Malayalam Poem: വേട്ട, രശ്മി നീലാംബരി എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രശ്മി നീലാംബരി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
വേട്ട
ലക്ഷ്യം തെറ്റാതെ കഠാര
ഇടത് നെഞ്ചില്‍
കുത്തിയിറക്കുമ്പോള്‍
അയാള്‍
ഇരയുടെ കണ്ണുകളിലേക്ക്
നോക്കിയതേയില്ല.
പ്രതിഫലനത്തെ
അയാളറിയാതെയെങ്കിലും
ഭയപ്പെട്ടിരുന്നു.
വേട്ടക്കാരന്റെ കണ്ണുകളെപ്പോഴും
അന്തര്‍ദാഹത്താല്‍
നാവു നീട്ടുന്ന
രണ്ട് കുഴികളാണല്ലോ.
ഇരുകണ്ണുകളുമിടയുന്ന
വേളയില്‍,
ഒരു പക്ഷേ,
അനാദിയിലുണ്ടായേക്കാമെന്ന്
പറയുന്ന
കരയെ മുക്കുന്ന പ്രളയം
ഭൂഗര്‍ഭ നാഭിയില്‍
അങ്കുരിക്കുന്നുണ്ടാവണം.
അവിചാരിത സംഗമത്തില്‍
നോട്ടങ്ങള്‍
മൊഴിമാറ്റപ്പെട്ടേക്കാമെന്ന്
തോന്നുന്നിടത്തൊക്കെ
അയാള്‍,
അതിവിദഗ്ധമായി
തന്റെ മാനത്തെ അലങ്കരിച്ചു.
ഇരയാകട്ടെ,
ജനിച്ചു പോയതിന്റെ
കാരണത്താല്‍
നാളെകളെ
ജീവിതത്തിന്റെ
തീന്‍ മേശയിലേക്ക്
വിഭവങ്ങളാക്കുന്നു.
വേട്ടക്കാരന്‍
പ്രതീക്ഷയ്ക്കുമപ്പുറം
ചക്രവാളം ചുവന്നെങ്കില്‍
ആകാശത്തേക്ക്
നീട്ടിയെറിയുന്ന ചില്ലകളിലേക്ക്
ഒരു രക്തനക്ഷത്രത്തേക്കൂടി
ഞാത്തിയിടാമെന്നോര്‍ത്ത്
നഖം കൂര്‍പ്പിക്കുന്നു.
സജലമാവാത്ത ഗര്‍ത്തങ്ങള്‍
പ്രതിഫലനങ്ങളെ
നഷ്ടപ്പെട്ട രാത്രിയെ
ഇറക്കിവിടാനാവാതെ
അടുത്തയിരയിലേക്ക്
പലായനം ചെയ്യുന്നു.
അല്ലെങ്കിലും,
വേട്ടക്കാരന്റെ മാത്രം
നിയമ സംഹിതകള്‍
ഇരകളിലേക്ക് മുദ്രവെയ്ക്കപ്പെടുമ്പോള്‍
ഇരകളുടെ
അലിഖിത ഭാഷ്യങ്ങള്‍
വിവര്‍ത്തനം ചെയ്യപ്പെടാറില്ലല്ലോ
രണ്ടും
അജ്ഞാതമായ
ഒരു നൂലിന്റെ രണ്ടറ്റങ്ങളാണെന്നിരിക്കിലും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...