ഇമോജി
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് രാമചന്ദ്രന്‍ നായര്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ഭൂതം
വര്‍ത്തമാനം
ഭാവി
കെട്ടുറപ്പുള്ള കുടുംബജീവിതം
സാമ്പത്തിക ഭദ്രത
സൗഹൃദം
സ്‌നേഹമുള്ളവന്‍
അങ്ങിനെപോകുന്നു
മാസഫലം
മഷിയിട്ടു നോക്കിയിട്ടും
സ്‌നേഹമുള്ളവരെ
കാണാന്‍ കഴിഞ്ഞില്ല
സൗഹൃദങ്ങള്‍
അന്യമായിത്തന്നെ തുടരുന്നു
സ്‌നേഹം
വാക്കുകളില്ല
നോട്ടത്തിലില്ല
വല്ലപ്പോഴുമുള്ള
വാട്‌സ്ആപ്പ് ഇമോജികള്‍
കോമാളികളായി
കളം നിറയെ
ആഘോഷത്തിമര്‍പ്പില്‍
അതെ
ഇമോജികളുടെ ലോകം
പറയാതെ
പറയുന്നവര്‍
കേള്‍ക്കാതെ
കേള്‍ക്കുന്നവര്‍
പാടാതെ
പാടുന്നവര്‍
കരയാതെ
കരയുന്നവര്‍
എല്ലാം
വിരല്‍ത്തുമ്പില്‍ മാത്രം
മനസ്സറിയാത്ത
സ്‌നേഹമറിയാത്ത
സൗഹൃദ
സഞ്ചാരികള്‍
ഭൂതം
വര്‍ത്തമാനം
ഭാവി
പക്ഷെ
എല്ലാം വര്‍ത്തമാനകാലമാണ്
ഭാവി നിറം പിടിപ്പിക്കാന്‍
കഥകള്‍ മെയ്യുന്ന
ഇമോജികളുടെ
മിടുക്ക്
ആ തണുത്ത, നേര്‍ത്ത കാറ്റ്
അതുപോലും
ഇമോജിഗണങ്ങളില്‍
അപ്പോള്‍ പിന്നെ
തീരുമാനിച്ചു
മാസഫലം
ഞാന്‍ തന്നെ എഴുതാമെന്ന്
ആ ഒരു ദിവസം
ഞാന്‍ ജീവിക്കുകയായിരുന്നു
പിന്നീട്
ഞാനൊരു
ഇമോജിയായി
മാസഫലം
ജീവിതം മുഴുവനും