Malayalam Poem: മരബുദ്ധന്‍, സതീശന്‍ ഒ പി എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സതീശന്‍ ഒ പി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഒരു മരം ധ്യാനിക്കുമ്പോള്‍,
അതിന്റെ വേരുകള്‍
അടഞ്ഞു പോയ
ഒരു നീരുറവയെ തൊടുന്നു.
ഉള്‍ക്കണ്ണുകൊണ്ട് കാട് കാണുകയും
വിദൂര ദേശത്തുള്ള
ഒരിക്കലും കണ്ടിട്ടില്ലാത്ത
തന്റെ കൂടപ്പിറപ്പുമായി
ആത്മ ഭാഷണത്തില്‍
ഏര്‍പ്പെടുകയും ചെയ്യുന്നു.
ഒരു മരം ധ്യാനിക്കുമ്പോള്‍
അതിന്റെ ചില്ലകള്‍
ഭാവിയിലെ പരിണാമത്തെ
ദര്‍ശനപ്പെടുന്നു.
കട്ടിലായോ കുരിശായോ
വീണയായോ വാദ്യമായോ
ഓരോ അണുവും വിറകൊള്ളും.
ഇലകള്‍ കിളികളായി
ഇലക്കിളികളായി
തോറ്റം ചൊല്ലും.
ഒരു മരം ധ്യാനത്തിലാവുമ്പോള്‍
അതിന്റെ നിഴലുകള്‍ പോലും
പച്ചയാവും.
താഴെ ഒരു മനുഷ്യന്‍
വിശ്രമിക്കാനെത്തും.
ആടകളഴിഞ്ഞു നഗ്‌നമായ പ്രകാശമേറ്റു
ബുദ്ധന്റെ മുഖം ജ്വലിക്കും.
അയാളും ധ്യാനത്തിലേക്കു
വഴുതി വീഴും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...