Malayalam Poem : പ്രണയപ്രപഞ്ചത്തിലെ മൂന്ന് രാജ്യങ്ങള്‍, ലുബ്‌ന ഷെറിന്‍ എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ലുബ്‌ന ഷെറിന്‍ എഴുതിയ കവിത

 

 

chilla malayalam poem by Lubna Sherin

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam poem by Lubna Sherin

 

മണ്ണിന്റെ നേര്‍ത്ത മണമുള്ളൊരു മതില്‍ 
അരക്കെട്ടിനു കീഴെ 
പണിതുയര്‍ത്താം.
 
ഇരുയിടങ്ങളിലും 
മതവും ജാതിയുമില്ലാത്ത 
കറുപ്പും വെളുപ്പുമില്ലാത്ത 
രണ്ടു രാജ്യങ്ങളെ 
പ്രസവിക്കാം.

നിന്റെ രാജ്യമെന്നും 
എന്റെ രാജ്യമെന്നും 
വേറിട്ടെഴുതിയ 
മതില്‍ക്കെട്ടുകള്‍ക്കിടയില്‍വെച്ച് 
നമുക്കു പരസ്പരം 
കണ്ടുമുട്ടാം.
 
നിന്റെയുമെന്റെയും 
ഭാഷകള്‍കൊണ്ടൊരു 
പ്രണയലേഖനം
എഴുതിയിടാം.

വായ്ക്കപ്പെടുമ്പോള്‍ മാത്രം 
ചുണ്ടുകള്‍ക്കൊണ്ട്
രഹസ്യം പറയാം.

അടിവേരിളകി നിലംപൊത്തിയ 
മതിലുകള്‍ക്കിടയില്‍ 
രണ്ടു രാജ്യവും
ഒന്നായെന്ന രഹസ്യം 
പരസ്യമാകാം.

അന്നേരം,
ഞാന്‍ കറുത്തിട്ടും 
നീ വെളുത്തിട്ടുമെന്നാളുകള്‍ 
പുലഭ്യം പറയാം.
 
മതമുണ്ടെന്നുമില്ലെന്നും പറഞ്ഞ് 
ചേരിതിരിക്കുന്നതിനു 
തൊട്ടുമുമ്പായി 
മൂന്നാമതൊരു രാജ്യത്തെ 
നമുക്കു പ്രസവിക്കാം.

ഇനിയല്‍പ്പനേരം നമുക്ക് 
അപരിചിതരായി ഇരിക്കാം.

നാം കണ്ടുമുട്ടിയ ഇടങ്ങളില്‍ 
നീ നിന്നെക്കുറിച്ചും 
ഞാനെന്നെക്കുറിച്ചും 
ഓര്‍ത്തോര്‍ത്തിരിക്കാം.
ഓര്‍ത്തെടുക്കാനാകാത്ത വിധം 
ഊളിയിട്ടിരിക്കാം.

ഇടനേരങ്ങളില്‍ മാത്രം 
ഓര്‍മ്മകള്‍ നുണഞ്ഞ് 
നീയെന്റേതും ഞാന്‍ 
നിന്റേതുമാണെന്ന് 
നുണ പറഞ്ഞിരിക്കാം.

നാലാമതൊരു രാജ്യം 
പിറക്കുന്നതിനുമുമ്പായി 
നമുക്കാ ശ്മശാനത്തില്‍          
ഓടിയൊളിക്കാം. 
 

Latest Videos
Follow Us:
Download App:
  • android
  • ios