Malayalam Poem: കയര്‍, സഫു വയനാട് എഴുതിയ കവിത
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സഫു വയനാട് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
Also Read : ഉമ്മൂമ്മ മണം, സഫൂ വയനാട് എഴുതിയ കവിത
..........................
ജനഗണമന ചൊല്ലി തീര്‍ന്ന്
ക്ണിം ക്ണിംന്നൊരു ബെല്‍ മുഴക്കത്തിനൊപ്പം
അന്നക്കൊച്ച്
മുന്നും പിന്നും നോക്കാതൊരൊറ്റ
ഇറങ്ങി പോക്കാണ്.
പിന്നീന്ന് കുശുകുശുപ്പിനൊപ്പമെറിയുന്ന
'കയറു പ്രാന്തിയുടെ മോളെ'എന്നൊരു
ഇരട്ടപ്പേര് ചെവി പൊള്ളിക്കുമ്പോള്‍
ഉള്ള് മുറിഞ്ഞ്
ഉടലൊന്നാകെ
കയറ്‌കൊണ്ടെന്ന പോലൊരു
നോവ് വരിഞ്ഞു മുറുക്കിയങ്ങ്
ശ്വാസം പകുക്കും.
കവല കഴിഞ്ഞ്
മേലെ കുന്ന് കയറുമ്പോള്‍
ഇടവഴിക്കിരുവശവും സെമിത്തേരിയാണ്.
തൈലപ്പുല്ലുകള്‍ വാരിപ്പുതച്ചുറങ്ങുന്ന
കല്ലറക്ക് അരികിലെത്തുമ്പോള്‍
അന്നകൊച്ച് എപ്പഴുമൊന്നാഞ്ഞു
കിതയ്ക്കും.
'അപ്പന്‍ മരിച്ചതില്‍ പിന്നെയും,
അമ്മച്ചിക്ക് ജീവിക്കാനായിരുന്നു
വിധിയെടിയേ' എന്നൊരു നോവ്
ഞങ്ങടെ തോളറ്റത്ത് കുടഞ്ഞിടും.
കാട്ടുകുറുഞ്ഞികള്‍ മൊട്ടിട്ട് തുടങ്ങിയൊരു
കല്ലറ കാണിച്ച്
പിന്നെയുമെന്തൊക്കെയോ വാരിവലിച്ചിടും.
അപ്പന്റെ തലവശത്ത്
ചിതലരിച്ചു തൂങ്ങി വീഴാറായ
മരക്കുരിശിന് പോലും
ആ നേരമൊരു കരച്ചില് പൊട്ടും.
കുന്തിരിക്ക മണവും
ചന്ദനത്തിരി ഗന്ധത്തിനുമൊപ്പം
പകലന്തിയോളമുള്ള
അധ്വാനത്തിന്റെ
വിയര്‍പ്പ് മണം കൂടിക്കലര്‍ന്നൊരു
കാറ്റവളെയപ്പോള്‍ വാരിപ്പുണരും.
കൃഷി നഷ്ടത്തിനൊടുക്കം
കയറുകമ്പനിയില്‍
ജോലിക്ക് പോയതിന്റെ മൂന്നാം പക്കമാണ്,
അപ്പച്ചന്‍ കടം പെരുത്ത്
പിരിച്ച അതേ കയറിന്റെ അറ്റത്ത്
അങ്ങില്ലാണ്ടായത്.
ആദ്യം കണ്ടതും
അലറിവിളിച്ചതും
കയര്‍ അറുത്തതും
ആണൊരുത്തനോളം ധൈര്യത്തോടെ
അമ്മച്ചി തന്നാരുന്നു.
അതേപ്പിന്നെ
അയയില്‍ കെട്ടിയ
കയറ് കണ്ടാല്‍പ്പോലും
അമ്മച്ചി അമര്‍ത്തി ശ്വസിക്കും.
അപ്പന്‍ മരിച്ചില്ലാ,
ഉറങ്ങികിടക്കുവാരുന്നെന്ന് പിറുപിറുക്കും.
ആകെണ്ടാര്‍ന്ന അമ്മിണി പയ്യ്
അശോകേട്ടന്റെ പറമ്പിലെ
അരയാല്‍ കൊമ്പില്‍
കയര്‍ കുടുങ്ങി ചത്തേ പിന്നെ,
എവിടെ കയറ് കണ്ടാലും
അമ്മച്ചി
അറുത്തെടുക്കും.
ഉറങ്ങിക്കെടക്കണ അന്നക്കൊച്ചിന്റെ
മുടി പിന്നിയിട്ടത്
കയറെന്ന് ചൊല്ലി
വെട്ടി മുറിച്ചിട്ടപ്പോഴാണ്
ഏട്ടായീടെ വായീന്ന്,
അമ്മച്ചിക്ക് പ്രാന്താന്നൊരു
ഞെട്ടല് പൊട്ടീത്.
വടക്കേ വീട്ടിലെ വിദ്യയുടെ
കല്യാണ പന്തലിലെ
കയറ് മുഴുവന്‍ അറുത്തെടുത്ത്
തീയിട്ടതില്‍ പിന്നെ
നട്ടാര് മൊത്തം,
അമ്മച്ചിക്ക് പ്രാന്തെന്ന് വിധിയെഴുതി.
ഓര്‍മ്മ പെരുത്ത് പെരുത്ത്
നെഞ്ചിലൊരു കയറ്
വരിഞ്ഞു മുറുകുമ്പോ
ഇടയ്ക്ക് അമ്മച്ചി
ചങ്ക് തടവി
ക്ലാവ് പറ്റപ്പിടിച്ച
ചിരിയെ അങ്ങ് ചിരിച്ചു മിനുക്കും.
എന്നിട്ട്, അപ്പച്ചനെന്നും
മുഖത്തെ
തെളിച്ചമുള്ള ചിരിയാണ്
ഇഷ്ടമെന്നങ്ങ് കിതയ്ക്കും.
അപ്പോഴൊക്കേം അന്നകൊച്ചിന്റെ
നെഞ്ചിന്‍ കൂട് നോവ് ചുരത്തും.
അപ്പനെക്കാള്‍ മുന്നേ മരിച്ചത്
അമ്മച്ചിയാണെന്ന് അവള്‍
കിളിര്‍ത്തു തുടങ്ങിയ മുടിയടരുകളില്‍
തടവിക്കൊണ്ട് പിറുപിറുക്കും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...