Asianet News MalayalamAsianet News Malayalam

Malayalam Poem: എന്റങ്ങേര്, സബിത രാജ് എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സബിത രാജ് എഴുതിയ കവിത

chilla Malayalam poem by Sabitha raj
Author
First Published Jun 28, 2024, 5:39 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla Malayalam poem by Sabitha raj

 


എന്റങ്ങേര്

വാറ്റുചാരായത്തില്‍ മുങ്ങിയ 
അയാളുടെ ഉടുമുണ്ട് 
നനയ്ക്കുമ്പോള്‍ തോന്നിയിട്ടുണ്ട് 
എന്തൊരു നാറ്റമാണിതെന്ന്. 

ചാരായം വാറ്റിയുണ്ടാക്കിയ 
പണം മണക്കുന്ന പൊരയില്‍ 
കിടന്നങ്ങനെ ചിന്തിക്കരുതെന്ന് 
ചിലപ്പോ തോന്നും. 

മഴയാറി വെയില്‍
കായുന്നതൊന്നും 
അയാളെ ബാധിക്കാറില്ല.

ചാരായം വിറ്റു തീര്‍ത്ത് 
പെരുകിയ കീശയും കൊണ്ടാ
പാതിരായ്ക്ക് അങ്ങേര് വരുക. 

ഉറക്കപായിന്ന് എഴീച്ച് 
അയാള്‍ക്ക് കഞ്ഞി വിളമ്പി 
കൊടുത്തേച്ച് പായിലേക്ക് ചായുമ്പോ 
ദേഹത്തൊരു ഭാരം വീണ കണക്കെ 
അങ്ങേര് വന്ന് മേത്ത് വീഴും. 

പാതി ഉറങ്ങിയും ഉണര്‍ന്നും 
അയാള്‍ക്ക് കിടന്നു കൊടുക്കുമ്പോ 
മേലാകെ ചാരായം നാറും. 

കാലത്ത് ഒരു കട്ടനും കുടിച്ചയാള്
പിന്നേയും വാറ്റാന്‍ പോകും. 

കൂരയില് അരിതിളയ്ക്കുന്നതും 
അയയില് തുണിയാറുന്നതും 
അയാള് കണ്ടിട്ടില്ല.

പകല്‍ വെട്ടത്തിലെന്റെ 
മോറ് കണ്ടോര്‍മ്മയുണ്ടാവില്ല. 

ഈ കൂരയില് അന്തിയാവുന്നതും 
നോക്കി ഇരുന്നൊരു ദിവസം 
പൊട്ടകിണറ്റില് വീണ് 
അയാളങ്ങ് ചത്ത്. 

കാലത്ത് കാല് തെന്നി 
വീണതായിരുന്ന്... 
നേരത്തൊട് നേരം കഴിഞ്ഞ് 
വീര്‍ത്ത് പൊന്തി 
കെട്ടിവലിച്ച് തൊടിയില് 
കിടത്തിയേക്കുന്നത് 
അങ്ങേരെ തന്നെ അല്ലേന്ന് 
നോക്കാനായി അവിടംവരെ പോയി. 

പകല്‍ വെട്ടത്തിലാ മുഖം കണ്ടപ്പൊ
നെഞ്ചെരിഞ്ഞ് കണ്ണ് നീറി പോയി.

വെള്ളം കുടിച്ച് വീര്‍ത്ത വയറും 
വിളറിയ മുഖവും കണ്ട് 
ഒന്നും പറയാതെ തിരിച്ച് പോന്ന്. 

അകത്ത് മുഷിഞ്ഞ് കിടന്നൊരു മുണ്ടെടുത്ത് 
മണത്തുനോക്കി 
ചാരായം മണക്കുന്ന 
അയാളെ അല്ല തൊടിയില് കണ്ടത്. 

എന്റൊന്‍ ചത്തില്ലെന്ന് അലറി 
വിളിച്ചോടിച്ചെന്ന് അയാളെ നോക്കുമാറ് 
അങ്ങേരെ കൈയ്യില് 
എന്റെ കീറിമുഷിഞ്ഞ തോര്‍ത്തുമുണ്ട് കണ്ട്. 

രാവിലെ അങ്ങേര് അയയില്‍
നിന്നെടുത്ത് തലയില് ഇട്ടു പോയ തോര്‍ത്ത്...

ഇടിവെട്ടി പെയ്ത മഴ പോലെ 
കണ്ണീരും നിലവിളിയും ഉയര്‍ന്നു.

വാറ്റുചാരായം മണക്കാത്ത പെണ്ണ് 
ഇപ്പോ ചാരായം തേടി നടപ്പാണ്. 

ഒന്നിനും അങ്ങേരുടെ നാറ്റമില്ലെന്ന് 
പറഞ്ഞവള് ഉറക്കെ തെറി വിളിച്ച് നടക്കും. 

അങ്ങേര് പോയതില് പിന്നെ 
അവളാ നാറ്റം മറന്നെന്ന് നാട്ടാരും പറയും. 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios