ദൈവം പോലും വിശ്രമിച്ച ഏഴാം ദിവസം വൈകുന്നേരം, സാറാ ജസിന്‍ എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സാറാ ജസിന്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
എല്ലാത്തിനുമൊടുവില്‍
ഏഴാം ദിവസം
ദൈവം വിശ്രമിച്ച ഒരു വൈകുന്നേരമാണ്
ഞാനെന്റെ ബാല്‍ക്കണിയില്‍ നിന്നും
താഴേക്ക് ചാടുന്നത്.
ഞങ്ങളോരോ ഏലയ്ക്ക ചായയൊക്കെ കുടിച്ചു
വര്‍ത്തമാനം പറഞ്ഞിരിക്കുവായിരുന്നു.
രബീന്ദ്രനാഥ് കവിത
രൂപങ്കാറിന്റെ ശബ്ദത്തില്‍ കേള്‍ക്കുകയും,
ഇന്‍ഡിഗോയെന്ന നിറത്തിന്റെ
ആഴത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്യുകയായിരുന്നു.
പെട്ടെന്ന് സന്ധ്യയുടെ വിഷാദം ഞങ്ങളെ ബാധിച്ചു.
പെട്ടെന്ന് ദൈവം തനിസ്വഭാവം കാണിച്ചുതുടങ്ങി.
നീയിന്നുണ്ടാക്കിയ ചായയില്‍
തീരെ സമര്‍പ്പണമില്ലയെന്നും
ഏലയ്ക്ക വാഴ്ത്തിയില്ലയെന്നും പറഞ്ഞു.
പെട്ടെന്ന് ഞാന്‍ മനുഷ്യന്റെ ഗുണവും കാണിച്ചു.
എതിര്‍ത്തു.
തര്‍ക്കിച്ചു.
പൊട്ടിത്തെറിച്ചു.
എല്ലായ്‌പ്പോഴും സ്തുതികളിലിരിക്കുന്ന നിങ്ങള്‍ക്ക്
അടുപ്പിന്‍ ചൂട് അറിയില്ലയെന്ന് കുറ്റപ്പെടുത്തി.
കോടാനുകോടി മനുഷ്യരെ സൃഷ്ടിക്കുന്ന
എനിക്കെല്ലാമറിയാമെന്ന് പുള്ളിയും.
വല്ലഭത്വം മാറ്റി മനുഷ്യത്വം വരട്ടെയെന്ന് ഞാനും
എല്ലാ മനുഷ്യനും മേലെയാണ്
തന്റെ നാമമെന്ന് ദൈവവും പറഞ്ഞു.
ഞാന്‍ തേയില വാങ്ങാന്‍ പോയ ബസ്സിലെ കഥപറഞ്ഞു.
അപ്പോള്‍ എനിക്ക് പലതും അസാധ്യമാണെന്നും
ദൈവത്തിന് എല്ലാം സാധ്യമാണെന്നും വാദിച്ചു.
എങ്കില്‍ നിങ്ങള്‍ തന്നെയൊരു ചായയുണ്ടാക്കൂവെന്ന് ഞാന്‍ അലറി.
അതിന് അയാള്‍
സീസറിനുള്ളത് സീസര്‍ക്കും
ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന് പറഞ്ഞു.
മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തു തരണമെന്നു
നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യണമെന്നും കൂട്ടിചേര്‍ത്തു.
തര്‍ക്കം മൂത്തുമൂത്ത് ഞാന്‍
ബാല്‍ക്കണിയുടെ കൈവരിയില്‍ കയറി നിന്നിട്ട്
ഒരോ ദിവസത്തിനും
അതിന്റെ ക്ലേശം മതിയെന്ന് പറഞ്ഞു.
നീ പിറകിലേക്ക് വീഴാതെ സൂക്ഷിക്കണമെന്ന് ആശാന്‍
കാറ്റിനെയും കടലിനെയുമെന്ന പോലെ ശാസിച്ചു.
അതിന് ഞാന്‍ പൊടിയാകുന്നു,
പൊടിയില്‍ തിരികെ പോകുന്നുവെന്നും
മരിക്കാന്‍ ഞാന്‍ തീരുമാനിച്ചാല്‍
ദൈവത്തിന് പോലും
തടയാന്‍ കഴിയില്ലയെന്ന് പറഞ്ഞു താഴേക്ക് ചാടി.
ദൈവം പോലും വിശ്രമിച്ച ഏഴാം ദിവസം വൈകുന്നേരം
എനിക്ക് മരണം നീങ്ങി ജയം വന്നിരിക്കുന്നു.