Malayalam Poem : ശേഷിപ്പുകള്‍, മുഹമ്മദ് ഷെറില്‍ എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് മുഹമ്മദ് ഷെറില്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പൊടുന്നനെ ഒരു ദിവസം അച്ഛന്‍
വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി
ശയ്യ രഹസ്യമായി പറഞ്ഞറിഞ്ഞ്
ഒരു തിര അന്ന് പലകുറി
എന്റെ പീലിവേലിവരെ വന്നിരുന്നു
തിരയടങ്ങിയിട്ടും മിഴിയോരം
പുഴ നനഞ്ഞ നാലാം ദിവസം
കണക്കുകള്‍ നിരത്തി പറിച്ചെടുത്ത്
എല്ലാവരും പോയപ്പോള്‍ വീട്ടില്‍
ചാരുകസേരയും, കണ്ണടയും, കുടയും
എണ്ണി തിട്ടപ്പെടുത്താതെ
ആരുടെയും കണക്കില്‍ പെടാതെ കിടന്നു.
അച്ഛന്റെ മുറിയില്‍
പുതിയ താമസക്കാര്‍ വന്ന ദിവസം
ദൂരെ മതിലിനരികില്‍
ഓലക്കൊടികള്‍ക്ക് ചാരെ
അവ ആരോ മാറ്റിവെച്ചത് കണ്ടിരുന്നു
മഴനനഞ്ഞും വെയില്‍കാഞ്ഞും
കുറേകാലം
ആക്രിക്കാരിയുടെ ശബ്ദം
ഉയര്‍ന്ന് കേട്ടദിവസം വരെ
അവിടെഉണ്ടായിരുന്നു
അച്ഛന്റെ ശേഷിപ്പുകള്‍ കാണാതായ
രാത്രി എനിക്ക് ഉറക്കംവന്നേയില്ല
ജാലകത്തിലൂടെ ഒഴുകിവന്ന
നിലാനദിയുടെ തീരത്ത്
അന്നാദ്യമായി
ഞാന്‍ മൂന്ന് നക്ഷത്ര കൂട്ടങ്ങള്‍ കണ്ടു
കുട പോലെ,
കണ്ണട പോലെ,
ചാരുകസേര പോലെ