Malayalam Poem| ഒറ്റയിലയില്‍ ആയിരം കാടുകളുടെ ശ്വാസമുണ്ടാകും, പി.എം ഇഫാദ് എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് പി.എം ഇഫാദ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
രാത്രിയില്‍ നിന്നും
നിലാവ് ചുരണ്ടിയെടുക്കുന്ന
നിന്റെ ചുണ്ടിന്റെയറ്റം
മുത്തി മുത്തി പകലാക്കുന്ന
എന്റെ കൊതിയുടെ പക്ഷികള്‍.
പകല്‍ വെട്ടത്തില്‍
നമ്മളൊരു കളിക്കൊരുങ്ങുന്നു.
വിരലറ്റത്ത് തുന്നിക്കയറ്റിയ
വേനലിലാരാദ്യം
വെന്ത് മരിക്കുമെന്ന്,
മിച്ചമുള്ള പൊള്ളലിലാ -
രാദ്യം മഴയില്‍ കുതിരുമെന്ന്.
നീ എന്നെയും
ഞാന്‍ നിന്നെയും ശ്വസിക്കാറില്ല.
നമ്മള്‍ ശ്വസിക്കാത്ത
അന്നനാളത്തിലെ പുഴുക്കുത്തായിരുന്നു.
എന്നാലും മണ്ണിലിരുന്നുരുളുമ്പോള്‍
അപ്പന്റെയപ്പന്റെ ചൂര് പൊങ്ങുന്നതും,
കുടിയിറങ്ങിയതിന്റെ വേദന
തിണര്‍ക്കുന്നതും,
കണ്ണീര് ചാറി ചുവന്ന
പുഴ നീറുന്നതുമറിയുന്നു.
മുറിഞ്ഞ വിതുമ്പലുകളുടെ
മണ്ണിരകള്‍,
ഒലിച്ച ചോരയുടെ കറുകപുല്ലുകള്‍,
ആശവറ്റിയ കരിങ്കല്‍ചീളുകള്‍,
കാലം കടിച്ചു കീറുന്ന
കിളികൊക്കുകള്‍.
മോഷണം പോയ പച്ച,
ഉടലിലെങ്കിലും തപ്പി നമ്മള്‍.
നേര്‍ത്ത പച്ചിലയാകാന്‍
ഓരോ അന്വേഷണത്തിലും
നമ്മളിത്തിരി നമ്മളെ ചെത്തി കളയാറുണ്ട്.
ഞാനും നീയുമെന്ന വാക്കിന്റെ ഭാരത്തെ
നമ്മളെന്ന ഒറ്റ തൂവലിലേക്ക്
തിരുകി കയറ്റാറുണ്ട്.
തൊലിയുരിച്ച് കളഞ്ഞ്
അസ്ഥിയും മജ്ജയുമടര്‍ത്തി
നഗ്‌നനാക്കുമ്പോള്‍
എന്റെ ശൂന്യതക്ക്
തളിരിലയുടെ മാര്‍ദ്ദവമെന്ന്,
എന്നെ ചെളി മണക്കുന്നുവെന്ന്, നീ.
എന്റപ്പന്റെ മണമല്ലേ എനിക്കുമുണ്ടാകു
എന്റെ ശൂന്യതയുടെ ജീവനല്ലേ നിനക്കുമുണ്ടാകു.
ശ്വസിക്കാറില്ലെങ്കിലും
മൂക്കില്‍ തൊട്ട് തൊട്ട്
പൂ വിരിയിക്കുന്ന നീയും
ശൂന്യതയില്‍ നിന്നെ വിളയിച്ചെടുക്കുന്ന
ഞാനും,
ഒന്നാഞ്ഞ് ശ്വസിച്ച് കൊണ്ട്
പരസ്പരം
കടലാഴത്തില്‍ മുറിവുണ്ടാക്കുന്നു.
വിരല്‍ദൂരത്തില്‍ മറഞ്ഞിരിക്കുന്നു.
കാട് ഒരു സ്ഥലമല്ലെന്നുമത് -
നാവിലലിയുന്ന ഉമിനീരാണെന്നും
മുറിവിലിരുന്ന് നമ്മളറിയും.