Malayalam Poem: അതിര്, സിന്ദുകൃഷ്ണ എഴുതിയ കവിതകള്‍
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സിന്ദുകൃഷ്ണ എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അതിര്
രണ്ടു രാജ്യങ്ങളിലെ
അതിര്‍ത്തി തിരിച്ച മുള്‍വേലികളെന്നാണ്
മുനയൊടിഞ്ഞ് മഞ്ഞപ്പൂക്കളെ
മണമായ് വിടര്‍ത്തിയത്?
കെട്ടിനിര്‍ത്തിയ പുഴകള്‍
അതിര് ലംഘിച്ചെന്നാണ്
ഒഴുകി നീലയായത്?
സൗഹൃദത്തിന്റെ
പൂവാടിയിലേക്ക്
നീയൊരു ശലഭത്തെ
തുറന്നു വിടുന്നു!
അലഞ്ഞു തിരിയുന്ന കാറ്റിലേക്ക്
ഞാന്‍ ഉമ്മകളെ പറത്തിവിടുന്നു!
ഗ്രീഷ്മങ്ങളെന്നില്‍ ചുട്ടുപ്പൊള്ളുമ്പോള്‍
നീയൊരു മഴക്കോളായി കൊതിപ്പിക്കുന്നു..
മഴപ്പാട്ടിനീണമായ് നീയെത്തുമ്പോള്‍
ഞാനൊരു കടലായി പാവാട ഞൊറിയുന്നു..
അകലം പേറുന്ന ചിന്തകളെ
നാടു കടത്തിയിട്ട്
നമ്മളെന്ന ഒറ്റവാക്കിനെ
നീയെപ്പോഴാണ് അടിവരയിട്ട്
ചുവപ്പിച്ചത്!
ഇനിയുമെഴുതിത്തീരാത്ത
കവിതകള്‍ക്കു വേണ്ടി
നമ്മളെപ്പോഴാണ്
പുതിയ ഭാഷ നിര്‍മ്മിച്ചൊരു
രാജ്യമാകുന്നത്?
തടവുകാരി
ബാധ്യതയുടെ
നിലയില്ലാ കയങ്ങളിലേക്ക്
പൊടുന്നനെ
ഞെട്ടറ്റു വീണ
ഒരുവളെ കണ്ട്
ഹൃദയത്തിലൊരു
മുറിപ്പാടു തേങ്ങി.
പാതിയെ പിരിഞ്ഞ ആദ്യകണ്ടുമുട്ടലില്‍
ഞങ്ങള്‍ക്കിടയില്‍
വാക്കു മരിച്ച്,
മൗനം കനംതൂങ്ങിയപ്പോള്‍,
കണ്ണീര്‍ പൊഴിക്കാത്ത
നിര്‍വികാരതയില്‍
ഞാനവളുടെ
കല്ലിച്ച മനസ്സിനെ വായിച്ചെടുത്തിരുന്നു.
അവളെയറിയാന്‍
മനസ്സുകൊണ്ടൊന്ന് തൊട്ടാല്‍ മതി.
വെന്തുപോയവളുടെ മനസ്സിന്റെ
പാതിയടര്‍ന്നൊപ്പം പോന്നേക്കും.
പിന്നെയോ,
ചിരിച്ചു കൊണ്ടൊരു സൂര്യന്‍
എരിച്ചു കളഞ്ഞ,
മുളയ്ക്കാത്ത സ്വപ്നങ്ങളിലെ
നിസ്സംഗതയുമറിയാം
നരച്ചു മങ്ങിയ ആശയുടെ
അറ്റം കാണാത്ത
ഒരാകാശം കാണാം.
തുടിച്ചു പോയ സന്ധ്യകളിന്ന്
തനിച്ചിരിപ്പുകളുടെ പകര്‍പ്പുകള്‍!
തിരിച്ചു പോക്കിലേക്കു
നടക്കാനാവാത്ത ദൂരമാണന്ന്
ഉലയില്‍ പഴുക്കുന്ന ചിന്തകള്‍.
ഇനിയുമെത്ര കടമ്പകള്‍
നിദ്രയറ്റ യാമങ്ങള്‍.
തളരാതെ, താണ്ടുവാന്‍
എഴുത്തില്ലാതോര്‍ത്തു വെയ്ക്കുവാന്‍!
ചിരിച്ച പുലരികളസ്തമിച്ചു.
ദിക്കു നോക്കാതൊരു
കണക്കിന്‍ കാറ്റടിക്കുന്നു
പെരുക്ക സംഖ്യകളില്‍ കുരുങ്ങിപ്പിടഞ്ഞ്
തേജസുറ്റ ദേഹകാന്തിയില്‍
മോഹഞരമ്പുകള്‍
വലിഞ്ഞുമുറുകി ഓജസ്സു വറ്റിയവള്‍!
അവളിന്നും
കുടിശ്ശിക ബാക്കിയുടെ അടവുകാരി!
തീരാത്ത പലിശക്കണക്കിന്‍ തടവുകാരി!
പ്രകാശമില്ലാത്ത പുഞ്ചിരിയുടെ കൂട്ടുകാരി!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...