Asianet News MalayalamAsianet News Malayalam

ക്ലാര, നീയിപ്പോള്‍ എവിടെയാണ്, സതീഷ് കളത്തില്‍ എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സതീഷ് കളത്തില്‍ എഴുതിയ കവിത

chilla malayalam poem by Satheesh kalathil
Author
First Published Dec 30, 2022, 3:42 PM IST

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Satheesh kalathil

 

നുരഞ്ഞുപോയ വീര്യം
നുണഞ്ഞിരിക്കുമ്പോള്‍:

പ്രിയപ്പെട്ട ക്ലാര,
നീയിപ്പോള്‍ എവിടെയാണ്?

ആവര്‍ത്തനത്തിലൂടെ
വിരസമാക്കപ്പെടുന്ന
വിശുദ്ധ പ്രണയങ്ങളില്‍
അവിശ്വാസമെഴുതിച്ചേര്‍ത്ത്;
വിലക്കുകളുടേയും
വീണ്ടുവിചാരങ്ങളുടേയും
തടങ്കല്‍പാളയത്തില്‍നിന്നും
സ്വാതന്ത്ര്യം പ്രഖ്യാപിച്ച്;
ഉപരിപ്ലവങ്ങളായ
പ്രണയാഖ്യാനങ്ങളെ
പുറംകാലാല്‍ നിരാകരിച്ച്;
പ്രണയത്തില്‍,
ഉദാരവല്‍ക്കരണമേര്‍പ്പെടുത്തി;
പ്രണയത്തിന്റെ പറവയായി
സ്വയം അവരോധിക്കപ്പെട്ട
നിന്നെയല്ലാതെ മറ്റാരെയാണ്
എനിക്കു പ്രണയിക്കാനാവുക?

ഓരോ നിശ്വാസത്തിലും
പ്രണയത്തിന്റെ രതി
ഒളിപ്പിച്ചുവെച്ചിരുന്ന നിന്നെ
ഉണര്‍ന്നിരിക്കുന്ന പൗരഷങ്ങള്‍ക്കെങ്ങനെ
പ്രണയിക്കാതിരിക്കാനാകും?

എന്റെ
ചൂണ്ടുവിരലിനും
നടുവിരലിനുമിടയില്‍ എരിഞ്ഞിരുന്ന
ചാര്‍മിനാറിന്റെ ഗന്ധം,
നിന്റെ ചുണ്ടുകളില്‍നിന്നും
ഞാനുമ്മവെച്ചെടുക്കുമ്പോള്‍...
ഞാന്‍ വലിച്ചു തീര്‍ത്ത
ചാര്‍മിനാറിന്റെ രുചി,
എന്റെ ചുണ്ടുകളില്‍നിന്നും
നീ വലിച്ചെടുക്കുമ്പോള്‍...

എന്റെ
കറുത്തുതടിച്ച ചുണ്ടുകളില്‍
പഴുത്തു പാകമായൊരു
സൂര്യഗോളത്തിന്റെ
ചുകപ്പ് പടരുന്നത്
നിന്റെ കണ്ണുകളിലല്ലാതെ
മറ്റെവിടെയാണ്
ഞാന്‍ കണ്ടിട്ടുള്ളത്?

അതിര്‍ത്തി കെട്ടിത്തിരിക്കാത്ത
കടല്‍ഭിത്തികള്‍ക്കടിയിലും
കാവല്‍ക്കാരില്ലാത്ത
പാറക്കൂട്ടങ്ങള്‍ക്കിടയിലും നമ്മള്‍
നഗ്‌നതയണിഞ്ഞു കിടന്നപ്പോള്‍...

മാറുകളിലും നാഭികള്‍ക്കടിയിലും
പൊടിഞ്ഞു വീണിരുന്ന  
വിയര്‍പ്പുകണങ്ങളെ
പരസ്പരം നക്കിത്തുടച്ച്,
അച്ചാറിന്
കടലിന്റെ ഉപ്പിനേക്കാള്‍
കടുപ്പം കൂടുതലാണെന്ന്
ഹുഹോയ്... ന്നും പറഞ്ഞ്,
ഊരിയെടുത്ത അടിവസ്ത്രങ്ങള്‍
കടലമ്മയുടെ മുഖത്തേക്ക്
വലിച്ചെറിഞ്ഞപ്പോള്‍...

കാര്‍പ്പിച്ചുവന്ന കഫം
അടിവയറ്റില്‍ ദഹിക്കാതെ
കിടന്നിരുന്നതടക്കം
ഊക്കനെ ഭൂമിയിലേക്ക് തുപ്പി,
ഒഴിഞ്ഞു കിടന്നിരുന്ന
ഒറ്റ പ്ലാസ്റ്റിക്ക് കപ്പില്‍
പ്രണയത്തിന്റെ ചുമപ്പ്
വീണ്ടും വീണ്ടും നിറച്ച്,
ഒറ്റവലിയില്‍ തീര്‍ക്കാതെ
ഒരു സിപ്പ് നീയും
ഒരു സിപ്പ് ഞാനും
മോന്തിക്കൊണ്ടിരുന്നപ്പോള്‍...

കൈകള്‍ പിണച്ചുകെട്ടാതെ
കാലുകള്‍ വാലുകളാക്കി
ഇറുക്കിക്കെട്ടി,
വലകടിയന്‍ പാമ്പുകളെപോലെ
കടല്‍പ്പരപ്പിലെ ഓളങ്ങള്‍ക്കൊപ്പം
നമ്മളങ്ങനെ പൊങ്ങിക്കിടന്നപ്പോള്‍...
മുകളില്‍,
വെള്ളവയറന്‍ പരുന്തുകള്‍
വട്ടംചുറ്റിയിരുന്നത്
കണ്ടില്ലെന്നു നടിച്ചിരുന്നു നമ്മള്‍.  

മേടച്ചൂടകന്നപ്പോള്‍,
കനംവെച്ച
തണുത്ത കാറ്റില്‍ മയങ്ങിപ്പോയ
എന്റെ പൗരഷത്തിനെ നീ
ചുംബനങ്ങള്‍കൊണ്ടുണര്‍ത്തുമ്പോള്‍,
എന്റെയും നിന്റെയും
പ്രണയസ്വാതന്ത്ര്യം
ചിറകുകളില്ലാതെ പറന്നുയരുമായിരുന്നു.
വിസ്തൃതമായ എന്റെ
വലതുചുമലില്‍ 
നിന്റെ
വീര്‍ത്തുന്തിയ മാംസളം
അമര്‍ത്തിവെച്ചിരുന്ന്
അന്നു നീ പറഞ്ഞത്
ഞാനിപ്പോഴും ഓര്‍ക്കുന്നു,
'ഉടമ്പടികളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.
നീയെന്നല്ല,
അന്യനെന്ന് വിധിക്കപ്പെടുന്ന
ഒരു പുരുഷനും എനിക്കന്യനല്ല;
അവരെല്ലാം എന്റെ പ്രണയങ്ങളാണ്..'

പ്രിയേ...,
വെളുത്ത കണ്ണുകളും
വെളുത്ത കാലുകളുമുള്ള
കുതിരയെപോലെ,
അതിരുകളില്ലാത്ത പ്രണയങ്ങളില്‍
അശ്വമേധങ്ങളെ തേടിയുള്ള
നിന്റെ യാത്രകളില്‍
നീയിപ്പോള്‍ എവിടെയായിരിക്കും?

ഈ ഡിസംബറിലെ
അവസാന മഞ്ഞും പെയ്‌തൊഴിയുന്ന;
ഈ നനുത്ത രാത്രിയിലെ
അരണ്ട വെളിച്ചത്തില്‍,
ഏതോ ചക്രവാകം മീട്ടുന്ന
വിരഹ സംഗീതത്തിന്റെ
നേര്‍ത്ത അകമ്പടിയില്‍,
ചില്ലുഗ്ലാസ്സിലെ,
നുരഞ്ഞുപോയ വീര്യം
നുണഞ്ഞിരിക്കുകയാണ് ഞാന്‍!

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios