ഒരുമ്പെട്ടോള്‍
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സൗരവ് എം എ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ഒരുമ്പെട്ടോള്‍
പെറ്റെണീച്ച്
പണിയ്ക്ക്
പോവുമ്പോള്‍
പെരയ്ക്കകത്തെ
പെണ്ണുങ്ങള്‍
രഹസ്യത്തില്‍
പുലഭ്യം പറഞ്ഞു.
അമ്മയാണ്,
പെണ്ണാണ്
കുഞ്ഞിനെപ്പറ്റി
വിചാരമില്ലാത്ത
ഒരുമ്പെട്ടോളാണ്.
മുലയൂറ്റി പാല്‍കുപ്പിയില്‍
നിറയ്ക്കുമ്പോ
ഓള്‍ ഉള്ളില്‍
പറഞ്ഞു.
പെണ്ണാണ്,
പണിവേണം
സ്വന്തം കാലില്‍
നില്‍ക്കേണം.
ഓള്‍ പണിയ്ക്ക്
പോവുമ്പോള്‍
കേട്ട്യോന്‍
നെറ്റി ചുളിച്ചു,
ഓള് പുരികവും.
കുഞ്ഞു കരയും
ഓന്‍ ഓര്‍മ്മിപ്പിച്ചു.
തോളത്തെടുത്തും
തൊട്ടിലിലിട്ടും
താരാട്ട് പാടിയാല്‍
കൊച്ചൊറങ്ങും
ഓളോനെ
ഓര്‍മ്മപ്പെടുത്തി.
ആശുപത്രിയില്‍
മുള്ളാന്‍ നേരല്ല്യാണ്ട്
ഓടുമ്പോ,
സിറിഞ്ചില്‍
മരുന്ന് നിറയ്ക്കുമ്പോ,
പ്രസവവാര്‍ഡിലെ
കുഞ്ഞി കരച്ചില്‍
കേള്‍ക്കുമ്പോള്‍,
ഓള് മോനെയോര്‍ക്കും.
പണികഴിഞ്ഞു
പെരേലെത്തുമ്പോ
ഓളുടെ ചവിട്ടടി
വീണ് തഴമ്പിച്ച
അടുക്കള വഴി
നോക്കും.
മുട്ടുകുത്തി
അമ്മേന്നു വിളിച്ചു
വരുന്ന കൊച്ചിനെ,
ചപ്പാത്തി ചുട്ടോണ്ട്
ഓള്‍ ലാളിച്ചൊറക്കും.
അപ്പോഴും ഉള്ളിലെ
പെണുങ്ങള്‍
മുറുമുറുക്കല്‍ തുടരും.
എന്തൊരു ഒരുമ്പെട്ട പെണ്ണ്.