ക്വാക്ക്...ക്വാക്ക്...ക്വാ... , ലയ ചന്ദ്രലേഖ എഴുതിയ കവിത
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ലയ ചന്ദ്രലേഖ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ചക്രവാളത്തില്‍
വളരെ നേരമായി വട്ടമിട്ടു പറക്കുന്ന
പരുന്തിന്റെ മുന്നിലേക്ക്
യഥാക്രമം
രണ്ട് പ്രതിസന്ധികള്‍ കടന്നുവരുന്നു
അകലെക്കൂട്ടില്‍ വിശന്ന് കരയുന്ന
പറക്കമുറ്റാ കുഞ്ഞുപരുന്തുകള്‍,
താഴെ
വിശാലമായ തടാകക്കരയില്‍
പുതുലോകത്തെപ്രതി
അമ്പരന്ന് നില്‍ക്കുന്ന,
ഇന്നലെ വിരിഞ്ഞിറങ്ങിയ
താറാക്കുഞ്ഞ്.
...............
കഠിനമെങ്കിലുമൊരു തീരുമാനമെടുത്ത്
താറാക്കുഞ്ഞിനെയും റാഞ്ചി
ഉയര്‍ന്നു പറക്കവേ
'ക്വാക്ക് ക്വാക്ക്' എന്ന
തഴമ്പിടാത്ത അതിന്‍ കരച്ചിലൊരു
മൂന്നാം പ്രതിസന്ധിയായി
'അമ്മ..അമ്മ..'യെന്ന ആനന്ദനാദമായി
പരുന്തിനു തോന്നുന്നു
...............
ഒരു നിമിഷം!
തിളക്കമാര്‍ന്ന കണ്ണുകളോടെ
താറാക്കുഞ്ഞിപ്പോള്‍
പരുന്തിനെ നോക്കുന്നു,
അലിവോടരുമയോടെ
പരുന്ത് കുഞ്ഞിനെയും
പിന്നെ
അകലെവൃക്ഷത്തിന്റെ
ഉയരംകൂടിയ ചില്ലയിലേക്ക്
ദിശമുറിയാതെ കുതിച്ചുപറന്നു
ക്വാക്ക്..ക്വാക്ക്..ക്വാ...
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...