Malayalam Poem: ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സഞ്ജയ്‌നാഥ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അതിവഗത്തിലോടുന്ന ഒരു
ട്രയിനിലിരുന്നുകൊണ്ട്
പുറം കാഴ്ചകള്‍ കാണാന്‍ ശ്രമിക്കുന്നത്
ചില ഓര്‍മ്മകളുടെ വീണ്ടെടുക്കലുകളാണ്.
ഓല മേഞ്ഞ കുടിലുകള്‍, ഷീറ്റ് പാകിയ ഒറ്റമുറി വീടുകള്‍
പാഴ് നിലങ്ങള്‍, വരണ്ട ഭൂപ്രദേശങ്ങള്‍
നിലയില്ലാക്കയങ്ങള്‍ ഒളിപ്പിച്ച പുഴകള്‍
വെളുത്ത കൊറ്റികളുടെ പാടങ്ങള്‍
അരൂപികളായ പാറക്കെട്ടുകള്‍
ബാലൃം ചക്രമുരുട്ടിയോടുന്ന മണ്‍വഴികള്‍
ജനസഞ്ചയങ്ങള്‍, ആരവങ്ങള്‍
ആര്‍പ്പുവിളികള്‍, വിലപേശലുകള്‍
പൊടുന്നനെ പൊട്ടി വീഴുന്ന മഴകള്‍
ബിനാലെകള്‍ ഒരുക്കി കാത്തിരിക്കുന്ന പ്രകൃതി.
ഈ കംപാര്‍ട്ട്‌മെന്‍റില്‍
എനിക്കും നിനക്കുമിടയിലൊരു
എലിവേറ്റഡ് ഹൈവേയുണ്ട്
ഹാവ് ലോക്ക് എല്ലിസിനെ വായിച്ച് നീയും
മാര്‍ക്കേസിനെ വായിച്ച് ഞാനും
ഈ ഹൈവേ മുറിച്ച് കടക്കുന്നു.
അപ്പോള്‍ കംപാര്‍ട്ട്‌മെന്‍റില്‍ നിന്നും
കുശലാന്വേഷണങ്ങള്‍
പുറത്തേക്ക് തെറിക്കുന്നു.
പുസ്തകം മടക്കി പരസ്പരം നോക്കുമ്പോള്‍
എലിവേറ്റഡ് ഹൈവേ മാഞ്ഞ് തുടങ്ങുന്നു.
ഇളംമഞ്ഞയില്‍ ബോഗണ്‍വില്ല പൂക്കള്‍
പടര്‍ന്ന സാരിയില്‍, കട്ടിക്കണ്ണടയില്‍
വലിയപൊട്ടില്‍, നിറഞ്ഞ ചിരിയില്‍
ചുരുണ്ട് പോയ ഓര്‍മ്മകള്‍ നിവര്‍ന്ന് തുടങ്ങുന്നു.
മഞ്ഞ് പോലൊരു കയ്യ് വന്നു തൊടുന്നു
കൂടെ ഓടിക്കളിച്ച ബാല്യം
പേരറിയാത്ത ഏതോ സ്റ്റേഷനിലിറങ്ങുന്നു.
കംപാര്‍ട്ട്‌മെന്‍റിലൊരു മരുഭൂമി വളര്‍ന്നു തുടങ്ങുന്നു.
തുളുമ്പുന്ന ചായ ഗ്‌ളാസ്സിലേക്ക്
പാറി വീണൊരു കീടജന്മം പോലെ
മരുഭൂമിയുടെ ചൂടില്‍ ഉരുകുന്നു.
ഇടങ്ങള്‍ തരാതെ വളര്‍ന്ന മരുഭൂമിയില്‍
ഇടം തേടി പുറത്തേക്കോടവേ
ആരവങ്ങള്‍, ആര്‍പ്പുവിളികള്‍
വിലപേശലുകള്‍, പൊടുന്നനേ പൊട്ടിവീഴുന്ന മഴകള്‍
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്
ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളുമായി
കയറി വരുന്നു.
പേരറിയാത്ത ആ റെയില്‍വേസ്റ്റേഷനില്‍ നിന്നൊരു
ബോഗണ്‍ വില്ല പൂവ്
പറന്നു വരുന്നതും നോക്കിയിരിക്കേ
എലിവേറ്റഡ് ഹൈവേ കാഴ്ച മറക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...