Malayalam Poem| കുട്ടികളില്ലാത്ത ക്ലാസ് മുറി, നിഷ ടി പി എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് നിഷ ടി പി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കുട്ടികളില്ലാത്ത ക്ലാസ് മുറി
നക്ഷത്രങ്ങളില്ലാത്ത
ഇരുണ്ട ആകാശമാണ്
പനിച്ചു പൊള്ളിക്കിടക്കുന്ന
പെരുമഴച്ചിറകിന്റെ നിശ്ശബ്ദത
ഒരു കിളിയൊച്ച കേള്‍ക്കാന്‍ കൊതിക്കുന്ന
ഏകാന്തതയുടെ ജാലകക്കീറ്.
പൂവുംപൂമ്പാറ്റയുമില്ലാതെ
നോവ് മാത്രംവിരിയുന്ന പൂവാക.
തനിച്ചിരുന്ന് അസ്തമയമെഴുതുന്ന
വെയില്‍ത്തുണ്ട്.
പൊട്ടിച്ചിരിക മറന്ന ഇടനാഴികള്‍.
തോരാത്ത പരിഭവങ്ങളുമായി
മൂലയ്‌ക്കൊരു മഞ്ചാടിമണി.
എത്ര മായ്ച്ചാലും മായാതെ
സ്‌നേഹവിരല്‍ തേടുന്ന മഷിത്തണ്ട്.
ചുമരിലെ ഭൂപടത്തില്‍ നിന്നടര്‍ന്നു വീഴുന്ന നീലസമുദ്രങ്ങള്‍
ഉറുമ്പുകള്‍ക്കൊപ്പം ഘോഷയാത്രയ്‌ക്കൊരുങ്ങുന്ന
അലമാരയിലെ കൊടുങ്കാറ്റുകള്‍
ശ്വാസംമുട്ടി മരിച്ച വെളിച്ചത്തിന്റെ കീറത്തുണ്ടുകള്‍
നട്ടുച്ചയുടെ കറുപ്പിലേക്ക് നനഞ്ഞൊട്ടി
കൂനിക്കൂടിയിരിക്കുന്ന പാചകപ്പുര
ഒറ്റപ്പെടലിന്റെ ഓരത്തുനിന്ന്
ഒറ്റവരിക്കവിതയിലേക്കൊരു കളര്‍ച്ചോക്ക്.
വറ്റിപ്പോയചിരിയില്‍
എത്ര തിരുത്തിയാലും ശരിയാവാത്ത
വഴിക്കണക്കുകള്‍
എന്നിട്ടും
വേരാഴങ്ങളില്‍ കടലോളം
സ്വപ്നമൊളിപ്പിച്ച
ദേവവൃക്ഷം
ഇലപ്പച്ച തേടുന്നുണ്ടിപ്പോഴും
വര്‍ണക്കുടയുടെ മിഴിയോര്‍മ്മകളിലേക്ക്
മഴവില്ല് കെട്ടുന്നുണ്ട്
നനുത്ത മേഘച്ചാര്‍ത്തുകള്‍