Malayalam Poems : മറവികളുടെ ഉത്സവം, സഞ്ജയ് നാഥ് എഴുതിയ കവിതകള്‍

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സഞ്ജയ് നാഥ് എഴുതിയ കവിതകള്‍

chilla malayalam poem by Sanjay Nath

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Sanjay Nath

തെരുവിലെ ബസ്

ആള്‍ത്തിരക്കേറിയ ബസില്‍
ഞാനെന്നെയിരുത്തിയിട്ടാണ്
നീ പതിവായി നിന്നിരുന്ന
ബസ് സ്റ്റോപ്പില്‍ എത്തിയത്.

നിന്നെപ്പോലെ നീലദാവണിയുടുത്ത
ഒരു പെണ്‍കുട്ടി, 
അവള്‍ മറ്റേതോ ലോകത്തിലാണ്.

ഏതോ കാലത്ത തെരുവുകള്‍
മഴ പെയ്ത് നനഞ്ഞ വീടുകളില്‍ നിന്ന്
ഓര്‍മ്മകളിറങ്ങി വന്ന് കൈ പിടിച്ച് നടത്തുന്നു.
തെരുവ് ഒന്നാകെ നൃത്തം ചെയ്യുമ്പോള്‍
അതി സൂക്ഷ്മമായൊരു താളത്തില്‍
ഞാന്‍ നിന്റെ ചിരിയറിയുന്നു.

നിറം മങ്ങിയ കെട്ടിടങ്ങള്‍ക്ക്
ഇപ്പോള്‍ നിന്റെ മുഖമാണ്.

അമ്മ നനഞ്ഞ് നടന്ന് പോയ
പാതയോരങ്ങളിലൂടെ ഞാനും നീയും
നടന്നു പോകുമ്പോള്‍ 
ചെളിപുരണ്ട വഴികള്‍ 
ഒപ്പം നടന്നു വന്നു കുശലം ചോദിക്കുന്നു. 

മഴ നിറഞ്ഞ് പെയ്യുന്ന തെരുവുകള്‍
ഇപ്പോള്‍ മങ്ങിപ്പോയ ചിത്രമാണ്.

എന്തൊരു മഴ, എന്തൊരു കാറ്റ്
എന്തൊരു തണുപ്പ്, നിന്റെ പതിവ് പല്ലവികള്‍
നടന്ന് നടന്ന് തെരുവ് അവസാനിക്കുന്നു.

നീ വഴി മറന്ന പോലെ;
ഞാനോ പുതിയ വഴി കണ്ടെത്താന്‍ കഴിയാതെ.

ഒരു വാഹനത്തിന്റെ നിര്‍ത്താത്ത ഹോണടി ശബ്ദം
എന്നെ ഞാനിരുത്തിയ ബസിനുള്ളില്‍ നിന്നും
എന്റെ തന്നെ ചിലമ്പിച്ച ശബ്ദം.

മറന്ന് പോയ പരിഭവങ്ങളുമായി
തെരുവ് അപ്പോഴും ചലിക്കുന്നു.

എന്നിലേക്ക് മടങ്ങാന്‍ കഴിയാത്ത
ഞാനോ തിരക്കേറിയ ബസിലേക്ക് നോക്കി നിന്നു.

ആള്‍ത്തിരക്കേറിയ ബസുകള്‍ എപ്പോഴും
ഭൂതകാലങ്ങളെ അടക്കം ചെയ്ത ശവപ്പെട്ടികളാണ്.
തെരുവുകള്‍ എപ്പോഴും കഥകള്‍ പറയുന്ന മുത്തശ്ശിമാരും.

ഇന്ന് പെയ്ത മഴ 
ഏതോ പുരാതനകാലത്തിന്റെ മഴയാണ്
പാതയോരങ്ങളിലെ അമ്മമാര്‍
പഴയ അമ്മമാര്‍ തന്നെ.

നീ മാറുന്നു ഞാനും മാറുന്നു
തിരക്കേറിയ ബസില്‍ നിന്നും
നമ്മള്‍ ഒരുമിച്ചിറങ്ങിപ്പോകുന്നു. 


മറവികളുടെ ഉത്സവം

ഓര്‍മ്മകള്‍ ചുരുങ്ങി ചുരുങ്ങി
കടുക് മണിയോളമായൊരു രാത്രിയിലാണ്
അയാള്‍ കാലത്തിന് മീതേ ഒഴുകിപ്പോയത്.

പേര്, നാട്, വീട് എല്ലാമലിഞ്ഞില്ലാതായി.

ഭാരമില്ലാത്തൊരു വസ്തുവായി 
ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് 
അയാള്‍ നിരന്തരം ചലിച്ചു കൊണ്ടേയിരുന്നു.  

വായിച്ച പുസ്തകങ്ങള്‍, എഴുതിയ പേനകള്‍
എല്ലാം വിദൂരമായൊരു കാലത്തിലെന്ന പോലെ
അയാളെ കുഴക്കിക്കൊണ്ടിരുന്നു.  

വീട് പരിചയമില്ലാത്ത വഴികളുമായി
അയാള്‍ക്ക് മുന്നില്‍ പിണഞ്ഞു കിടന്നു.

പേര്? ആരുടെ പേര്?
വീട്? ആരുടെ വീട്?

ചോദ്യങ്ങളെ അയാള്‍ എതിര്‍ത്ത് കൊണ്ടേയിരുന്നു.

ഉറക്കത്തിലയാള്‍ ബാല്യത്തിലേക്ക് പോകും.
അമ്മയോടെന്ന പോലെ സംസാരിയ്ക്കും,
അമ്മയെ തിരഞ്ഞ് വീടാകെ തേടും. 
വീട് അമ്മയെ ഒളിപ്പിച്ചതാണെന്ന് കയര്‍ക്കും.
അമ്മ വച്ച കഞ്ഞി വേണമെന്ന ശാഠ്യത്തിനൊടുവില്‍
കുഴഞ്ഞ് വീണ് കരയും.

തറ, പറ, പന എന്നിങ്ങനെ
പ്രൈമറി ക്ലാസ്സിന്റെ വരാന്തയില്‍ നില്‍ക്കും.
കൈനീട്ടി മഴ തൊട്ട് നാവാല്‍ രുചിച്ച്
മഴയോട് കിന്നാരം പറയും.

എല്ലാവരുമുറങ്ങുമ്പോള്‍
മുറികളില്‍നിന്ന് മുറികളിലേക്ക്
ബാല്യത്തെ തിരക്കിപോകും.

മറവിയില്ലാത്ത ബാല്യത്തിന്റെ ഓരത്തിരുന്ന്
ജീവിതത്തോട് ചിരിയ്ക്കും.

വീടാകെ തിരയുമ്പോള്‍ കാലം
അയാള്‍ക്ക് മുന്നില്‍ പിടികൊടുക്കാതെ
നിവര്‍ന്നു കിടന്നു.

ഓര്‍മ്മകള്‍ ചുരുങ്ങി ചുരുങ്ങി
കടുക് മണിപോലെയായ
ആ രാത്രിയിലാണയാള്‍
കാലത്തിന് മീതേ ഒഴുകിപ്പോയത്.  

അച്ഛന്റെ ചെരുപ്പ്

കറുത്ത നിറമുള്ള ഒരു തുകല്‍
ചെരുപ്പായിരുന്നു  അച്ഛന്.  

അതിലേറിയാണ് അച്ഛന്റെ
ഇഷ്ടയാത്രകളെല്ലാം.

പ്രഭാത നടത്തം, ജോലിയ്ക്ക് പോവല്‍
അവധി ദിവസങ്ങളിലെ അലസയാത്രകള്‍
സിനിമകള്‍, ഉത്സവങ്ങള്‍
എല്ലാം അച്ഛനോടൊപ്പം കണ്ട്
അവന്‍ മടങ്ങിവരും.

വാതില്‍പ്പടിയില്‍ ഉറങ്ങുന്ന അച്ഛന്റെ
ചെരുപ്പുകളിലെ മണല്‍ത്തരികള്‍
കണ്ട് ഞാനൂഹിയ്ക്കും,
കടല് കാണാന്‍ പോയിട്ടുണ്ട്.

ചെമ്മണ്‍ പൊടി പുരണ്ടാല്‍
ഞാന്‍ പറയും ഉത്സവം.

നനഞ്ഞിരുന്നാല്‍ പാലക്കടവിലെ ചെറിയ കുളം.

അച്ഛന്‍ വീണ് പോകുന്നതിന് തലേന്നും
അവയില്‍ മണല്‍ത്തരികള്‍ പറ്റിയിരുന്നു.

എങ്ങും പോകാതെ വാതില്‍പ്പടിയില്‍
ചെരുപ്പുകള്‍ വിശ്രമിക്കാന്‍  തുടങ്ങിയതില്‍
പിന്നെയാണ് അച്ഛന്റെ ചെരുപ്പുകള്‍
മിണ്ടിത്തുടങ്ങിയത്.

കടല് കണ്ട കഥ, 
ഉത്സവപ്പറമ്പിലെ ആനവിരണ്ടോടിയ കഥ
അലസഗമനങ്ങളിലെ അച്ഛന്റെ തമാശകള്‍.
കണ്ട് തീര്‍ത്ത സിനിമകളിലെ
നായകന്‍മാരുടെ സാഹസങ്ങള്‍,
പ്രഭാത നടത്തങ്ങളിലെ വേഗത്തിന്റെ ആയാസം.

മിണ്ടി,മിണ്ടി അച്ഛന്റെ ചെരുപ്പുകള്‍
കഥകളുടെ ഖനികളായി.

അച്ഛനപ്പോഴും മിണ്ടാതെ
മച്ചിന്റെ നരച്ച നിറത്തിലേക്ക് നോക്കി
തുളുമ്പുന്ന കണ്ണീര്‍ തുടക്കാതെ
ചെരുപ്പിനേയും എന്നേയും നോക്കി.

അച്ഛന്‍ മരിച്ച രാത്രിയില്‍
ആരും കാണാതെ ആ ചെരുപ്പുകള്‍
ഞാന്‍ അച്ഛനെ ധരിപ്പിച്ചു.

അച്ഛനോടൊപ്പം പോയി മടങ്ങി വരുമ്പോള്‍
അച്ഛന്‍ പറയാത്ത കഥകള്‍
പറഞ്ഞ് തരാന്‍ നീയല്ലാതെ
മറ്റാരാണെനിയ്ക്കുള്ളത്!
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios