Malayalam Poem : വേരുമരം, സല്‍മാന്‍ കാവുങ്ങല്‍പറമ്പ് എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സല്‍മാന്‍ കാവുങ്ങല്‍പറമ്പ് എഴുതിയ കവിത

chilla malayalam poem by Salman Kavungalparambu

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam poem by Salman Kavungalparambu

 

പുതുശിഖരം 
കിളിര്‍ത്തു.

താഴേക്കുനോക്കി
പച്ചപ്പ്,
മേലോട്ടുനോക്കി
നീലിച്ചമേലാപ്പ്.

ശിഖരങ്ങള്‍
കാറ്റിനൊത്ത് ചുവടുവെച്ചു.
വേരാഴ്ന്നിറങ്ങി ലവണമെത്തിച്ചു.

പുതുശിഖരത്തിന്റെ
ഒന്നാം പിറന്നാളിനു-
മുമ്പേ വേരിന്
ക്ഷതമേറ്റു ക്ഷയിച്ചു..
അവന്റെ കൊഞ്ചലു-
കാണാന്‍ നില്‍ക്കാതെ,
മരത്തെ തനിച്ചാക്കി,
വേര് മണ്ണില്‍ ലയിച്ചു.

കടപുഴകരുതല്ലോ,
വേരേല്‍പ്പിച്ചുപോയ
ശിഖരങ്ങളില്ലേ.
ഒരിടത്തെത്തിക്കണം..
മരമൊരു വേരായി,
വേരിന്റ ഭാവം
ശിഖരങ്ങളറിഞ്ഞില്ല.

കുഞ്ഞുശിഖരങ്ങളില്‍
ചില്ലകള്‍ പൊട്ടി,
ഇലകള്‍ കിളിര്‍ത്തു,
കാറ്റിനൊത്തു ചുവടു-
വെക്കാന്‍ തുടങ്ങി.

വേരായ മരം
ചുവടുകള്‍ കണ്ടു-
വേരിനോളമിറങ്ങി.
മൂത്തശിഖരം
താഴ്ന്നിറങ്ങിമണ്ണു-
തൊട്ട് പുതുവേരായി.

മരത്തിന്റെ
വേരേറ്റെടുത്ത
മൂത്ത ശിഖരം
മരത്തെയതിന്റെ
സ്ഥാനത്തുനിര്‍ത്തി.

കുഞ്ഞുശിഖരങ്ങള്‍
കാറ്റിനൊത്തും
അല്ലാതെയും
ചുവടുവെക്കുമിപ്പോള്‍,
വെയിലിനോടു-
പല്ലിളിച്ചുകാട്ടുന്നുമുണ്ട്.

ശിഖരങ്ങളില്‍
നിന്നെല്ലാം വേരിറങ്ങി-
യിട്ടുണ്ടിപ്പോള്‍,
ആല്‍മരംപോലെ
താഴോട്ടുതൂങ്ങിയ-
വേരുകളുള്ള പടുവൃക്ഷ-
മാണിപ്പോള്‍.

പുതുശിഖരങ്ങളില്ലേ,
കടപുഴകരുതല്ലോ.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios