്നു
അവളുടെ ചലനങ്ങളില്‍
ജലഗീതികളുണരുന്നു
ആലിംഗനങ്ങളില്‍
പുതുമഴ പെരുക്കങ്ങള്‍
ഇത് ഭ്രാന്തമായ ജലപല്ലവി
ആദ്യരതിയുടെ
ഉഷ്ണപ്രവാഹങ്ങള്‍ നിറഞ്ഞ
ഉടല്‍
ജലഞരമ്പ് തേടി
അവളുടെയുടലില്‍
വേരുകള്‍ നീളുന്നു
മഴവെള്ളം നിറഞ്ഞ
കോളിനു കുറുകെ
താറാവു വഞ്ചിക്കാരുടെ
കൂവല്‍ പോലെ
ബാല്യത്തിലേയ്ക്കു
തിരിച്ചോടുന്നു
കറുകമണം നിറഞ്ഞ
ഒരോര്‍മ
അവളുടെ മുടി
ഭൂമി പിളര്‍ന്നു താഴ്ന്ന
മുറിവിനെ മൂടുന്നു
കൈതണ്ടില്‍ ഭൂമി സ്പന്ദിക്കുന്നൊരു
പച ഞരമ്പു തെളിയുന്നു
ആദ്യമഴ മഴയേറ്റു ശമിച്ച
മണ്ണിന്റെ മണമേറ്റ്
പഴയ പ്രണയത്തിലേയ്ക്ക്
മുലക്കണ്ണുകളുണരുന്നു
നീലിമ പടര്‍ന്നു
അവളുടെ മിഴികളില്‍
ആകാശമുദിക്കുന്നു
ഇലമുളച്ചിയെ പോലെ
ഉടല്‍ നിറയെ വേരുകളാഴ്ത്തി
പടരുന്നു, മരണം
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...