Malayalam Poem : അനുപമ, ലാലു കെ ആര്‍ എഴുതിയ കവിതകള്‍
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ലാലു കെ ആര്‍ എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അനുപമ
10 ബി യുടെ
റീ യൂണിയനില്‍
അനുപമ മാത്രമാണ്
പങ്കെടുക്കാതിരുന്നത്
എല്ലാവരും
മുറുമുറുത്തു,
അവളങ്ങനെയാണ് ,
അന്നേയങ്ങനെയാണ്.
ഒരടക്കവും ഒതുക്കവുമില്ല,
എതിരഭിപ്രായങ്ങള്‍
മുഖം നോക്കാതെ പറയും,
പെണ്ണാണെന്ന
ഒരു വകതിരിവുമില്ല.'
ബൈജുവും റിയാസും
തകര്‍ത്തു പാടി,
ഗോകുലിന്‍റെ മിമിക്രി.
പെണ്‍കുട്ടികളെല്ലാം ചേര്‍ന്ന്
ഒരു സംഘനൃത്തം.
ആട്ടവും പാട്ടും
ഫോട്ടോയെടുപ്പുമായി
റീയൂണിയന്‍ ഗംഭീരമായി.
ഭര്‍തൃ വീട്ടില്‍
ദുരൂഹ സാഹചര്യത്തില്‍
യുവതി മരിച്ചുവെന്നൊരു ഫ്‌ളാഷ് ന്യൂസ്
ടി വി സ്‌ക്രീനിന് താഴെ കൂടി
ഓടിയോടിപ്പോകുന്നത്
വീട്ടിലെത്തിയപ്പോഴാണ്
അവരെല്ലാവരും കാണുന്നത്.
പുഴ വരും
മഴ വന്ന്
ഉറവയായി,
ഉറവ പിന്നെ
ചോലയായി,
ചോലകള്‍ പഴയൊരു
പുഴയായി
കാട്ടിലൂടെ
കയ്യടിച്ച് പാട്ടുപാടി,
നൃത്തം ചെയ്ത്,
നാട്ടിലേക്ക് വന്ന പുഴ
വഴിയറിയാതെ കുഴങ്ങി
പുഴയെല്ലാവരോടും
കടലിലേക്കുള്ള
വഴി ചോദിച്ചു
ചോദിച്ചവരെല്ലാം
കൈമലര്‍ത്തി.
പുഴ
വിവരാവകാശം കൊടുത്തില്ല.
വഴി ഫിക്‌സ് ചെയ്ത് കിട്ടാന്‍
താലൂക്ക് സര്‍വ്വയര്‍ക്ക്
അപേക്ഷയും കൊടുത്തില്ല.
കേറ്റി മടക്കിക്കുത്തി,
കൈ തെറുത്തു കയറ്റി,
കാര്‍ക്കിച്ചൊരു തുപ്പും തുപ്പി
'രാജമാണിക്യ' ത്തിലെ
മമ്മൂട്ടിയെ പോലെ
നിവര്‍ന്നൊരു
നടത്തം തുടങ്ങി.
പുഴ തെറിയും പറഞ്ഞ്
ഷോപ്പിങ്ങ് മാളിലേക്ക് കയറി,
കണ്ടതെല്ലാം പുറം കാലിന്
ചവിട്ടിത്തെറിപ്പിച്ച്
മണിമേടകളിലേക്ക് കയറി,
കയ്യില്‍ കിട്ടിയതെല്ലാം
ഓളക്കൈകളില്‍
വലിച്ചുവാരി
പുറത്തേക്കെറിഞ്ഞു.
വീട്ട് സാമാനങ്ങളും
തലയില്‍ ചുമന്ന് വന്ന
നേതാവിന്‍റെയും പൊണ്ടാട്ടിയുടെയും
തുണി പറിച്ചെറിഞ്ഞു,
'കലിപ്പ് തീരണില്ലല്ലോ
തള്ളേ'ന്നും പറഞ്ഞ്
തഹസില്‍ദാരുടെയും
വില്ലേജോഫീസറുടെയും
താലൂക്ക് സര്‍വ്വയറുടെയും
ഭവനങ്ങളിലേക്കിരച്ചു കയറി,
പുറമ്പോക്ക് പതിച്ചു കൊടുത്തതിന്
സമ്മാനമായി കിട്ടിയ
ആധുനികോപകരണങ്ങളെയെല്ലാം
മുക്രയിട്ട് ചാകും വരെ
കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു,
മുന്തിയ മാര്‍ബിള്‍ തറയിലും
തിളങ്ങുന്ന ഷോക്കേസിലും
ചെളി വാരിയെറിഞ്ഞു.
കലിതീരാതെ പുഴ
തലങ്ങും വിലങ്ങുമോടി.
പഴയ പുഴയോരത്ത് വന്ന്
നനഞ്ഞ മണ്ണില്‍
കവിള്‍ ചേര്‍ത്ത് കിടന്നു.
പുതുമഴയില്‍ മുള പൊട്ടിയ
കണ്ടല്‍ക്കാടിന്‍ കുഞ്ഞുങ്ങളെ
കെട്ടിപ്പിടിച്ച്,
ജെ സി ബിയിടിച്ച്
ചതഞ്ഞരഞ്ഞ് പോയ
അവരുടെ അപ്പനപ്പൂപ്പന്മാരുടെ
പേരെടുത്ത് വിളിച്ച്,
ഏങ്ങിയേങ്ങിക്കരഞ്ഞ്
മണ്ണെടുത്തുപോയ
ഗര്‍ത്തങ്ങളിലേക്ക്
മുട്ടുകുത്തിയിരുന്ന്
ഓളക്കൈകളുയര്‍ത്തി
ദൈവമേ അങ്ങിതൊന്നും
കാണുന്നില്ലേയെന്ന്
ആര്‍ത്തനാദമുതിര്‍ത്തു, പുഴ.
മണ്ണുമാഫിയ തലവനായ
'വിപ്ലവ'നേതാവപ്പോള്‍
ദുരിതാശ്വാസ ക്യാമ്പില്‍
സാമ്പാറ് വിളമ്പുകയായിരുന്നു.
ചുടുചോറിലേക്കും
സാമ്പാറിലേക്കും നോക്കി
പാവങ്ങളെല്ലാം
കൈകൂപ്പി നിന്നു.
കൂപ്പിയ കൈകളിലെ
ചൂണ്ടുവിരല്‍ നോക്കി ,
അതില്‍ വീഴാന്‍ പോകുന്ന
മഷിപ്പാട് നോക്കി ,
നമ്രശിരസ്‌കനായ്
നേതാവ് പിന്നെയും
സാമ്പാറ് വിളമ്പി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...