Malayalam Poem : അകത്തേക്ക് തുറക്കുന്ന വാതിലുകള്‍, സഞ്ജയ് നാഥ് എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സഞ്ജയ് നാഥ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കലാപങ്ങളുടെ തെരുവില്‍ നിന്ന്
വേനലില്‍ വെന്ത ഹൃദയവുമായി
പലായനം ചെയ്ത എന്റെ പ്രണയിനിയെ
തേടിയാണ് ഞാനെത്തിയത്.
മഴക്കാടുകള്‍ അതിരിടുന്ന പട്ടണത്തിലെ
തിരക്കൊഴിഞ്ഞ തെരുവോരത്തിലെവിടെയെങ്കിലും
പേടമാനുകളെ പൂട്ടിയ രഥത്തിലേറി
അവളെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഇലകളില്ലാത്ത മരത്തിന് ചുവട്ടില്‍
പൊട്ടാത്ത ഗ്രനേഡുകള്‍ കൊണ്ട് കളിക്കുന്ന
കുട്ടികളെ നോക്കിയിരുന്ന് നമുക്ക് നമ്മുടെ
പ്രണയത്തെക്കുറിച്ച് സംസാരിക്കണം.
ഒലീവിന്റെ കരിഞ്ഞയിലകള്‍ കൊണ്ട്
ഞാന്‍ നിനക്കെന്റെ പ്രണയഹാരം സമ്മാനിക്കും
ശിരോലിഖിതങ്ങള്‍ മാഞ്ഞ് തുടങ്ങിയ
തലയോടുകള്‍ കൊണ്ട്
കാല്‍പന്ത് കളിക്കുന്ന യുവാക്കളോട് നമുക്ക്
ഒമര്‍ഖയ്യാമിന്റെ റുബായിത്തിനെക്കുറിച്ച് പറയണം.
വിവസ്ത്രരാക്കപ്പെട്ട സഹോദരിമാരുടെ
നിലവിളികള്‍ ചൂഴ്ന്ന് നില്കുന്ന തെരുവിലൂടെ
കൈകള്‍ കോര്‍ത്ത് നടക്കുമ്പോള്‍
പ്രീയേ, നിന്നോട് ഞാന്‍
ജിബ്രാന്റെ സെല്‍മാ കരാമിയെക്കുറിച്ച് പറയും.
അപ്പോള്‍ നാം അകത്തേക്ക് മാത്രം തുറക്കുന്ന
ജനാലകളുള്ള വീടാകും.
പച്ചിലക്കാടുകള്‍ സ്വപ്നം കണ്ടുകണ്ട്
ഗന്ധകം മണക്കുന്ന തെരുവിലൂടെ
പേടമാനുകള്‍ വലിച്ചോടുന്ന രഥങ്ങളെ
തിരഞ്ഞ് തിരഞ്ഞ് നാം ഇല്ലാത്ത തിരക്കഭിനയിക്കും.
പരസ്പരം ഒന്നും പറയാനില്ലാതെ
വിവര്‍ണ്ണമാക്കപ്പെട്ട കണ്ണുകളാല്‍
അന്യോന്യം നോക്കി
ഒടിഞ്ഞു തൂങ്ങിയ വിളക്കു കാലുകളില്‍
വെറുതേ തെരുപ്പിടിച്ച് നമ്മള്‍ നാഴികകളോളം
നീളുന്ന ഏകാന്തതയനുഭവിക്കും.
എല്ലാ പ്രതിരോധങ്ങളും തകര്‍ത്തെത്തുന്ന
ഉമ്മകള്‍ കൊണ്ട് പ്രിയപ്പെട്ടവളേ
ഞാനും നീയുമില്ലാതെ നമ്മള്‍ മാത്രമാകുന്ന
ഒരു ലോകത്തിന്റെയിടുക്കങ്ങളിലേക്ക്
തനിച്ചിരിക്കാന്‍ തയ്യാറാകുന്നതിനും മുമ്പ്
ചെന്നായ്ക്കള്‍ വലിച്ചോടുന്ന രഥങ്ങള്‍
അടുത്ത് വരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാതിരിക്കാന്‍
നിന്റെ ശിരസ്സിനെ ഞാന്‍ മണ്ണോട് ചേര്‍ത്ത് പിടിക്കും.
പ്രണയത്തിന്റെ പാപനാശിനിയില്‍ മുക്കിയെടുത്ത
വജ്ര സ്‌നേഹത്തിന്റെ വായ്ത്തല കൊണ്ട്
ഭൂമിയിലേക്ക് തുറക്കുന്നൊരു
ദിവ്യ തീര്‍ത്ഥം തുറക്കും.
കരിഞ്ഞ ഒലീവിലകള്‍ ചുവന്നു തുടങ്ങുന്ന നേരം
എന്റെ പ്രണയമേ എന്റെ പ്രണയമേ
എന്ന് നീ നിലവിളിയ്ക്കുമ്പോള്‍
ചെന്നായ്ക്കള്‍ വലിച്ചോടുന്ന രഥങ്ങള്‍
നമുക്ക് യാത്രയ്ക്കായി എത്തും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...