ഇടവഴി
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ശിവാനി ശേഖര്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
പകല്‍, വിളക്കുവെച്ചിട്ടും,
ഇരുട്ടുതിന്ന ഇടവഴി മരിച്ചിരിക്കുന്നു!
സിമന്റ്കൂട്ടി വാര്‍ത്ത
തറയോടുകള്‍ക്കടിയിലാണ്
അടക്കം ചെയ്തിരിക്കുന്നത്!
ഇരുവശവും പായല്‍ത്തണുപ്പ്
സദാ ചൂഴ്ന്നുനിന്ന
അതിരുകയ്യാലകള്‍
തലതല്ലി വീണിരിക്കുന്നു!
നാട്ടുമാങ്ങയുടെ ചുനമണമുള്ള കാറ്റ്
കരച്ചിലടക്കാന്‍ പാടുപെടുന്നുണ്ട്!
പണ്ട്, ഇടവപ്പാതിയും
തുലാവര്‍ഷവും
ചിലമ്പെടുക്കുന്ന കാലം!
ഇടിമുഴക്കത്തിന്റെ,പെരുമ്പറമേളങ്ങളില്‍
അരിക്കൂണുകള്‍ മുളപൊട്ടിയ കാലം!
ഇടവഴിയുടെ വേര്‍തിരിവില്‍
അയിത്തം ഭാവിച്ചിരുന്ന
കുളവും കിണറും തോടും
ത്രിവേണിയെപ്പോല്‍
ഒന്നുചേര്‍ന്നിരുന്ന കാലം!
അന്ന് ഇരുണ്ടമേഘങ്ങള്‍
തുടച്ചുനീക്കി, മഴക്കാലം
പടിയിറങ്ങുമ്പോള്‍
വെയില്‍വരമ്പുകള്‍
വഴിതെളിച്ചിരുന്നു!
നീര്‍ വലിഞ്ഞ് നനുത്ത
പുല്‍നാമ്പുകള്‍ വീണ്ടുമുയര്‍ത്തെഴുന്നേല്ക്കുമ്പോള്‍
നാഗങ്ങള്‍ ഇണചേരാനെത്തിയിരുന്നു!
അവരുടെ ഉടല്‍പ്പെരുക്കങ്ങളില്‍
ശ്വാസമടക്കിപ്പിടിച്ച്
താമരത്തണ്ടുകള്‍
കുളത്തിലൊളിച്ചിരുന്നു!
ബദാംമരത്തിന്റെ
കായ്കള്‍ പൊഴിച്ചിട്ട്
വഴിപോക്കരെ ആവാഹിച്ച
ആ ഇടവഴി മരിച്ചപ്പോള്‍
തകര്‍ന്നുപോയ
തോടും കുളവും കിണറും
മണ്ണിട്ട് മൂടി ജീവനൊടുക്കി!
കാതോര്‍ത്തു നിന്നാല്‍ കേള്‍ക്കാം
തറയോടുകള്‍ക്കിടയില്‍,
ഇടവഴി പതം പറഞ്ഞു കരയുന്നത്