എലിസഞ്ചാരം, നവ്യ എസ് എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് നവ്യ എസ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
എലിസഞ്ചാരം
ഇന്ന് രാത്രിയും ഞാന്‍ എലിത്തോലിടും
എന്നിലേയ്‌ക്കെന്നെ ആവുന്നത്രയൊതുക്കി.
ഇടം കണ്ണു മാത്രം കാണുംവിധം തോലില്‍ തുളയിടണം
പിന്നെ നിഴലുകള്‍, ഇരുട്ട്
ചിലമ്പൊച്ചയില്‍ ചിലച്ച് ചിലച്ച്,
പൊന്തക്കാടിനപ്പുറം
ഇടവഴിയരികില്‍
എന്റെ ഇര കാത്തിരിപ്പിന്റെ ഗന്ധം,
എന്റെ എലിസഞ്ചാരങ്ങള്‍ക്ക്
കാല്‍പ്പാടുകളില്ലാത്ത മൗനമാണ് തുണ.
ആരെയും കൂട്ടുവിളിക്കാത്ത
ഒറ്റനടത്തങ്ങളാണ് അതിന്റെ ഭംഗി
തെരുവിന്റെ വിജനമായ ഇരുട്ട്
എനിക്ക് സ്വാതന്ത്ര്യത്തിന്റെ പറുദീസ.
കാറ്റെന്നോട്
ചീവിടുകളുടെ ഭാഷയില്‍
മുറുമുറുക്കുമ്പോള്‍
കരിവാലുകൊണ്ട് ഞാന്‍ കാറ്റിനെ ഭേദിക്കും.
നാളത്തെ സൂര്യന്‍ കണ്ണുപൊട്ടിക്കുമ്പോള്‍
തോലുരിഞ്ഞു മാറ്റാന്‍
അരഞൊടി നേരം മതിയല്ലോ.