Malayalam Poem : ഉടലിന്റെയും മനസ്സിന്റെയും ഉപഗ്രഹങ്ങള്‍, പി.എം ഇഫാദ് എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പി.എം ഇഫാദ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഒറ്റുകാരുടെ
മേശക്ക് മുകളില്‍
വിടര്‍ത്തിയിട്ട് കൊടുക്കുന്ന ഉടല്‍.
തോണ്ടിയെടുത്ത് പുറത്തിടുന്നു
നിലച്ച സമയങ്ങള്‍,
വറ്റിയ പുഴയാഴങ്ങള്‍,
ഒറ്റതുരുത്തിലെ ഒറ്റയാന്‍ ഇരിപ്പുകള്‍.
ചതിയന്മാരുടെ ദസ്തയോവ്‌സ്‌കി
വിശുദ്ധ വിഷാദങ്ങളെ
ചോരയില്‍ നിന്നും ഇഴപിരിച്ചെടുക്കുകയാണ്.
ഒന്നില്‍ നിന്ന് ഒന്നു പോയാല്‍
പൂജ്യമാകുന്നത് പോലെ
ഞാന്‍ ആരുമല്ലാതെ ആകുകയാണ്.
മനുഷ്യരുടെ ഉടലില്‍ മാത്രമല്ല
കൈതക്കാടിന്റെ വിരലുകളില്‍
തോട്ടുവക്കിലെ മണ്‍പാദങ്ങളില്‍
രാത്രിയൊച്ചയുടെ ചുണ്ടുകളിലുമെല്ലാം
കാലം കുതിര്‍ന്ന് കിടക്കുന്നു.
ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പില്ലാത്ത
കര്‍ത്താവാണ് കാലം.
മഞ്ഞൊഴുകി വെള്ളിയുടുപ്പുകളാകുന്ന
നേരത്തില്‍,
ധ്യാനനിരതനായി,
ഓര്‍മ്മകളെ ഓര്‍മ്മിച്ചു കൊണ്ട് ഉടല്‍.
മനസ്സ്, ജലത്തിന് മുകളില്‍ വീഴുന്നയില
പോലെ തെന്നി തെന്നി.
അതിന്റെയടി തട്ടിലേക്ക്
ഞെട്ട് പൊട്ടി വീഴുന്ന
പ്രാര്‍ത്ഥനയുടെ ഇലയിളക്കം.
അരക്ഷിതാവസ്ഥയുടെ ഉടലില്‍ എന്റെ അശാന്തിയുടെ ഭൂമി കറങ്ങി കൊണ്ടേയിരിക്കുന്നു.
ഉള്ളാകെ ഓളം,
ഒറ്റുകാര്‍ പിരിഞ്ഞു പോകുന്നു.
കവിളിന്റെ കടലിലേക്ക്
കണ്ണീരിന്റെ പുഴയൊലിപ്പ്.
ബന്ധനങ്ങള്‍ പൊട്ടി പോകുകയാണ്,
സ്വാതന്ത്ര്യം അതിന്റെയെല്ലാ നഗ്‌നതയും
പുറത്തെടുക്കുന്നു.
മനസ്സിലൂടെ ഉടലിലേക്കുള്ള
ഭൂപടം വരച്ചു ചേര്‍ത്തതാരായിരിക്കും..?
ശരീരത്തിന്റെ റെഡ് സ്ട്രീറ്റില്‍
എന്റെ മനസ്സിന് വീണ്ടും വഴി പിഴക്കുന്നു,
വഴി തെറ്റിക്കയറിയ അപരിചിതന്‍ കണക്കെ
ജാള്യതയോടെ ഇറങ്ങി പോകുകയാണ്
വരച്ചു ചേര്‍ത്ത ഭൂപടങ്ങളും.
ഉടലിന്റെയും മനസ്സിന്റെയും
ഉപഗ്രഹങ്ങള്‍
വിടാതെ ചുറ്റിതിരിയുന്നത് പോലെ,
മരിച്ചു പോയ എന്നിലേക്ക്
വീണ്ടും വീണ്ടും ഞാന്‍ എങ്ങനെയാണ്
തിരിച്ചു പോകുന്നത്..?
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...