ഒറ്റ, പ്രീത മീനു എഴുതിയ കവിത
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. പ്രീത മീനു എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
തനിച്ചാക്കിപ്പോകുന്ന
രാത്രികളിലെല്ലാം
എന്റെ ഉറക്കവും
നീ കൊണ്ട് പോകാറുണ്ട്,
നീ അറിയാറില്ലെന്ന് മാത്രം.
ഒറ്റയ്ക്കാവുന്ന രാത്രികളില്‍
മുറിയിലേക്കുള്ള എല്ലാ പഴുതുകളും
ഞാന്‍ കൊട്ടിയടക്കാറുണ്ട്.
കടുത്ത ചൂടിലും
കട്ടി പുതപ്പ് തലയാകെ മൂടി,
ചുരുണ്ട് കിടക്കാറുണ്ട്.
കൊളുത്തിടാന്‍ പറ്റാത്ത ജനല്‍പ്പാളി തുറന്ന്
ഏതോ കൈകള്‍
എന്നെ പിടിച്ച് വലിക്കാന്‍ ശ്രമിക്കുന്നതായി,
ഇടക്ക് മയങ്ങി പോകുമ്പോള്‍
സ്വപ്നം കാണാറുണ്ട്.
ഞെട്ടി എഴുന്നേറ്റ്
ഒന്ന് കൂടി ചുരുണ്ട് കിടക്കുമ്പോള്‍
എന്റെതന്നെ ശ്വാസം
എന്നെ വിയര്‍പ്പില്‍ കുളിപ്പിക്കാറുണ്ട്.
സൂര്യന്‍ ഒന്നുദിച്ചെങ്കില്‍ എന്നാലോചിച്ച്
കിടക്കുമ്പോള്‍
രാത്രിക്ക് നീളം കൂടിയെന്ന് തോന്നാറുണ്ട്.
അപ്രതീക്ഷിതമായി നീ മുന്നില്‍
പ്രത്യക്ഷപ്പെടുമ്പോള്‍,
പരിഭവം പറഞ്ഞ് കൊഞ്ചണം
എന്ന് കരുതാറുണ്ട്.
ഒരുമിച്ചിരുന്ന് ഒരു ചായ കുടിക്കണം
എന്ന് തോന്നാറുണ്ട്.
പക്ഷേ,
നേരില്‍ കാണുന്ന
ചുരുങ്ങിയ നിമിഷങ്ങളില്‍
എല്ലാ ഇടിത്തീയും തലയില്‍ വീണ
കലി തുള്ളലായി
ഞാന്‍ അവതരിക്കാറുമുണ്ട്.
'എന്റെ യോഗം'
എന്ന് നീ നെടുവീര്‍പ്പിടുമ്പോള്‍
'നന്നാവില്ല ഞാന്‍' എന്ന്
ഞാന്‍
അണപ്പല്ല് ഞെരിക്കാറുണ്ട്..