Malayalam Poem: ആരാണവള്‍; അയാള്‍?, സതീഷ് കളത്തില്‍ എഴുതിയ കവിത
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സതീഷ് കളത്തില്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അങ്ങ്,
ആ മലഞ്ചെരുവിനു മുകളിലെ
ആകാശക്കോണുകളില്‍,
നിശബ്ദമായ്
അടയിരിക്കുന്ന മേഘങ്ങള്‍ക്കിടയില്‍
പലപ്പോഴും,
ഞാന്‍ പോയി
പതുങ്ങിയിരിക്കാറുണ്ട്.
അവിടെനിന്നും ഉയരാറുള്ള
ആ പാട്ടുകള്‍ക്കെന്തു ചന്തമാണ്?
അതിത്രമാത്രം മധുരതരമായി പാടുന്ന
ആ പൂങ്കുയിലാരാണ്?
ചിലപ്പോളേതോ പെണ്‍കുയില്‍,
ചറപറാന്ന് ഞാറ് നടുംനേരം
പാടുന്നതാകാമെന്നു തോന്നും;
പാടത്തെ ചേറില്‍നിന്നെന്നപോലെ,
വിയര്‍പ്പിന്‍റെ ഒരു വന്യസുഗന്ധം
വിരുന്നെത്താറുണ്ട്, ആ സമയമെന്നില്‍.
പലപ്പോഴുമത്,
പ്രണയത്തിന്‍റെ നഷ്ടക്കണക്കുകളുടെ
അനുവര്‍ത്തനംപോലെയോ
അരികെയുള്ള പ്രണയത്തിന്‍റെ
ആശ്ലേഷം പോലെയോയൊക്കെയുള്ള
അനുരാഗപ്പാട്ടുകളായും തോന്നാറുമുണ്ട്.
ആകാശത്ത്,
അവളില്‍ ജീവിക്കുന്നേതോ നാമമവള്‍
അടയാളപ്പെടുത്തിയിടുന്നതുപോലെ...
കന്മഷം തീണ്ടിയെത്തുന്ന മനസിന്,
ഉന്മേഷം പകരാതെ കടന്നുപോകാറില്ലവ.
ഉള്ളിനെ നങ്കൂരത്തില്‍ കൊളുത്തിവിടുന്ന
അഹങ്കാരമാണെപ്പോഴുമാ സ്വരത്തിന്.
'ആരാണവള്‍; അയാളും...?'
ആ മേഘങ്ങളവിടെ പെയ്യാന്‍ മടിച്ച്
അടയിരിയ്ക്കാറുള്ളതും ഒരുപക്ഷെ,
അതറിയാന്‍തന്നെയാകണം.
അതുകൊണ്ടുകൂടിയാണെനിക്കും,
അവിടെ ചെന്നിരിക്കാന്‍ തോന്നുന്നതും;
അന്വേഷിക്കാന്‍ തോന്നാതിരിക്കുന്നതും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...