Malayalam Poem: പൂച്ച എലിയെ പിടിക്കും വിധം, രാജന്‍ സി എച്ച് എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രാജന്‍ സി എച്ച് എഴുതിയ കവിത

chilla malayalam poem by Rajan CH

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Rajan CH

 

പൂച്ച എലിയെ പിടിക്കും വിധം

പൂച്ച എലിയെ
ഒളിഞ്ഞിരുന്ന് പിടിക്കും.
ശബ്ദം കേള്‍പ്പിക്കാതെ
പതുപതുത്ത പാദങ്ങളില്‍
പതുങ്ങിയിരുന്ന്
കുതറിച്ചാടി
പിടിക്കുമെലിയെ.

പൂച്ച പെട്ടെന്ന്
എലിയെ കൊല്ലുകയേയില്ല.

വാലാട്ടിയും
മണപ്പിച്ചും
ചാടിപ്പിടിച്ചോമനിച്ചും
എലിയെ സ്വര്‍ഗം കാട്ടും,
കൊല്ലും മുമ്പേ.

എന്തൊരു കളിയാകുമത്.

പൂച്ച വെറുതെ വിടുമ്പോള്‍
എലി വിചാരിക്കും
തന്നെ പറഞ്ഞുവിടുകയാണെന്ന്.

സന്തോഷിച്ചോടുമ്പോള്‍
ക്രൗര്യമുള്ള നഖങ്ങളൊതുക്കിയ
സ്പര്‍ശം പതിയും
ചങ്കില്‍.

പതുക്കെപ്പതുക്കെ
എലി തിരിച്ചറിയും
തന്റെ വിധി.

ഒന്ന് കൊന്നു തരൂവെന്ന്
യാചിക്കും, ദയയ്ക്കായി
എലി.

അതറിയാവുന്ന പൂച്ച
കൂടുതല്‍ ഉദാരനാവും.

മണപ്പിക്കും.

മീശ കൊണ്ട് തടവും.

എലിയതിന്റെ മരണനിര്‍വൃതിയിലാവുമ്പോള്‍
ഒരൊറ്റക്കടിയാവും.

തീരും ഇരയുടെ ജീവിതം
വേട്ടക്കാരന് രക്തവും
മാംസവുമായിത്തീരും
രസനിമിഷങ്ങളില്‍
ലോകം അഭിരമിക്കും.

എന്തൊരു രാഷ്ട്രീയമാണിത്,
കൊല്ലപ്പെടുമ്പോള്‍ മാത്രം
നീതിയെന്നൊരു കാലത്തില്‍?
പൂച്ച എലിയും
എലി പൂച്ചയുമാകുമെന്ന
മിഥ്യാപ്രതീക്ഷയില്‍!

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios