Malayalam Poem : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

chilla malayalam poem by raheema sheikh mubarak

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by raheema sheikh mubarak


പൊതിഞ്ഞു കെട്ടിയ 
പുസ്തകത്തിന്റെ നടുപേജില്‍ 
ഏട് ചീന്തിയ 
ബഷീറിന്റെ മതിലുകള്‍ 

പ്രേമത്തിന്റെ മതിലുകള്‍ 

മതിലിനപ്പുറം
ഒരു പനിനീര്‍ ചെടി 
ബഷീറിന്റെയും നാരായണിയുടെയും 
ശബ്ദം
അവര്‍ കണ്ടുമുട്ടുന്നു 
മതിലുകളില്ലാത്തൊരു ലോകമുണ്ടാകുന്നു 
അത് ബഷീറിന്റെയും 
നാരായണിയുടേതും മാത്രമാകുന്നു.

രാത്രിയുടെ നീലവെളിച്ചം 
പാതിയടച്ചിട്ട ലൈബ്രറിമുറി 
മജീദിനും സുഹ്റക്കും 
ചിറകുകള്‍ മുളക്കുന്നു 

പ്രേമത്തിന്റെ വെള്ളിചിറകുകള്‍ 
നക്ഷത്രങ്ങള്‍ തൂങ്ങിയാടുന്ന
ആകാശത്തിന് 
നടുവിലൊരു കൊട്ടാരമുറ്റം 

ചാരുകസേരയും ചെമ്പരത്തിച്ചെടികളും 

വിരഹമറിയാത്തൊരു ആകാശമുണ്ടാകുന്നു 

അത് മജീദിന്റെയും സുഹ്‌റയുടേതും 
മാത്രമാകുന്നു 


ഉണങ്ങാത്ത വ്രണത്തിന്റെ നീറ്റല്‍ 
ചങ്ങലകളഴിക്കുന്ന 
പ്രേമത്തിന്റെ നനുത്ത കാറ്റ് 

ഖൈസിന്റെ മാറില്‍ ലൈലയുടെ 
വിരലുകള്‍ തീര്‍ത്ത സ്പര്‍ശം 

പരസ്പരം വേര്‍പെടാനാകാതെ
ആലിംഗനങ്ങളുടെ സ്വകാര്യ 
സംഭാഷണങ്ങള്‍ 

ഉന്മാദങ്ങളില്ലാത്ത ഭൂമിയുണ്ടാകുന്നു 
അത് ഖൈസിന്റേയും ലൈലയുടേതും 
മാത്രമാകുന്നു 

തടവറയുടെ ഏകാന്തത
തീര്‍ത്ത നൃത്തചുവടുകള്‍ 
കല്ലറകള്‍ പൊളിഞ്ഞു വീഴുന്നു 
സലീമിന്റെ കരങ്ങളില്‍ 
അനാര്‍ക്കലിയുടെ കണ്ണുനീര്‍ 

നോവിന്റെ ചവര്‍പ്പില്‍ 
അനാദിയായ മഴ പെയ്യുന്നു 

വേര്‍പാടുകളില്ലാത്ത മഴ 
അത് സലീമിന്റെയും അനാര്‍ക്കലിയുടേതും 
മാത്രമാകുന്നു 

ചിതലരിച്ച കടലാസ്തുണ്ടില്‍ 
ആരോ വരച്ചിട്ട
ടൈറ്റാനിക് കപ്പല്‍ 

ആഡംബരങ്ങളുടെ ചുവന്ന മുറികളില്‍ 
റോസും ജാക്കും 

ദീര്‍ഘചുംബനങ്ങളും
മഞ്ഞുമലകളില്ലാത്ത 
സമുദ്രങ്ങളുണ്ടാകുന്നു 

അത് ജാക്കിന്റേയും റോസിന്റേതും 
മാത്രമാകുന്നു 

ഹോ പ്രേമമാകുന്നു, 
സര്‍വ്വത്ര പ്രേമം! 

പ്രേമം മാത്രം...


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios