Malayalam Poem : കടലിന് തീ പിടിക്കുന്നു, രേഖ ആര്‍ താങ്കള്‍ എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രേഖ  ആര്‍ താങ്കള്‍ എഴുതിയ കവിത

 

chilla malayalam poem by rekha r thangal

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam poem by rekha r thangal

 

കടലിനു തീ പിടിക്കുന്നത്
കാടിനു തീ പിടിക്കുന്നത് പോലെയല്ല

ആളിപ്പടര്‍ന്ന് കത്തിയെരിഞ്ഞു ചാമ്പലാകാന്‍
കാടിന് ഇത്തിരി സമയം മതി
വേനലാണെങ്കില്‍ പിന്നെ
പറയാനുമില്ല!

ആകാശത്തേക്ക് 
തലയുയര്‍ത്തി  നില്‍ക്കുന്നതൊക്കെ
ആര്‍ത്തിയോടെ പെട്ടെന്നാവും
എരിഞ്ഞു തീരുന്നത്

ഉള്ളുപൊള്ളാത്തത് കൊണ്ട്
അടുത്ത ചാറ്റലില്‍ത്തന്നെ
വീണ്ടും തളിരിടും

കടലിന്റെ  കാര്യം അങ്ങനെയല്ല!

അടുക്കി വച്ച ഓളങ്ങളില്‍ ഓരോന്നിലായി
തീപടര്‍ന്ന് കയറുമ്പോള്‍
ഇരമ്പിയാര്‍ക്കാതെ
അമര്‍ത്തിവച്ചതൊക്കെയാവും
എരിഞ്ഞുതുടങ്ങുന്നത്

തീ പിടിച്ചു കിട്ടാനേ പ്രയാസമുള്ളൂ
കത്തിത്തുടങ്ങിയാല്‍ പിന്നെ വെണ്ണപോലെയാവും!

സ്‌നേഹത്തുള്ളികള്‍
ഇറ്റുവീണിട്ടുണ്ടെങ്കില്‍ പറയാനുമില്ല!
അഗ്‌നിജ്വാലകള്‍ക്ക്
പല നിറങ്ങളുണ്ടാവും

ആത്മാവിന്റെ അന്തരാളങ്ങളില്‍
തീ പടരുമ്പോള്‍
സ്വപ്നങ്ങളുടെ കുന്തിരിക്കം പുകയുന്ന
സുഗന്ധമുയരും

തീയണഞ്ഞ കാട്ടില്‍
വസന്തം വിരുന്നിനെത്തുമ്പോഴും
പുകയടങ്ങാത്ത കടല്‍
ശ്വാസത്തിനായി പിടയുകയാവും.
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios